ഇന്നേക്കു പത്തുദിവസം മുന്പാണ് ഹമാസിന്റെ പരമോന്നത നേതാവായിരുന്ന യഹ്യ സിൻവർ കൊല്ലപ്പെട്ടത്. ഒക്ടോബർ ഏഴിന്റെ ഹമാസ് ഭീകരാക്രമണം കഴിഞ്ഞശേഷം ഇസ്രയേൽ അന്വേഷിച്ചുകൊണ്ടിരുന്ന ആളാണു യഹ്യ സിൻവർ. ഭീകരാക്രമണത്തിന്റെ മുഖ്യ ആസൂത്രകനായിരുന്ന സിൻവർ, ഹമാസിന്റെ തലവനായിരുന്ന ഇസ്മായിൽ ഹനിയയുടെ വധത്തിനുശേഷം ആ സ്ഥാനത്തെത്തിയ ആളാണ്. ആകസ്മികമായാണ് സിൻവർ ഇസ്രയേൽ സൈനികരുടെ വെടിയേറ്റു മരിക്കുന്നത്.
തെക്കൻ ഗാസയിലെ റാഫാ പട്ടണത്തിൽ പട്രോളിംഗ് നടത്തിക്കൊണ്ടിരുന്ന ഇസ്രയേൽ സൈനികർ അവിടെ ഒരു കെട്ടിടത്തിലേക്ക് 16നു രാവിലെ സംശയകരമായ സാഹചര്യത്തിൽ ഒരാൾ വരികയും പോകുകയും ചെയ്യുന്നതു ശ്രദ്ധിച്ചു. ഉച്ചകഴിഞ്ഞു നടത്തിയ ഡ്രോൺ നിരീക്ഷണത്തിൽ മൂന്നാളുകൾ മൂടിപ്പുതച്ചു പുറത്തേക്കിറങ്ങുന്നതും കണ്ടു. സൈനികർ വെടിയുതിർത്തു. തിരിച്ചു വെടിവയ്പുണ്ടായി. മൂന്നാമൻ സൈനികരുടെ നേർക്ക് രണ്ട് ഗ്രനേഡുകൾ എറിഞ്ഞു. പിറ്റേന്നാണ് ഇയാൾ സിൻവർ ആണെന്ന് ഇസ്രേലി സേന ഉറപ്പാക്കിയത്. സൈനികവേഷം ധരിച്ചിരുന്ന സിൻവറിന്റെ പക്കൽ ഒരു ഗ്രനേഡും തോക്കും 40,000 ഇസ്രേലി ഷെക്കലും ഒരു വ്യാജ പാസ്പോർട്ടും ഉണ്ടായിരുന്നു.
ഗാസയിലെ ഖാൻ യൂനിസ് അഭയാർഥിക്യാന്പിൽ 1962ലാണ് സിൻവറിന്റെ ജനനം. ഗാസയിലെ ഇസ്ലാമിക് യൂണിവേഴ്സിറ്റിയിൽനിന്ന് അറബിക് സ്റ്റഡീസിൽ ബിരുദം നേടി. 20-ാം വയസിൽത്തന്നെ വിധ്വംസക പ്രവർത്തനങ്ങൾക്ക് അറസ്റ്റിലായി. ഇസ്രയേലുമായി സഹകരിക്കുന്നവരെ കണ്ടെത്തി കൊല്ലുന്നതിനുവേണ്ടി ഒരു സംഘടനതന്നെ സ്ഥാപിച്ചു. ‘ഖാൻ യൂനിസിലെ കശാപ്പുകാരൻ’ എന്ന പേരുണ്ടായത് അങ്ങനെയാണ്.
1988ൽ രണ്ട് ഇസ്രേലി സൈനികരെയും നാല് പലസ്തീൻ സഹകാരികളെയും തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതിന് ഇസ്രേലി പോലീസിന്റെ പിടിയിലായി. പിറ്റേ വർഷം നാലു ജീവപര്യന്തം തടവാണ് ഒന്നിച്ചു ലഭിച്ചത്. ജയിലിൽവച്ചുതന്നെ പലസ്തീനികളായ ഒറ്റുകാരെ കണ്ടെത്തി ശിക്ഷിക്കാൻ സിൻവർ ശ്രദ്ധിച്ചിരുന്നു. പുറത്തുള്ള ഹമാസ് നേതാക്കളുമായി ബന്ധം പുലർത്തിക്കൊണ്ടുമിരുന്നു. ജയിലറയിൽനിന്ന് ഒരു തുരങ്കം കുഴിക്കാനും ശ്രമിച്ചു.
