“സഹായിക്കാനെത്തിയത് ഒട്ടേറെ ആളുകളും സംഘടനകളുമാണ്. തുണിയും അരിയും സാധനങ്ങളുമൊക്കെ തന്നു. പക്ഷെ, ഇതൊക്കെ സൂക്ഷിക്കാനും ഒരു ഇടം വേണ്ടേ? വീടു നശിച്ചു പെരുവഴിയിലായവർ ഇനി എങ്ങനെ ജീവിക്കുമെന്നോർത്തു തീ തിന്നുകയാണ്. പുനരധിവാസം നടക്കുന്നില്ല.
വീടു നശിച്ചവർക്ക് എത്രയും പെട്ടന്നു സുരക്ഷിത ഇടം ഒരുക്കുകയല്ലേ ചെയ്യേണ്ടത്? പക്ഷെ വീട്ടുവാടക പോലും സർക്കാർ കൃത്യമായി കൊടുക്കുന്നില്ല. ഉള്ളുരുകി കഴിയുന്പോൾ കിലോക്കണക്കിന് അരിയും വസ്ത്രവും കിട്ടിയിട്ട് എന്തു കാര്യം? ഇത് ഉപയോഗിക്കാനുള്ള മാനസികാവസ്ഥയും ഉണ്ടാവേണ്ടേ?” വീടും കൃഷിയിടവും നശിച്ച വിലങ്ങാട്ടെ ഒരു ഗൃഹനാഥൻ ഇതു പറഞ്ഞതു പേരു വെളിപ്പെടുത്തരുതെന്ന അഭ്യർഥനയോടെയാണ്. സത്യമാണ് പറയുന്നത്. പക്ഷെ എന്റെ പേരു പുറത്തുവന്നാൽ ചിലർക്ക് രസിക്കില്ല. സർക്കാരിനെ മോശമാക്കിയെന്നൊക്കെയാണ് കുറ്റപ്പെടുത്തലുകളെന്നും ആ ഗൃഹനാഥൻ പറയുന്നു.
ഒരു തരത്തിൽ പറഞ്ഞാൽ ചെകുത്താനും കടലിനും നടുക്കാണ് വിലങ്ങാട്ടെ ഉരുൾപൊട്ടൽ ദുരിതബാധിതർ. ദുരിതജീവിതത്തിനിടയിൽ രാഷ്ട്രീയ ലാക്കുള്ളവരുടെ ചരടുവലികൾ സൃഷ്ടിക്കുന്ന മാനസികാഘാതംകൂടി പേറിയാണ് പലരും ദിവസങ്ങൾ തള്ളിനീക്കുന്നത്.
ഒരുപാട് സങ്കടങ്ങളുണ്ട് ദുരിതബാധിതർക്ക്. പക്ഷെ ആരോടു പറയാൻ. വിലങ്ങാട് വില്ലേജ് ഓഫീസിലെ ജീവനക്കാർ ഭൂരിഭാഗവും മാറി. ഞങ്ങളുടെ കാര്യം എന്തായി എന്നു ചോദിക്കുന്പോൾ ഞങ്ങളൊന്നു പഠിക്കട്ടെയെന്നാണ് പുതുതായെത്തിയ ജീവനക്കാരുടെ പ്രതികരണമെന്നും ഗൃഹനാഥൻ പറയുന്നു.
വീടും 40.25 സെന്റ് കൃഷിയിടവും നഷ്ടപ്പെട്ട മറ്റൊരു കർഷകനായ കല്ലുവേലിക്കുന്നേൽ ജോർജ് ജോസഫിനുമുണ്ട് കയ്പേറിയ അനുഭവങ്ങൾ. ആധാരം, 16 പവൻ സ്വർണാഭരണങ്ങൾ, മറ്റു വിലപിടിപ്പുള്ള രേഖകൾ, വസ്ത്രങ്ങൾ, ഫർണിച്ചറുകൾ എന്നിവയെല്ലാം മലവെള്ളപ്പാച്ചിലിൽ നശിച്ചു. വലിയ പാറക്കല്ല് വന്നിടിച്ച് വീടിന്റെ മുക്കാൽഭാഗവും തകർന്നു.
