കേരളത്തിൽ ഇരുപത്തിമൂന്നു സ്ഥലങ്ങളിൽ വഖഫ് വസ്തുവകകളുണ്ടെന്ന് 2008ൽ അച്യുതാനന്ദൻ സർക്കാർ നിയോഗിച്ച നിസാർ കമ്മീഷൻ റിപ്പോർട്ടു നല്കിയിട്ടുണ്ടത്രേ. അതിൽ പതിനഞ്ചാമത്തേതാണ് ചെറായി-മുനമ്പം എന്നാണ് അറിയാൻ കഴിയുന്നത്. പക്ഷേ, രസകരമായ കാര്യം, ഇങ്ങനെ ഒരു കമ്മീഷന്റെ അന്വേഷണം മുനമ്പംകാർക്കിടയിൽ നടന്നിട്ടില്ല എന്നതാണ്. മുനമ്പത്തെ വിഷയത്തിൽ മുനമ്പംകാരെ ബന്ധപ്പെടാതെ ഒരു റിപ്പോർട്ടു കൊടുക്കാൻ സർക്കാരിന്റെ ഒരു ഔദ്യോഗിക കമ്മീഷന് സാധിച്ചതെങ്ങനെ?
കോൺഗ്രസ് സർക്കാർ പടച്ചുവിട്ട വഖഫ് നിയമത്തിന്റെ പഴുതുകൾ ഉപയോഗിച്ച് എല്ലാം പിടിച്ചടക്കുന്ന വഖഫ് ബോർഡിന്റെ ശൈലി ഇടതു സർക്കാർതന്നെ തുടങ്ങിവച്ചു എന്നേ കരുതാനാകൂ. വഖഫ് പ്രോപർട്ടിയെന്നു ‘വിശ്വസിക്കാൻ കാരണമുണ്ടെങ്കിൽ’ എന്ന വഖഫ് ആക്ടിലെ 40-ാം വകുപ്പിന്റെ പ്രയോഗം ഇടതുസർക്കാർ നിയോഗിച്ച കമ്മീഷൻതന്നെയാണ് അക്ഷരാർഥത്തിൽ ആദ്യമായി നടത്തിയെടുത്തത് എന്നർഥം!
സിദ്ദിഖ് സേട്ട് ഫാറൂഖ് കോളജിന് ചെയ്തുകൊടുത്ത ആധാരം ഒരിക്കലെങ്കിലും ശ്രദ്ധാപൂർവം വായിച്ചിരുന്നെങ്കിൽ മുനമ്പം കടപ്പുറം വഖഫ് വകയാണെന്ന മണ്ടൻ റിപ്പോർട്ടു നല്കാൻ അവർക്ക് കഴിയുമായിരുന്നില്ല. അത്രയ്ക്കു പ്രകടമാണ് ആ ആധാരത്തിലെ വൈരുധ്യം. ഒരു പ്രമാണം നേരേചൊവ്വേ വായിച്ചുമനസിലാക്കാൻ ജഡ്ജിയായിരുന്നു എന്ന് പറയപ്പെടുന്നയാൾക്ക് കഴിവുണ്ടായിരുന്നില്ല എന്ന് വിശ്വസിക്കാൻ പ്രയാസമാണ്. അത് മനഃപൂർവമായിരുന്നു എന്നു വേണം മനസിലാക്കാൻ.