ഇസ്രയേലിന്റെ ജനാധിപത്യം
ജയിലിൽവച്ച് സിൻവർ ഹീബ്രു ഭാഷ നന്നായി പഠിച്ചു. യഹൂദ ചരിത്രവും രാഷ്ട്രതന്ത്രവും സിയോണിസവും അരച്ചുകലക്കി പഠിക്കാൻ ഇസ്രയേൽ ഓപ്പൺ യൂണിവേഴ്സിറ്റിയുടെ 15 കോഴ്സുകളിൽ വിദ്യാർഥിയായി ചേർന്നു. ശത്രുവിനെ അടുത്തറിയാൻ ഇതു വേണമെന്നാണ് സിൻവർ പറഞ്ഞത്.
ജയിലിനകത്ത് ഹമാസ് യൂണിറ്റിന്റെ നേതാവായിരുന്നു സിൻവർ. 2004ൽ സിൻവറിന്റെ ബ്രെയിൻ ട്യൂമർ സൊറോക്കാ മെഡിക്കൽ സെന്ററിൽവച്ച് ഇസ്രേലി ഡോക്ടർമാർ നീക്കം ചെയ്തു. ഇസ്രയേലിന്റെ ജനാധിപത്യ സംവിധാനങ്ങളെല്ലാം എത്ര നിഷ്പക്ഷമായും നിരാക്ഷേപപരമായും പ്രവർത്തിക്കുന്നുവെന്ന് ഗ്രഹിക്കാനും ജയിൽവാസം സിൻവറിനു സഹായകമായി. പക്ഷേ, തന്റെ കർശന നിലപാടുകളും കഠിന ശത്രുതയും കുറയ്ക്കാൻ സിൻവർ തയാറായില്ല. ആയിരത്തിലേറെ തടവുകാരെ കൈമാറിയ ഇസ്രയേലുമായുള്ള സംഭാഷണത്തിൽനിന്നു സിൻവറിനെ ഹമാസ് മാറ്റിനിർത്തുകയുണ്ടായി. സായുധ ആക്രമണത്തിലൂടെ ഇസ്രയേലിനെ തുടച്ചുനീക്കാൻ പ്രതിജ്ഞാബദ്ധനായ സിൻവറിന് ഒരു ചർച്ചയും അംഗീകരിക്കാനാകില്ല. കൂടുതൽ ഇസ്രേലി സൈനികരെ തട്ടിക്കൊണ്ടുപോകണമെന്ന് മോചനത്തിനു ശേഷവും ആഹ്വാനം ചെയ്തുകൊണ്ടിരുന്നു. പലസ്തീൻ നേതാവായിരുന്ന മഹമൂദ് ഇഷ്ത്വിയുടെ മരണത്തിൽ സിൻവറിനും പങ്കുണ്ടായിരുന്നു.
2017ൽ ഹമാസിന്റെ തലവനായി സിൻവർ തെരഞ്ഞെടുക്കപ്പെട്ടു. പലസ്തീനെ ചർച്ചകൊണ്ടല്ല, ബലപ്രയോഗംകൊണ്ടു സ്വതന്ത്രമാക്കുക എന്ന ജീവിതലക്ഷ്യം നേടുകയായിരുന്നു തലവന്റെ പ്രഖ്യാപിതലക്ഷ്യം. 2021ൽ വീണ്ടും നാലുവർഷത്തേക്കു തലവനായി തെരഞ്ഞടുക്കപ്പെട്ട സിൻവർ അധികാരം തന്നിൽ കേന്ദ്രീകരിച്ചു. ഖത്തറിലെ പ്രവാസി ഹമാസ് നേതൃത്വത്തെ പോലും പലപ്പോഴും ഇരുട്ടിൽ നിർത്തി. 2022ലാണ് ഒക്ടോബർ ഏഴിന്റെ ആക്രമണം ആസൂത്രണം ചെയ്യാൻ തുടങ്ങിയത്. സിൻവറും മൊഹമ്മദ് ദേയിഫുമാണ് പദ്ധതി തയാറാക്കിയത്. രണ്ടാം ലോകയുദ്ധം കഴിഞ്ഞാൽ ഏറ്റവുമധികം യഹൂദരെ ഒറ്റയടിക്കു കൊന്നുകളഞ്ഞ ഒക്ടോബർ ഏഴിന്റെ സൂത്രധാരനായ സിൻവറിനെ യൂറോപ്യൻ യൂണിയൻ ഭീകരനായി പ്രഖ്യാപിച്ചു. നിരപരാധികളായ സാധാരണക്കാരെ മനുഷ്യകവചമായി ഉപയോഗിച്ച്, തുരങ്കങ്ങളിൽ ഒളിജീവിതം നയിച്ച സിൻവറിന്റെ അന്ത്യം ഭീകരപ്രവർത്തനത്തിലൂടെ സമാധാനം സ്ഥാപിക്കാൻ ശ്രമിക്കുന്നവർക്കു പാഠമാണ്.