വീടിനുള്ളിൽ നിറയെ ചെളിയും കല്ലും നിറഞ്ഞിരിക്കുകയാണ്. ഒരു ബീമിന്റെ ബലത്തിലാണ് മേൽക്കൂര പിടിച്ചുനിൽക്കുന്നത്. ഇനി ഒരു തരത്തിലും ആ വീടിനുള്ളിലേക്കു പ്രവേശിക്കാനാവില്ല. അത്രമാത്രം അപകടകരമായി സ്ഥിതി ചെയ്യുന്ന ആ വീടിനെ ഭാഗികമായി തകർന്ന വീടുകളുടെ പട്ടികയിലാണ് അധികൃതർ ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് ജോർജ് ജോസഫ് പറയുന്നു.
ദുരിതബാധിതർക്ക് നഷ്ടപ്പെട്ട സർട്ടിഫിക്കറ്റുകൾ തിരിച്ചെടുക്കുന്നതിനായി വിവിധ വകുപ്പുകൾ സംയുക്തമായി ഓഗസ്റ്റ് 16ന് വിലങ്ങാട് പാരിഷ് ഹാളിൽ സർട്ടിഫിക്കറ്റ് അദാലത്ത് നടത്തിയിരുന്നു. 199 അപേക്ഷകൾ ലഭിച്ചതിൽ 105 സർട്ടിഫിക്കറ്റുകളാണ് പുനഃസ്ഥാപിച്ചു നൽകിയത്. ആധാർ കാർഡ്, വിവാഹ സർട്ടിഫിക്കറ്റ്, മരണ സർട്ടിഫിക്കറ്റ് തുടങ്ങിയവയുടെ പകർപ്പ് അധികൃതർ നൽകി. എന്നാൽ, വാഹനത്തിന്റെ ആർസി ബുക്ക്, പാൻ കാർഡ്, ആധാരം തുടങ്ങിയവയ്ക്കായി അപേക്ഷ നൽകിയവരെ അദാലത്തിൽ കൈയൊഴിഞ്ഞു.
സർക്കാരിന്റെ അറിയിപ്പു കണ്ട് ആധാരം വീണ്ടെടുക്കാനായി രജിസ്ട്രാർ ഓഫീസുമായി ബന്ധപ്പെട്ടപ്പോൾ ഫീസ് ഒടുക്കണമെന്നായിരുന്നു ജോർജ് ജോസഫിനു ലഭിച്ച നിർദേശം. നഷ്ടപരിഹാരം ലഭിക്കാനായി അപേക്ഷ നൽകണമെങ്കിൽ നികുതി രസീതും മുദ്രപത്രവും വേണം. ദുരിതബാധിതർ എന്ന പരിഗണന അധികൃതർ നൽകിയില്ല. നികുതിയടച്ച് രസീത് കൈപ്പറ്റേണ്ടി വന്നുവെന്നു, വാടകവീട്ടിൽ കഴിയുന്ന ജോർജ് ജോസഫ് പറഞ്ഞു.
വ്യാപാര മാന്ദ്യത്തിൽ വിലങ്ങാട് അങ്ങാടി
വിലങ്ങാട് അങ്ങാടിയിലിപ്പോൾ പഴയ ആരവങ്ങളൊന്നുമില്ല. ഉരുൾപൊട്ടലിൽ ഒൻപതു കടകളാണ് പൂർണമായും നശിച്ചത്. നാൽപതോളം കടകളിൽ വെള്ളം കയറി വ്യാപാരികൾക്ക് കനത്ത നാശമുണ്ടായി. സർക്കാർ സംവിധാനങ്ങളൊന്നും വ്യാപാരികളോടു കനിഞ്ഞില്ല. ദുരന്തമുണ്ടായി 27-ാം ദിവസം 30 ലക്ഷം രൂപയോളം നൽകി വിലങ്ങാട്ടെ വ്യാപാരികളെ നെഞ്ചോടു ചേർത്തു നിർത്തിയത് വ്യാപാരി വ്യവസായി ഏകോപന സമിതിയാണ്. മൂന്നു വ്യാപാരികൾക്ക് സൗജന്യമായി കടമുറികൾ നിർമിച്ചുനൽകാനും വ്യാപാരി സംഘടന പദ്ധതിയിട്ടിട്ടുണ്ട്. വിലങ്ങാട്, മഞ്ഞച്ചീളി പ്രദേശങ്ങളിലുണ്ടായ ഉരുൾപൊട്ടലിന്റെ പ്രത്യാഘാതമാണ് വിലങ്ങാട് അങ്ങാടിയിലിപ്പോൾ കാണാൻ കഴിയുന്നത്.
