ഒരു പ്രോപ്പർട്ടി വഖഫിന്റേതാണോയെന്നു തീരുമാനിക്കുന്നതിന് വിപുലമായ അധികാരമാണ് 1995ലെ വഖഫ് നിയമം വഖഫ് ബോർഡുകൾക്ക് നൽകിയിരിക്കുന്നത്. സെക്ഷൻ 40 പ്രകാരം ഒരു വസ്തു വഖഫ് ആണോയെന്നു സംശയമുണ്ടെങ്കിൽ ആവശ്യമായ വിവരങ്ങൾ ശേഖരിച്ച് വഖഫ് ബോർഡിന് ഉചിതമായ തീരുമാനമെടുക്കാം. വഖഫ് ട്രൈബ്യൂണൽ ഈ തീരുമാനത്തെ പിൻവലിക്കുകയോ തിരുത്തുകയോ ചെയ്യുന്നില്ലെങ്കിൽ വഖഫ് ബോർഡിന്റെ തീരുമാനം അന്തിമമായിരിക്കും. ഇവിടെ വഖഫ് ട്രൈബ്യൂണലിന് മറിച്ചു തീരുമാനമെടുക്കാം എന്നിരുന്നാലും പ്രായോഗികതലത്തിൽ കണ്ടുവരുന്നത് വാദിയും ജഡ്ജിയും ഒരാളായി മാറുന്നുവെന്ന വസ്തുതയാണ്. ഒരു മുസ്ലിം പണ്ഡിതൻ ഈ ട്രൈബ്യൂണലിൽ അംഗമായിരിക്കുന്നത് വെറുതെയല്ലല്ലോ.
1882ലെ ഇന്ത്യൻ ട്രസ്റ്റ് ആക്ട് പ്രകാരമോ 1860ലെ സൊസൈറ്റി രജിസ്ട്രേഷൻ ആക്ട് പ്രകാരമോ ഒരു ട്രസ്റ്റിന്റെയോ സൊസൈറ്റിയുടെയോ പേരിൽ രജിസ്റ്റർ ചെയ്ത വസ്തുവാണെങ്കിലും വഖഫ് ബോർഡ് നടത്തിയ അന്വേഷണത്തിനൊടുവിൽ അതു വഖഫ് വസ്തുവാണെന്നു കണ്ടെത്തിയാൽ നിയമപ്രകാരം അത് രജിസ്റ്റർ ചെയ്തു തരണമെന്ന് ട്രസ്റ്റിനോട് അല്ലെങ്കിൽ സൊസൈറ്റിയോട് ബോർഡിന് ആവശ്യപ്പെടാം.
അങ്ങനെ രജിസ്റ്റർ ചെയ്തു നൽകാതിരിക്കാൻ കാരണമുണ്ടെങ്കിൽ അതു ബോധിപ്പിക്കണമെന്ന് നിർദേശിക്കുകയും ചെയ്യാം. ഇപ്രകാരം വഖഫ് ബോർഡ് നൽകുന്ന ഉത്തരവുകൾക്കെതിരേ പരാതിക്കാരൻ വഖഫ് ട്രൈബ്യൂണലിനെയാണു സമീപിക്കേണ്ടത്. എന്നാൽ, ട്രൈബ്യൂണൽ വഖഫ് ബോർഡിന്റെ തീരുമാനത്തെ തിരുത്തുകയോ പിൻവലിക്കുകയോ ചെയ്തില്ലെങ്കിൽ ബോർഡിന്റെ തീരുമാനം അന്തിമമായിരിക്കും. വഖഫ് ട്രൈബ്യൂണലിന്റെ തീരുമാനത്തിനെതിരേ അപ്പീൽ പോകാനുള്ള സാധ്യതയും ഈ നിയമത്തിൽ ഇല്ല (സെക്ഷൻ 83/7). ഹൈക്കോടതിയിൽ ഒരു റിട്ട് (writ) പെറ്റീഷൻ നൽകുക മാത്രമേ പോംവഴിയുള്ളൂ.
