വൈപ്പിൻ: സ്വന്തം ഭൂമിയുടെ റവന്യു അവകാശങ്ങൾ പുനഃ സ്ഥാപിച്ചു കിട്ടാൻ മുനമ്പം ജനത നടത്തിവരുന്ന നിരാഹാരസമരം ഒരു വർഷം പിന്നിട്ടു. ഇതോടനുബന്ധിച്ചു മുനമ്പത്തെ സമരവേദിയിൽ നടന്ന സമ്മേളനം കോട്ടപ്പുറം ബിഷപ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ ഉദ്ഘാടനം ചെയ്തു.
മുനമ്പം വഖഫ് ഭൂമിയല്ലെന്ന ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വിധി വന്നയുടൻ മന്ത്രി പി. രാജീവ് തന്നെ ഫോണിൽ ബന്ധപ്പെട്ടെന്ന് ബിഷപ് പറഞ്ഞു. സർക്കാർ അടിയന്തരമായി വേണ്ട കാര്യങ്ങളെല്ലാം ചെയ്യുമെന്നു മന്ത്രി അറിയിച്ചെന്നും ബിഷപ് കൂട്ടിച്ചേർത്തു.
ഭൂസംരക്ഷണസമിതി ചെയർമാൻ ജോസഫ് റോക്കി പാലക്കൽ അധ്യക്ഷനായി. കെആർഎൽസിസി മൈഗ്രൻസ് കമ്മീഷൻ സെക്രട്ടറി ഫാ. നോയൽ കുരിശിങ്കൽ, ഫാ. ആന്റണി സേവ്യർ തറയിൽ, ആക്ട്സ് സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് സെബാസ്റ്റ്യൻ, സെക്രട്ടറി കുരുവിള മാത്യൂസ്, എസ്എൻഡിപി യോഗം കേന്ദ്ര വനിതാ സംഘം സെക്രട്ടറി അഡ്വ. സംഗീത വിശ്വനാഥൻ, കുടുംബി സേവാസമിതി സംസ്ഥാന പ്രസിഡന്റ് എ.എസ്. ശ്യാംകുമാർ, കെ.പി. ഗോപാലകൃഷ്ണൻ, ഷീബ ടീച്ചർ, ജോസഫ് ബെന്നി കുറുപ്പശേരി, ടി. ജി .വിജയൻ, മുരുകൻ കാതികുളത്ത്, ലൈജി ജോളി തുടങ്ങിയവർ പ്രസംഗിച്ചു.