വഖഫ് ആയി നല്കുന്നു എന്ന് എഴുതിയതുകൊണ്ട് ഒരു പ്രോപർട്ടി വഖഫാകുമോ? “ടി മാനേജുമെന്റ് കമ്മിറ്റിക്കു വേണ്ടി താങ്കൾ കൈവശം വച്ചും കരം തീർത്തും പട്ടയം പിടിച്ചും ക്രയവിക്രയ സർവ സ്വാതന്ത്ര്യത്തിൽ ടി ഫാറൂഖ് കോളജിന്റെ ആവശ്യത്തിന് ഉപയോഗിച്ചു കൊള്ളുന്നതിന് സമ്മതിച്ചിരിക്കുന്നു” എന്ന പ്രസ്താവന വഖഫിനു ചേർന്നതാണോ? കൈമാറ്റം ചെയ്യാനാവാത്ത വിധം തടയപ്പെട്ടത് എന്നർഥമുള്ള ‘വഖഫ്’ ആക്കി ഒരു വസ്തു മാറ്റുമ്പോൾ അതേ ആധാരത്തിൽത്തന്നെ ഫാറൂഖ് കോളജിന് ക്രയവിക്രയത്തിനുള്ള സർവസ്വാതന്ത്ര്യവും നല്കുന്നു എന്നു പറയുന്നതെങ്ങനെ? “ഏതെങ്കിലും കാലത്ത് കോളജ് നടപ്പിൽ ഇല്ലാതിരിക്കുകയും ഇതിൽപെട്ട വസ്തുവകകൾ ശേഷിക്കുകയും ചെയ്യുന്നതായാൽ പട്ടിക വകകൾ മടക്കിയെടുക്കാൻ എനിക്കും എന്റെ പിന്തുടർച്ചാവകാശികൾക്കും അധികാരവും അവകാശവും ഉണ്ടായിരിക്കുന്നതാണ്” എന്ന വ്യവസ്ഥ ഒരിക്കൽ വഖഫ് ആകുന്നത് എന്നേക്കും വഖഫ് എന്ന വഖഫിന്റെ അടിസ്ഥാനപ്രമാണത്തിന് വിരുദ്ധമല്ലേ? തന്റെ ആത്മാവിനു ശാന്തി കിട്ടണമെന്ന നിയോഗവുമായി രൂപപ്പെടുത്തിയിരിക്കുന്ന ഒരു വഖഫ് ഡീഡിന് എന്തു സാധുതയാണ് ഉള്ളത്? ഇത്തരം ചോദ്യങ്ങൾക്കെല്ലാം മറുപടി പറയേണ്ട ബാധ്യതയിലാണ് നിസാർ കമ്മീഷൻ അംഗങ്ങൾ ഇപ്പോൾ.
ഏതായാലും, നിസാർ കമ്മീഷന്റെ റിപ്പോർട്ട് എത്രയും വേഗം പൊതുജനത്തിന് വായിക്കാൻ അവസരമൊരുങ്ങും എന്നു തന്നെയാണ് കരുതപ്പെടുന്നത്!
വഖഫ് ബോർഡിന്റെ വെബ്സൈറ്റ് വ്യക്തമാക്കുന്നത്
വഖഫിനെ 1995ലെ വഖഫ് ആക്്ട് ഇങ്ങനെ നിർവചിക്കുന്നു: ഭക്തിപരമോ മതപരമോ ജീവകാരുണ്യപരമോ ആയി ഇസ്ലാമിക നിയമം അംഗീകരിച്ചിട്ടുള്ള ലക്ഷ്യത്തിനുവേണ്ടി സ്ഥാവരമോ ജംഗമമോ ആയ വസ്തു ഇസ്ലാം മതവിശ്വാസിയായ ഒരാൾ ശാശ്വതമായി സമർപ്പിക്കുന്നതിനെയാണ് വഖഫ് എന്നു വിളിക്കുന്നത്.
കേരള സ്റ്റേറ്റ് വഖഫ് ബോർഡിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ കൊടുത്തിരിക്കുന്ന ഈ വിവരണം തന്നെ മതി, സിദ്ദിഖ് സേട്ടിന്റേത് വഖഫ് ആധാരം ആയിരുന്നില്ല എന്നു വ്യക്തമാകാൻ.
ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പറഞ്ഞത് അതു തന്നെയാണ് 1975 സെപ്റ്റംബർ 30ന് കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വിധിയിയിൽ പ്രതിഫലിക്കുന്നതും. 1960-70കളിൽ ചെറായി-മുനമ്പം പ്രദേശവാസികളും ഫാറൂഖ് കോളജും തമ്മിലുണ്ടായ വ്യവഹാരത്തിലാണ്, ഒരു ‘രജിസ്റ്റേർഡ് ഗിഫ്റ്റ് ഡീഡ്’ പ്രകാരം (‘വഖഫ് ഡീഡ് പ്രകാരം’ എന്നല്ല എന്നു പ്രത്യേകം ശ്രദ്ധിക്കുക) 1.11.1950ൽ സിദ്ദിഖ് സേട്ട് ഫാറൂഖ് കോളജിനു നൽകിയ സ്ഥലം ഫാറൂഖ് കോളജിന്റെ സ്വകാര്യ സ്വത്താണെന്ന വിധി ഹൈക്കോടതി പറഞ്ഞത്.