മുനമ്പത്തെ 610 കുടുംബങ്ങൾ നേരിടുന്ന പ്രശ്നവും ഇതുതന്നെയാണ്. അവർക്ക് കുടികിടപ്പ് അവകാശവും വില്ലേജിൽനിന്നുള്ള സ്വത്തവകാശ സർട്ടിഫിക്കറ്റുകളും ഉണ്ടായിരുന്നിട്ടും സ്വന്തം അവകാശം ഉറപ്പിക്കാൻ 1988-1993 കാലയളവിൽ പണം കൊടുത്ത് സ്വന്തം പേരിൽ രജിസ്റ്റർ ചെയ്തു വാങ്ങിയ സ്ഥലങ്ങൾ വഖഫ് ആണെന്നും അതു തിരിച്ചെടുക്കാൻ നടപടിയുണ്ടാകണമെന്നും 2009ലെ നിസാർ കമ്മീഷൻ റിപ്പോർട്ട് നൽകിയപ്പോൾ എത്രയും പെട്ടെന്ന് നടപടികൾ എടുക്കാനാണ് കേരള ഹൈക്കോടതിയും സർക്കാരിനോടു പറഞ്ഞത്. 2010ൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നൽകിയ വിധിയും വഖഫ് ബോർഡിന്റെ തുടർന്നുള്ള അവകാശവാദങ്ങളും ഈ മനുഷ്യരുടെ ജീവിതം ദുരിതത്തിലാക്കിയിരിക്കുകയാണ്. വഖഫ് ട്രൈബ്യൂണലിൽ ഇവർ നൽകിയ പരാതി ഇപ്പോഴും ട്രൈബ്യൂണലിന്റെ പരിഗണനയിലാണ്.
രാജ്യമെമ്പാടും വഖഫ് ട്രൈബ്യൂണലുകളിൽ കെട്ടിക്കിടക്കുന്ന മറ്റ് അനേകായിരം കേസുകൾ പോലെതന്നെ ഇതിന്റെ തീരുമാനവും എന്നുണ്ടാകുമെന്ന് അറിയില്ല. തർക്കഭൂമി ആയതിനാൽ കരമടയ്ക്കാൻ പറ്റുന്നില്ല, ലോൺ എടുക്കാൻ അനുവദിക്കുന്നില്ല, വിൽക്കാനും പറ്റില്ല. വഖഫ് ഭൂമിയെന്ന അവകാശവാദം നിലനിൽക്കുന്നതിനാൽ 1995ലെ ആക്ട്, സെക്ഷൻ 51 പ്രകാരം എന്തിനും വഖഫ് ബോർഡിന്റെ അനുമതി വേണമെന്ന് അവർ ആവശ്യപ്പെടുന്നു.
2013ൽ, വഖഫ് വസ്തുവിന്റെ വില്പന, ദാനം, കൈമാറ്റം, പണയപ്പെടുത്തൽ തുടങ്ങിയവ, മറ്റ് ഏതു നിയമത്തിന്റെ അടിസ്ഥാനത്തിലാണെന്ന് വരികിലും, അസാധുവാക്കുന്ന സെക്ഷൻ 104 A 1995ലെ ആക്ടിൽ കൂട്ടിച്ചേർത്തു. വഖഫ് ആക്ടിലെ ചില സെക്ഷനുകൾ തങ്ങളുടെ ന്യായമായ അവകാശത്തെ ഹനിക്കുന്നതിനാൽ ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന മുനമ്പം നിവാസികളുടെ കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണ്.
റവന്യു രേഖകളിൽ “സംയുക്തമായി ഉപയോഗിക്കുന്ന പൊതുഭൂമി” എന്നു രേഖപ്പെടുത്തിയിട്ടുള്ള ഷംലത്ത് പാട്ടി (Shamlat Patti), ഷംലത്ത് ദേഹ് (Shamlat Deh), ജുംല മൽക്കാൻ (Jumla Malkkan) തുടങ്ങിയ, ഒരു ഗ്രാമത്തിലെ ഒരു വിഭാഗത്തിനോ ഗ്രാമത്തിനു മുഴുവനും വേണ്ടിയോ ഉള്ള പൊതുഭൂമിയും ഈ നിയമത്തിനു വിധേയമാണെന്ന് 1995ലെ ആക്ട്, സെക്ഷൻ 3 (ആർ) ൽ പറയുന്നു.