സ്വപ്നാടകനായ ഭീകരവാദി
മതപരമായ തീവ്രവാദത്തിന്റെ ഇരയായിരുന്നു യഹ്യാ സിൻവർ. രാഷ്ട്രീയവും സാമൂഹികവുമായ യാഥാർഥ്യങ്ങൾ കണ്ടില്ലെന്നു നടിച്ചുകൊണ്ട് സ്വപ്നലോകത്തിൽ വിഹരിക്കുകയായിരുന്നു സിൻവർ. ക്രൈസ്തവരും യഹൂദരും ഇല്ലാത്ത ഒരു ലോകം ഉണ്ടാക്കുന്നതിനുവേണ്ടി കൊല്ലും കൊലയുമാണ് മാർഗമെന്നു കരുതി. ജനാധിപത്യമോ മനുഷ്യാവകാശമോ ചരിത്രവസ്തുതകളോ അയാൾക്കു ബാധകമല്ല. സ്വപ്നാടകനായ ഈ ഭീകരവാദിയെ മഹത്വവത്കരിക്കുന്നവർ ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും ശത്രുക്കളാണ്.
ഒക്ടോബർ ഏഴിന്റെ ഭീകരാക്രമണത്തിലേക്കു സിൻവറിനെ നയിച്ച കാരണങ്ങൾ എന്തൊക്കെയാണ്? പല ഉത്തരങ്ങളാണു പുറത്തേക്കു വരുന്നത്. സൗദി- ഇസ്രയേൽ സൗഹൃദം തകർക്കുക, നെതന്യാഹുവിനെ യുദ്ധത്തിലേക്കു തള്ളിവിട്ടുകൊണ്ട് ഇസ്രേലി സമൂഹത്തെ വിഭജിക്കുക, പലസ്തീനികളുടെ ഏക രക്ഷകനായി അവരോധിക്കപ്പെടുക എന്നിങ്ങനെ. ആധുനിക കാലത്തിന്റെ പ്രശ്നപരിഹാരമാർഗങ്ങളായ ചർച്ചയും നയതന്ത്രവും ഒഴിവാക്കി ആയുധവും അക്രമവുംകൊണ്ടുമാത്രം ഇസ്രയേലിനെ മുട്ടുകുത്തിക്കാമെന്നാണു സിൻവർ വിചാരിച്ചത്. ഒക്ടോബർ ഏഴിന് ഇസ്രയേൽ തോൽക്കുമെന്നുള്ള സങ്കൽപ്പത്തിൽ വിമോചിത പലസ്തീനെപ്പറ്റി സിൻവറും കൂട്ടരും പദ്ധതികൾ തയാറാക്കിയിരുന്നുവത്രെ! വിദ്യാസന്പന്നരായ യഹൂദരെ അടിമകളാക്കാനും ഇസ്രയേലികളോടു സഹകരിക്കുന്ന അറബികളെ കൊല്ലാനും ആലോചന നടന്നിരുന്നുവെന്നാണു റിപ്പോർട്ടുകൾ.