അതിനുശേഷം 1988 ഡിസംബറിലാണ് ഫാറൂഖ് കോളജ് അധികാരികൾ വസ്തു വിൽക്കാൻ നിയമാനുസൃതം തീരുമാനമെടുത്തത്. 1989 മുതൽ മുനമ്പം ബീച്ച് നിവാസികൾ ഫാറൂഖ് കോളജിന് പണം കൊടുത്ത് സ്ഥലം ആധാരം ചെയ്തെടുത്ത് സ്വന്തമാക്കാൻ തുടങ്ങി.
ഹൈക്കോടതി വ്യക്തമാക്കിയതു വിശ്വസിച്ചും സിദ്ദിഖ് സേട്ടിന്റെ ആധാരത്തിലെ നിബന്ധനകൾ കൃത്യമായി പിന്തുടർന്നും മുനമ്പം ബീച്ചുകാർ ഫാറൂഖ് കോളജിൽനിന്ന് നിലവിലുള്ള വിലയുടെ ഇരട്ടി നല്കി വാങ്ങിയ ഭൂമിയാണ് ഇപ്പോൾ വഖഫ് ബോർഡ് സംസ്ഥാന സർക്കാരിന്റെ ഒത്താശയോടെ കൈയേറിയിരിക്കുന്നത്.
കോൺഗ്രസും മുസ്ലിം ലീഗും മതപണ്ഡിതരും പറയുന്നത്
കോൺഗ്രസ് ഭരണകാലത്തും വഖഫ് ബോർഡ് ഉണ്ടായിരുന്നു. പക്ഷേ, 2008ലെ റിപ്പോർട്ട് നടപ്പിലാക്കാൻ ഉമ്മൻ ചാണ്ടി സർക്കാർ തയാറാകാതിരുന്നത് എന്തുകൊണ്ടാണ്? വെറും മനുഷ്യത്വപരമായ കാരണങ്ങളാണ് പിന്നിൽ എന്നാണ് വിചാരമെങ്കിൽ, നിങ്ങൾക്കു തെറ്റി. മുസ്ലിം ലീഗിനും മതപണ്ഡിതർക്കും നിസാർ കമ്മീഷന്റെ ഏകപക്ഷീയവും പഠനരഹിതവുമായ റിപ്പോർട്ടിനോട് എതിർപ്പുണ്ടായിരുന്നു എന്നതാണ് മുഖ്യകാരണം.
മുനമ്പം ഭൂമി വഖഫ് വസ്തുവല്ല എന്ന് ഇപ്പോൾ അവരെല്ലാം ഒന്നടങ്കം പറയുന്നത് അവർ യാഥാർഥ്യം മനസിലാക്കിയതുകൊണ്ടുതന്നെയാണ്. ഈ ദിവസങ്ങളിൽ മുനമ്പം വിഷയത്തിൽ ചർച്ചയ്ക്കെത്തിയ വഖഫ് ബോർഡ് മുൻ അധ്യക്ഷനും ഇസ്ലാം മത പണ്ഡിതരും വ്യക്തമാക്കിയ വസ്തുതയും ഇതുതന്നെയാണ്. സത്യത്തിൽ, ഈ സത്യം അന്നുതന്നെ തുറന്നുപറയാനുള്ള ആർജവം അവർ കാണിച്ചിരുന്നെങ്കിൽ മുനമ്പം നിവാസികൾ ഇന്നത്തെ ദുരവസ്ഥയിൽ എത്തുമായിരുന്നില്ല.
ന്യൂനപക്ഷ വകുപ്പു മന്ത്രിയുടെ നിലപാട്!