ഉരുൾപൊട്ടലിനു മുൻപ് കോഴിക്കോട്ടുനിന്ന് ഓരോ ആഴ്ചയിലും വിലങ്ങാട് അങ്ങാടിയിലേക്ക് ലോറിയിൽ സാധനങ്ങൾ എത്തിയിരുന്നു. ഉരുൾപൊട്ടലിനു ശേഷം രണ്ടരമാസത്തിനുള്ളിൽ ആകെ രണ്ടു തവണയാണ് വിലങ്ങാട്ടേക്ക് ലോഡ് എത്തിയതെന്നും അത്രയ്ക്കും വലിയ വ്യാപാരമാന്ദ്യമാണ് ഇവിടെ സംഭവിച്ചിരിക്കുന്നതെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി വിലങ്ങാട് യൂണിറ്റ് സെക്രട്ടറി റെനി തോമസ് പറയുന്നു.
മത്സ്യ, മാംസ സ്റ്റാളുകളിൽ കച്ചവടം തീരെ കുറഞ്ഞു. ഉരുൾപൊട്ടലിനിരയായതിൽ ഒട്ടേറെ കൂലിവേലക്കാരുമുണ്ട്. ദുരിതബാധിത മേഖലകളിൽ കൃഷിപ്പണികൾ നിലച്ചു. തൊഴിലില്ലായ്മ രൂക്ഷമാണ്. മഴ തുടരുന്നതിനാൽ ചെറുകിട റബർ കർഷകർക്കാകട്ടെ ടാപ്പിംഗ് നടത്താനാവുന്നില്ല. തൊഴിലവസരം കുറഞ്ഞതോടെ ആദിവാസി, പിന്നാക്ക വിഭാഗങ്ങളുടെ അവസ്ഥയും മോശമാണ്. ദിവസവേതനമായി സർക്കാർ പ്രഖ്യാപിച്ച 300 രൂപ ഒരു മാസം മാത്രമാണ് ലഭിച്ചത്. ആളുകളുടെ കൈയിൽ പണമുണ്ടെങ്കിലേ അങ്ങാടി ഉണരുകയുള്ളൂ. കാര്യങ്ങളൊക്കെ ശരിയാകണമെങ്കിൽ താമസംവിനാ സർക്കാർ സഹായമെത്തിക്കുകയാണ് വേണ്ടതെന്നും റെനി തോമസ് അഭിപ്രായപ്പെടുന്നു.
ദുരിതബാധിതരുടെ മനോനില പരീക്ഷിച്ച് ചുവപ്പുനാട
സർക്കാർ തലത്തിൽ പുനരധിവാസ നടപടികൾ വൈകുന്നത് ദുരിതബാധിതരുടെ മനോനിലയെ സാരമായി ബാധിക്കുന്നുണ്ട്. സർക്കാർ അവസാനം കൈമലർത്തുമെന്ന മുൻവിധികളൊന്നും സത്യമാകരുതേയെന്ന പ്രാർഥനയോടെയാണ് ദുരിതബാധിതർ കഴിയുന്നത്. വയനാടിനൊപ്പം വിലങ്ങാടിനും കോടിക്കണക്കിനു രൂപയുടെ സഹായ വാഗ്ദാനം സ്വകാര്യ വ്യക്തികളിൽനിന്നും സംഘടനകളിൽനിന്നുമായി സർക്കാരിനു ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ പുനരധിവാസം ഫലപ്രദമായി നടപ്പാക്കുന്നതിനു തടസമായി മാറിയിരിക്കുന്നത് സർക്കാർ ഓഫീസുകളിലെ ചുവപ്പുനാടയാണ്.