ഈ നിയമത്തിന്റെ മറവിലാണ് കർണാടകയിലെ വിജയപുര ജില്ലയിൽ ഒരു ഗ്രാമത്തിലെ1500 ഏക്കർ ഭൂമിയും തമിഴ്നാട്ടിലെ തിരുച്ചെന്തുറൈ വില്ലേജിലെ 480 ഏക്കർ ഭൂമിയും ഉൾപ്പെടെ ഇന്ത്യയിൽ പല ഭാഗത്തും വഖഫ് ബോർഡ് അവകാശവാദങ്ങൾ ഉന്നയിച്ചിട്ടുള്ളതും പല സ്ഥലങ്ങളും കൈവശപ്പെടുത്തിയതും.
ഒരിക്കൽ വഖഫ് ലിസ്റ്റിൽ ഉൾപ്പെടുത്തിയ ഭൂമി അതിന്റെ സ്ഥിതി നിയമാനുസൃതം മാറിയിട്ടില്ലെങ്കിൽ തുടർ സർവേയ്ക്കു വിധേയമാക്കരുതെന്ന് വഖഫ് ആക്ട് 1995, സെക്ഷൻ 4 (6) ൽ (ആക്ട് 2013, സെക്ഷൻ 6, c/ii) കൂട്ടിച്ചേർത്തത് ഇവയുടെ അവസ്ഥ പുനർനിർണയിക്കുന്നതിന് തടസമാകുകയും ചെയ്യും.
അഥവാ പുനർസർവേ നടത്തുകയും വീണ്ടും അതു വഖഫ് പ്രോപ്പർട്ടി എന്നു വിലയിരുത്തുകയും ചെയ്താൽ ഒരിക്കൽക്കൂടി ട്രൈബ്യൂണലിനെ സമീപിക്കാൻ അവസരമുണ്ടാകുകയില്ലെന്ന് 1995ലെ ആക്ടിൽ സെക്ഷൻ 6(1) ലും 2013 ൽ കൂട്ടിച്ചേർത്തിട്ടുണ്ട്.
വഖഫ് പ്രഖ്യാപിക്കാൻ ആർക്കാണ് അവകാശം
1995ലെ വഖഫ് നിയമത്തിൽ സെക്ഷൻ 3 (ആർ) ലും 2013ലെ ആക്ട്, സെക്ഷൻ 5 (v) ലും വഖഫിന്റെ വിശദീകരണത്തിൽ, വഖഫ് ഏതൊരു വ്യക്തിക്കും (any person) സ്ഥാപിക്കാമെന്ന് പറഞ്ഞിരിക്കുന്നു. 1913ലെ വഖഫ് ആക്ടിൽ സെക്ഷൻ 2 (e) പ്രകാരം മുസ്ലിം മതവിഭാഗത്തിൽപ്പെട്ട ആളുകൾക്കു മാത്രമാണ് ഇതിന് അവകാശമുണ്ടായിരുന്നത്. അതുപോലെ, 2013ൽ വഖഫ് ബോർഡിന് വിപുലമായ അധികാരങ്ങൾ നൽകുന്ന പല വകുപ്പുകളും കൂട്ടിച്ചേർത്തു. ഇതിന് മറ്റൊരു ഉദാഹരണമാണ് സെക്ഷൻ 52 A. ഇതുപ്രകാരം വഖഫായ പ്രോപ്പർട്ടി (അത് ഉപയോക്താവിനാൽ പ്രഖ്യാപിക്കപ്പെട്ടത് ആണെങ്കിലും) ബോർഡിന്റെ മുൻകൂർ അനുവാദമില്ലാതെ കൈമാറ്റം ചെയ്യുകയോ വാങ്ങുകയോ കൈവശം വയ്ക്കുകയോ ചെയ്യുന്നത് രണ്ടുവർഷം വരെ തടവ് ലഭിക്കുന്ന കുറ്റമായിരിക്കും.