ഒക്ടോബർ ഏഴിനുശേഷം ഇസ്രേലി സേന കണ്ടെത്തിയ ഹമാസിന്റെ രേഖകൾ പ്രകാരം കൂടുതൽ ഇസ്രയേലി പ്രദേശങ്ങളിലേക്കു കടന്നുകയറാൻ അവർ ഉദ്ദേശിച്ചിരുന്നു; അതുപോലെ വടക്കുനിന്ന് ഹിസ്ബുള്ള ഗലീലി ആക്രമിക്കാനും. ഗാസയിൽനിന്നു വെസ്റ്റ് ബാങ്കിലേക്കുള്ള 50 കിലോമീറ്റർ കീഴടക്കി ഇസ്രയേലിനെ വിഭജിക്കാമെന്നും ഇസ്രയേലിലെ അറബികൾ വിപ്ലവം നടത്തുമെന്നും ഇറാൻ ഇസ്രയേലിനെ നേരിട്ടാക്രമിക്കുമെന്നും ഈജിപ്തും ജോർദാനും തുർക്കിയും സഹായിക്കുമെന്നും അങ്ങനെ നദി മുതൽ കടൽ വരെ സ്വതന്ത്ര പലസ്തീൻ പതാക പാറിക്കളിക്കുമെന്നും സിൻവർ സ്വപ്നം കണ്ടു. ഭീകരാക്രമണത്തിനുശേഷം ഇസ്രയേൽ പ്രതികരിക്കാൻ വൈകിയത് ഹമാസിന്റെ സ്വപ്നങ്ങൾക്കു നിറംപകരുകയും ചെയ്തു.
കണക്കുകൂട്ടൽ പിഴച്ചു
സിൻവർ തന്റെ സുഹൃത്തുക്കളെയും ശത്രുവിനെയും വിലയിരുത്തിയതു തെറ്റി എന്നതാണു വാസ്തവം. ഹിസ്ബുള്ള ഒക്ടോബർ ഏഴിന് എന്തുകൊണ്ട് വടക്കൻ ഇസ്രയേലിൽ ആക്രമണം അഴിച്ചുവിട്ടില്ല എന്നത് ഒരു കടംകഥയാണ്. ഹമാസിന്റെ പദ്ധതികളെപ്പറ്റി ഹിസ്ബുള്ളയും അവരുടെ സ്പോൺസറായ ഇറാനും അറിയുന്നുണ്ടായിരുന്നുതാനും. ഇസ്രയേലാകട്ടെ തുടക്കത്തിലെ മരവിപ്പിനുശേഷം അത്യുഗ്രമായി തിരിച്ചടിക്കാനും തുടങ്ങി. ഒരു വർഷമായിട്ടും അവരുടെ ആയുധശേഷിക്കു കുറവു വന്നിട്ടില്ല, ഒരേസമയം ഗാസയിലും വെസ്റ്റ്ബാങ്കിലും ഗോലാനിലും ലബനനിലും ശ്രദ്ധിക്കണമെന്നിരുന്നിട്ടും. മാത്രമല്ല, സ്വയം പ്രതിരോധത്തിനുള്ള ഇസ്രയേലിന്റെ അവകാശം യുഎന്നിലെ ഒരംഗമായ ഇസ്രയേലിനു വകവച്ചുകൊടുക്കാൻ ഭൂരിപക്ഷം ലോകരാജ്യങ്ങൾക്കും മടിയുമില്ല.
ഹമാസിന്റെ തുരങ്കങ്ങളിലേക്ക് ഇസ്രേലി ഭടന്മാർ കയറിച്ചെല്ലുമെന്നു ഹമാസ് കരുതിയിരുന്നില്ല എന്നാണു നിഗമനം. ഒരു രാഷ്ട്രത്തിന്റെ സുശിക്ഷിതവും സുസജ്ജവുമായ സൈന്യത്തോട് ഏറ്റുമുട്ടാനുള്ള ആയുധശേഷിയോ ആൾബലമോ സാങ്കേതിക മികവോ ഒരു ഭീകരസംഘടനയായ ഹമാസിന് ഇല്ലെന്നു വ്യക്തമായി. ഏതാണ്ട് 20,000 ഹമാസ് ഭീകരർ മരിച്ചിട്ടുണ്ടാകും. ഇതുവരെ നടന്ന നാലു ഗാസാ യുദ്ധങ്ങളിൽ മരിച്ചവരുടെ എണ്ണത്തേക്കാൾ കൂടുതലാണിത്.