വിലങ്ങാട് ഉൾപ്പെടുന്ന വാണിമേൽ പഞ്ചായത്തിൽ നിലവിൽ പഞ്ചായത്ത് സെക്രട്ടറി ഇല്ലാത്ത വിഷയം ഗൗരവതരമാണെന്നു കീഴുദ്യോഗസ്ഥരെ ബോധ്യപ്പെടുത്താൻ പരാതിപ്രളയത്തിനൊടുവിൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരനു തിരുവനന്തപുരത്തുനിന്നു വിലങ്ങാട്ട് എത്തേണ്ടി വന്നു. വലിയൊരു പ്രകൃതിദുരന്തം നടന്ന സ്ഥലത്തെ വില്ലേജ് ഓഫീസിനു നാഥനില്ലാത്ത അവസ്ഥ സംഭവിക്കാൻ പാടില്ലെന്നായിരുന്നു ചീഫ് സെക്രട്ടറിയുടെ പ്രതികരണം. സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിൽനിന്നും മുഖ്യമന്ത്രിയുടെ പുനരധിവാസ നിധിയിൽനിന്നുമാണ് ദുരിതബാധിതർക്കു സഹായം നൽകേണ്ടത്.
ദുരന്ത നിവാരണ ഫണ്ടിൽനിന്നുള്ള തുക നൽകിക്കഴിഞ്ഞുവെന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്നുള്ള സഹായമാണ് വൈകുന്നതെന്നും ഉദ്യോഗസ്ഥർ പറയുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിൽനിന്നു തുക അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് ഇറങ്ങിയെന്നും രണ്ടു ദിവസത്തിനുള്ളിൽ തുക ബന്ധപ്പെട്ടവർക്കു കൈമാറണമെന്നും ചീഫ് സെക്രട്ടറി കോഴിക്കോട്ടു നടത്തിയ അവലോകന യോഗത്തിൽ ഉദ്യോഗസ്ഥർക്കു നിർദേശം നൽകിയിട്ടുണ്ട്.
അതിനിടെ, ഉരുൾപൊട്ടൽ നടന്നു രണ്ടര മാസത്തിനു ശേഷം വീണ്ടും നഷ്ടങ്ങളുടെ കണക്ക് ശേഖരിക്കാനും അവ തരംതിരിക്കാനുമുള്ള ചീഫ് സെക്രട്ടറിയുടെ നിർദേശങ്ങളും ദുരിതബാധിതരിൽ ആശയക്കുഴപ്പം സൃഷ്ടിച്ചിട്ടുണ്ട്. തരംതിരിച്ച് നാശനഷ്ടങ്ങളുടെ കണക്ക് ലഭ്യമാകുന്നതിന് അനുസരിച്ചേ സർക്കാർ സഹായം ലഭ്യമാവുകയുള്ളൂവെന്നാണ് ചീഫ് സെക്രട്ടറി വ്യക്തമാക്കിയത്.
ഈ സാഹചര്യത്തിൽ കണക്ക് ശേഖരണത്തിന് ഇനിയും കാലതാമസമുണ്ടാകുമോയെന്ന ആശങ്കയും ദുരിതബാധിതർ പങ്കുവയ്ക്കുന്നുണ്ട്. വിലങ്ങാട് ഉരുൾപൊട്ടൽ ദുരിതബാധിതരുടെ പുനരധിവാസം പാളിയെന്ന ആരോപണം ശക്തമായതിനിടെയാണ് ഈ വിഷയത്തിൽ സർക്കാർ എത്രയും പെട്ടന്ന് നടപടി സ്വീകരിക്കുമെന്ന് നിയമസഭയിൽ ഇന്നലെ വീണ്ടും റവന്യുമന്ത്രി കെ. രാജൻ ആവർത്തിച്ചത്.
ഉരുൾപൊട്ടൽ ദുരന്തത്തിൽ 11 കുടുംബങ്ങൾക്ക് പൂർണമായും ഭൂമിയും വീടും നഷ്ടപ്പെട്ടുവെന്നാണ് സർക്കാരിന്റെ ഏറ്റവും ഒടുവിലെ കണക്ക്. 25 വീടുകൾ പൂർണമായും ഒന്പത് വീടുകൾ ഭാഗികമായും തകർന്നു. ഒന്പത് മറ്റ് കെട്ടിടങ്ങളും തകർന്നു. 1.24 ഹെക്ടർ പുരയിടം ഒലിച്ചുപോയി. 250 ഏക്കർ കൃഷിനാശമുണ്ടായി. 58.81 കോടി രൂപയുടെ വ്യക്തിഗത നഷ്ടവും 158 കോടി രൂപയുടെ പൊതുമുതൽ നഷ്ടവുമാണ് ഉണ്ടായത്.