അങ്ങനെ കൈമാറ്റം ചെയ്യപ്പെടുന്ന വസ്തു വഖഫ് ബോർഡിന്റെ പരിപൂർണ അധികാരത്തിൻ കീഴിലായിരിക്കും. ഇങ്ങനെയുള്ള നിയമത്തിന്റെ മറവിൽ വഖഫ് ബോർഡ് കൈവശപ്പെടുത്തിയ വസ്തുവകകൾ ന്യൂനപക്ഷങ്ങൾക്കുവേണ്ടിയുള്ള മിനിസ്ട്രി വെബ്സൈറ്റിൽ പത്രക്കുറിപ്പായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതിന്റെ വിശദാംശങ്ങളിലൂടെ കടന്നുപോകുന്ന ആർക്കും ആരെയും വിഴുങ്ങാൻ സാധിക്കുന്ന വഖഫ് ബോർഡ് എന്ന ഭീകര സത്വത്തിന്റെ പിടിയിൽ ഏതു നിമിഷവും അകപ്പെടാവുന്ന അവസ്ഥയിലാണ് തങ്ങൾ എന്നു ബോധ്യപ്പെടുന്നതാണ്.
വഖഫ് നിയമഭേദഗതി 2024
വഖഫ് ബോർഡിന്റെ പ്രവർത്തനങ്ങൾ സംബന്ധിച്ച 40,000ത്തിലധികം കേസുകൾ വഖഫ് ട്രൈബ്യൂണലുകളിൽ കെട്ടിക്കിടപ്പുണ്ട്. വഖഫ് ബോർഡിന്റെ അനിയന്ത്രിതമായ അധികാരങ്ങൾ സ്വകാര്യവ്യക്തികൾക്കും സമൂഹങ്ങൾക്കും സർക്കാരുകൾക്കും അവരുടെ വസ്തുവകകളുടെ മേലുള്ള ന്യായമായ അവകാശങ്ങൾ നഷ്ടപ്പെടുന്നതിന് ഇടയാക്കിയിട്ടുണ്ട്.
ഈ സാഹചര്യത്തിലാണ് വഖഫ് നിയമങ്ങളിൽ ചില ഭേദഗതികൾ വരുത്താൻ വേണ്ട പഠനം നടത്തി കേന്ദ്രസർക്കാർ മുൻകൈയെടുത്തിട്ടുള്ളത്. വഖഫ് നിയമങ്ങൾ ഭേദഗതി ചെയ്യുന്നതു സംബന്ധിച്ച് 2024ലെ ബിൽ ഇപ്പോൾ സംയുക്ത പാർലമെന്ററി സമിതിയുടെ പരിഗണനയിലാണ്. ഇതിൽ പറഞ്ഞിരിക്കുന്ന ചില പ്രധാന ഭേദഗതികൾ താഴെപ്പറയുന്നവയാണ്:
1) വഖഫ് നിയമത്തിന്റെ പേര് ‘ഏകീകൃത വഖഫ് മാനേജ്മെന്റ് എംപവർമെന്റ് എഫിഷ്യൻസി ഡെവലപ്മെന്റ് ആക്ട്’ എന്നാക്കി മാറ്റുന്നു.