ഇസ്രയേലുമായി ഒരു വെടിനിർത്തൽ കരാറിൽ ഏർപ്പെട്ടിരുന്നെങ്കിൽ സിൻവർ ഇപ്പോഴും ജീവനോടെ ഇരിക്കുമായിരുന്നു. ദീർഘമായ ഒരു രക്തരൂക്ഷിത യുദ്ധം തങ്ങൾക്ക് അനുകൂലമാകുമെന്ന സിൻവറിന്റെ പ്രതീക്ഷ അസ്ഥാനത്തായി. അത് ഇസ്രയേലിനാണ് അനുകൂലമായത്. ഹമാസിന്റെയും സഖ്യകക്ഷിയായ ഹിസ്ബുള്ളയുടെയും നേതൃനിരയെ ഇസ്രയേൽ തുടച്ചുനീക്കി, അവരുടെ ആയുധശേഖരത്തിന്റെ മൂന്നിൽ രണ്ടു ഭാഗവും. ഹിംസകൊണ്ട് വിജയം നേടാമെന്നു കരുതിയ സിൻവർ, യാസർ അറാഫത്തിന്റെ പ്രായോഗിക രാഷ്ട്രീയത്തിന്റെ നേർവിപരീത ധ്രുവത്തിലാണ്. ഹിംസാത്മക വിപ്ലവത്തിന്റെ പ്രയോക്താവ് എന്നായിരിക്കും ചരിത്രം സിൻവറിനെ അടയാളപ്പെടുത്തുക.
ഭ്രാന്തമായ പകയും ഭ്രമാത്മകമായ മോഹങ്ങളുംകൊണ്ട് യാഥാർഥ്യങ്ങളെ മറന്ന സിൻവർ തീവ്ര ഇസ്ലാമികവാദത്തെ പിന്തുണയ്ക്കുന്ന ഇടതുപക്ഷ കൂട്ടായ്മകളുടെ പിന്തുണയിൽ വിശ്വസിച്ചു. ഇസ്രയേലിൽ നടക്കുന്നത് വർണവിവേചനവും വംശഹത്യയുമാണെന്നുള്ള ആരോപണം ഇസ്രയേലിലുള്ള അറബികൾക്കുപോലും സ്വീകാര്യമല്ല എന്നതാണു വാസ്തവം. പല ഇസ്ലാമിക രാജ്യങ്ങളിലെയും മുസ്ലിംകളേക്കാൾ സ്വതന്ത്രരാണ് ഇസ്രയേലിലെ മുസ്ലിംകൾ.
ഇസ്രയേലിൽവച്ച് ഏറ്റവുമധികം ഇസ്രേലികളെ വധിച്ചതിനുള്ള റിക്കാർഡ് സിൻവറിനുള്ളതാണ്. ഒക്ടോബർ ഏഴിന്റെ കൊലപാതക, ബലാത്സംഗ പരന്പരകൾക്കു ശേഷവും സിൻവർ ഇടതുപക്ഷത്തിനും ഖത്തർ, തുർക്കി, റഷ്യ, സൗത്ത് ആഫ്രിക്ക മുതലായ രാജ്യങ്ങൾക്കും അസ്പൃശ്യനായിരുന്നില്ല (പശ്ചിമേഷ്യയിലെ ഏറ്റവും വലിയ അമേരിക്കൻ സൈനികതാവളം ഖത്തറിലാണ്).
ഇസ്രയേലുമായി യുദ്ധത്തിലേർപ്പെടുന്നത് ആത്മഹത്യാപരമാണെന്ന പാഠം, ഭീകരവാദികളെ ആയുധം താഴെവച്ചു ചർച്ചാമേശയിലേക്കു നയിക്കാൻ പ്രേരിപ്പിക്കണം. ഇസ്രേലി ജയിലിലെ ചോദ്യംചെയ്യൽ വേളയിൽ സിൻവർ യഹൂദ ഉദ്യോഗസ്ഥനോട്, ഭാവിയിൽ അയാൾ തടവിലാക്കപ്പെടുന്പോൾ താനായിരിക്കും അയാളെ ചോദ്യംചെയ്യുക എന്നു പറഞ്ഞത്രെ!