നിലവിലെ വകുപ്പു മന്ത്രി അബ്ദുറഹ്്മാൻ മിതവാദിയാണ് എന്നാണ് പൊതുവേ കരുതപ്പെടുന്നത്. ന്യായമായ അവകാശങ്ങളുയർത്തി സമരം നടത്തിയ വിഴിഞ്ഞംകാരെ രാജ്യദ്രോഹികൾ എന്നു വിളിച്ചത് അദ്ദേഹത്തിനുമേൽ കരിനിഴലായിട്ടുണ്ട്. എങ്കിലും, അതു താത്കാലികമായ ഗുണത്തിനുവേണ്ടി സർക്കാർതന്ത്രത്തിന്റെ ഭാഗമായി നടത്തിയ പ്രസ്താവനയാണെന്ന് കരുതാം.
പക്ഷേ, ഈയിടെ അദ്ദേഹം നടത്തിയ പ്രസ്താവന മുനമ്പംകാരിലും അവരോട് ഐക്യദാർഢ്യം പുലർത്തുന്നവരിലും വലിയ ആശങ്കയാണ് ഉളവാക്കിയിട്ടുള്ളത്. മുനമ്പം നിവാസികൾക്ക് ഭൂമിക്ക് അർഹതയുണ്ടത്രേ! കേട്ടാൽ സുന്ദരം എന്നു തോന്നുമെങ്കിലും, ആ പദപ്രയോഗത്തിൽ ചതിയുടെ ധ്വനിയുണ്ട് എന്ന് മുനമ്പംകാർക്കു നന്നായറിയാം.
കുറെ നാളുകളായി നിക്ഷിപ്ത താത്പര്യക്കാരായ പലരിൽനിന്നും മൂന്നു സെന്റിന്റെയും അഞ്ചു സെന്റിന്റെയും വാഗ്ദാനകഥകൾ കേട്ടു തഴമ്പിച്ച കാതുകൾക്ക് മന്ത്രിയുടെ പ്രസ്താവനയും സമാന അർഥത്തിലല്ലാതെ മനസിലാക്കാനാവില്ല. പാട്ടത്തിന് എടുത്തോളൂ എന്നാണ് വഖഫ് ബോർഡുകാർ ഇപ്പോൾ മുനമ്പംകാരോട് പറയുന്നത് എന്നും മന്ത്രി അറിഞ്ഞിട്ടുണ്ടാകാതിരിക്കില്ല.
മുനമ്പം ബീച്ചുകാരെ നിരക്ഷരരും അസംഘടിതരുമായി കാണുന്നത് വിഡ്ഢിത്തമാണ്, മന്ത്രി. കരമടയ്ക്കാനുള്ള തങ്ങളുടെ അവകാശം നിരന്തര പരിശ്രമത്തിലൂടെ അവർ ഇതിനകം പുനഃസ്ഥാപിച്ചെടുത്തിട്ടുണ്ടെന്ന് അങ്ങേക്ക് അറിയാമല്ലോ. ഈയിടെ എൻഐഎയുടെ അന്വേഷണ പരിധിയിലേക്ക് എത്തിയിരിക്കുന്ന വഖഫ് സംരക്ഷണ സമിതി എന്ന ഒളിയുദ്ധക്കാർ കൊടുത്ത കേസ് മാത്രമാണ് ഇപ്പോൾ പ്രതിബന്ധം എന്നും അങ്ങേക്കറിയാം. കുടികിടപ്പു ഭൂമിയിൽ കുടികിടപ്പുകാർക്ക് ഏതാനും സെന്റിന്റെ അർഹതയുണ്ട് എന്നു പറയുംപോലുള്ള നിരുത്തരവാദമായ ഒരു പ്രസ്താവന മന്ത്രിയുടേതായി വരരുതായിരുന്നു.
സ്വന്തം ഭൂമിയിൽ ഉടമസ്ഥർക്കുള്ളത് അവകാശമാണ്, അർഹതയല്ല. അർഹത നിശ്ചയിക്കുന്നത് ബാഹ്യശക്തികളല്ലേ? മുനമ്പംകാർ കുടികിടപ്പുകാരല്ല, കടന്നുകയറ്റക്കാരുമല്ല; അവകാശികളാണ് – ഏതാണ്ടു മുപ്പത്തഞ്ചു വർഷങ്ങൾക്കു മുമ്പ് പണം കൊടുത്ത് ആധാരത്തോടെ വസ്തു വാങ്ങി കരമടച്ച് അവിടെ ജീവിക്കുന്നവർ.
മുനമ്പം നിവാസികൾക്ക് ഭൂമിയുടെ മേൽ സമ്പൂർണ അവകാശമുണ്ട് എന്ന് പറയുന്ന നിമിഷമേ ന്യൂനപക്ഷ വകുപ്പു മന്ത്രി അബ്ദുറഹ്്മാന്റെ സത്യസന്ധതയും ആത്മാർഥതയും നിഷ്പക്ഷതയും കേരളജനതയ്ക്കു ബോധ്യമാകൂ.
ചെറായി-മുനമ്പങ്ങൾ പലതുണ്ടത്രേ!
മതേതര ഇന്ത്യയിലെ പൗരന്മാർക്കു മേൽ വഖഫ് നിയമം അടിച്ചേല്പിക്കുന്ന മഹാദുരന്തങ്ങളുടെ ഒരു ദ്വീപനുഭവമാണ് മുനമ്പത്തേത്. ഇനി ഇത്തരം ഇരുപത്തിരണ്ടു സ്ഥലങ്ങൾകൂടി കേരളത്തിലുണ്ടത്രേ. കോഴിക്കോട് നടക്കാവിലുള്ള സർക്കാർ ഭൂമി വഖഫ് ബോർഡ് ഏറ്റെടുത്തതിനെക്കുറിച്ചുള്ള വിവരങ്ങൾ ഇപ്പോൾ പുറത്തു വന്നുകൊണ്ടിരിക്കുകയാണ്. ഇനിയും എന്തെല്ലാം പുറത്തുവരാനിരിക്കുന്നു!
കോൺഗ്രസ് സർക്കാർ കൊണ്ടുവന്ന വഖഫ് ആക്്ടിനെക്കുറിച്ച് മനസിലാക്കിയതിന്റെ മരവിപ്പിൽനിന്ന് ഇതുവരെയും വിമുക്തരായിട്ടില്ലാത്ത ശരാശരി മലയാളികളെല്ലാം കമ്യൂണിസ്റ്റു സർക്കാരിന്റെ നിശബ്ദതയും രഹസ്യനീക്കങ്ങളും കണ്ട് അന്തംവിട്ടു നില്ക്കുകയാണ്.
ഗാലറിയിലിരുന്ന് കളികാണുന്ന പിണറായി സർക്കാർ
മുനമ്പത്തെ നൂറുകണക്കിനു കുടുംബങ്ങളുടെ ജീവൽപ്രശ്നത്തിൽ കേരള സർക്കാർ ഇപ്പോൾ കാണിക്കുന്ന നിസംഗതയും ലാഘവബുദ്ധിയും അങ്ങേയറ്റം പ്രതിഷേധാർഹമാണ്. മുനമ്പംകാർ പാവപ്പെട്ടവരും അസംഘടിതരുമാണ് എന്ന ചിന്തയാകാം സർക്കാരിന്റെ അനങ്ങാപ്പാറ നയത്തിനു പിൻബലമേകുന്നത്.
പക്ഷേ, മുനമ്പത്തെ ജനത്തിനു പിന്നിൽ നീതിബോധവും മതേതരത്വബോധവുമുള്ള കേരളം മുഴുവനും അണിനിരന്നിരിക്കുന്നു എന്നതാണ് വസ്തുത. ഇതു കാണാതിരിക്കാൻ മാത്രം അന്ധത ബാധിച്ച ഒന്നാണോ പിണറായി സർക്കാർ? ജനത്തിന്റെ ഇച്ഛാശക്തിക്കു മുമ്പിൽ ഒരു സർക്കാർ- അതും തൊഴിലാളിവർഗ പാർട്ടി നയിക്കുന്ന ഒരു സർക്കാർ-എത്ര നാൾ കണ്ണടച്ചിരിക്കും?
ന്യൂനപക്ഷ വകുപ്പിലെ ഏകപക്ഷീയത
സർക്കാരിലെ ന്യൂനപക്ഷ വകുപ്പിന്റെ നേതൃത്വത്തിലാണ് വഖഫ് ബോർഡിന്റെ പ്രവർത്തനങ്ങൾ ക്രമീകരിക്കപ്പെടുന്നത്. അതിനാൽതന്നെ വഖഫ് ബോർഡിന്റെ മുനമ്പം അധിനിവേശങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത് ഈ വകുപ്പാണ്. ന്യൂനപക്ഷക്ഷേമ വകുപ്പ് തുടങ്ങിയ 2011 മുതൽ ഇന്നുവരെ ന്യൂനപക്ഷം എന്നാൽ മുസ്ലിം സമുദായം മാത്രം എന്നതാണ് മാറി മാറി വന്ന കേരള സർക്കാരുകളുടെ നിലപാട് എന്നു കാണാൻ ന്യൂനപക്ഷക്ഷേമ വകുപ്പിന്റെ മന്ത്രിമാരുടെ ലിസ്റ്റെടുത്തു നോക്കിയാൽ മതി.
ഏതാണ്ട് ഒന്നര വർഷം മുഖ്യമന്ത്രി പിണറായി വിജയൻ കൈകാര്യം ചെയ്തു എന്നതൊഴിച്ചാൽ എപ്പോഴും ഈ വകുപ്പ് മുസ്ലിം മന്ത്രിമാരുടെ കൈയിലായിരുന്നു. അതുകൊണ്ടുതന്നെ ഈ വകുപ്പിലാണ് മറ്റു ന്യൂനപക്ഷങ്ങൾ ഏറ്റവും കൂടുതൽ അനീതികൾക്ക് ഇരകളായിട്ടുള്ളതും.
സ്കോളർഷിപ്പുകളിലും വിവിധ ക്ഷേമപദ്ധതികളിലും 80:20 അനുപാതം, ഏകപക്ഷീയമായ ഫണ്ടു വിതരണം, പിഎസ്സി വഴിയുള്ള നിയമനങ്ങൾ നടത്താതെ പ്രധാനമായും ഒരു വിഭാഗക്കാർക്കു മാത്രമായി ഡെപ്യൂട്ടേഷനിലും കരാർ വ്യവസ്ഥയിലുമുള്ള നിയമനങ്ങൾ, കോച്ചിംഗ് സെന്ററുകളും മറ്റു പരിശീലന കേന്ദ്രങ്ങളും ഒരു വിഭാഗക്കാർക്കു മാത്രമായി അനുവദിക്കൽ, മദ്രസാധ്യാപകർക്കുള്ള പ്രത്യേക ആനുകൂല്യങ്ങൾ ഇങ്ങനെ നിരവധി വിവേചനങ്ങളാണ് ന്യൂനപക്ഷവകുപ്പിൽ നടന്നുകൊണ്ടിരിക്കുന്നത്. ഒന്നാം പിണറായി സർക്കാരിൽ ന്യൂനപക്ഷ ക്ഷേമവകുപ്പ് കൈകാര്യം ചെയ്ത കെ.ടി. ജലീലിനു കീഴിൽ ഈ അനീതികൾ ശതഗുണീഭവിച്ചു.
ന്യൂനപക്ഷ ആനുകൂല്യങ്ങളും സ്കോളർഷിപ്പുകളും മുസ്ലിം വിഭാഗത്തെ മാത്രമായി അറിയിക്കാൻ അദ്ദേഹം മഹൽ സോഫ്ട് സംവിധാനം കൊണ്ടുവന്നു. സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ ആക്്ട് 2017ൽ ഭേദഗതി ചെയ്ത്, വേണമെങ്കിൽ ഒരു വിഭാഗത്തിൽനിന്നുള്ളവർ മാത്രം അംഗങ്ങളായി ന്യൂനപക്ഷ കമ്മീഷൻ രൂപവത്കരിക്കാവുന്ന സ്ഥിതിയിൽ കൊണ്ടെത്തിച്ചു. മദ്രസകൾക്കും അധ്യാപകർക്കുമുള്ള ആനുകൂല്യങ്ങൾ പലമടങ്ങു വർധിപ്പിക്കുകയും ഇതര ന്യൂനപക്ഷങ്ങൾ അപേക്ഷിക്കാൻ സാധ്യതയില്ലാത്ത കൂടുതൽ പദ്ധതികൾ ആരംഭിക്കുകയും ചെയ്തു.