2) വഖഫിന്റെ രൂപീകരണം സംബന്ധിച്ച് സാരമായ ചില മാറ്റങ്ങൾ നിർദേശിച്ചിട്ടുണ്ട്. വഖഫ് പ്രഖ്യാപിക്കുന്ന വ്യക്തി കഴിഞ്ഞ അഞ്ചു വർഷമായി ഇസ്ലാം മതവിശ്വാസിയായിരിക്കണം. മാത്രമല്ല, അങ്ങനെ പ്രഖ്യാപിക്കണമെങ്കിൽ അയാൾക്ക് വസ്തുവിന്റെമേൽ ഉടമസ്ഥാവകാശം ഉണ്ടായിരിക്കണം. രണ്ടാമതായി, ദീർഘകാലമായുള്ള ഉപയോഗത്തിന്റെ അടിസ്ഥാനത്തിൽ ഒരു വസ്തു വഖഫായി പ്രഖ്യാപിക്കുന്ന രീതി നിർത്തലാക്കാൻ നിർദേശിച്ചിരിക്കുന്നു. അതുപോലെതന്നെ, മക്കൾക്കും അവരുടെ കാലശേഷം ജീവകാരുണ്യ പ്രവർത്തനത്തിനുമായി നീക്കിവയ്ക്കുന്ന വഖഫ് അൽ-അലാൽ-ഔലാദി (al-alal-aulad)ന്റെ പേരിൽ ദാതാവിന്റെ പിന്തുടർച്ചക്കാരിൽ ആർക്കും (സ്ത്രീകൾ ഉൾപ്പെടെ) പിന്തുടർച്ചാവകാശം നിഷേധിക്കാൻ ഇടയാകരുത് എന്ന നിർദേശവും നൽകിയിരിക്കുന്നു.
3) ഏതെങ്കിലും സർക്കാർ പ്രോപ്പർട്ടി വഖഫായി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിൽ അത് ഈ ഭേദഗതി നടപ്പിൽ വരുന്നതോടുകൂടി അവസാനിക്കും. ഉടമസ്ഥത സംബന്ധിച്ച് അവ്യക്തതയുണ്ടെങ്കിൽ അതു നിർണയിച്ച് സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കേണ്ടത് കളക്ടറാണ്. സർവേ കമ്മീഷണർക്കു പകരം സർവേ നടത്തുന്നതും കളക്ടറുടെ ഉത്തരവാദിത്വമായിരിക്കും. അതുപ്രകാരം റവന്യു റെക്കോർഡുകളിൽ വേണ്ട തിരുത്തലുകൾ വരുത്തുകയും വേണം. ഇതുവരെയും ഇങ്ങനെ പിടിച്ചെടുത്ത പല സർക്കാർ പ്രോപ്പർട്ടികളും (ഉദാ. സൂറത്തിലെ മുനിസിപ്പൽ കോർപറേഷൻ ബിൽഡിംഗ്) ഈ നിയമം പ്രാബല്യത്തിൽ വന്നാൽ വഖഫ് പ്രോപ്പർട്ടി അല്ലാതായി മാറും.
4) ഒരു പ്രോപ്പർട്ടി വഖഫ് ആണോ എന്നു തീരുമാനിക്കാനുള്ള അധികാരം വഖഫ് ബോർഡിൽനിന്ന് നീക്കം ചെയ്യുന്നതിനുള്ള നിർദേശം.
5) രണ്ടു അമുസ്ലിംകളെയും രണ്ടു മുസ്ലിം സ്ത്രീകളെയും വഖഫ് ബോർഡിൽ അംഗങ്ങളാക്കുന്നതിനുള്ള ഭേദഗതികൾ.
6) വഖഫ് ട്രൈബ്യൂണലുകളുടെ ഘടനയിൽ ഭേദഗതി വരുത്തുന്നതിനുള്ള നിർദേശം. പുതിയ നിയമം പ്രാബല്യത്തിൽ വന്നാൽ ഇസ്ലാം നിയമപണ്ഡിതൻ ട്രൈബ്യൂണലിൽ അംഗമായിരിക്കുകയില്ല.
7) ട്രൈബ്യൂണലിന്റെ തീരുമാനം അന്തിമമായിരിക്കും എന്ന നിയമം എടുത്തുകളയും. ട്രൈബ്യൂണലിന്റെ തീരുമാനത്തിനെതിരേ 90 ദിവസത്തിനകം ഹൈക്കോടതിയിൽ അപ്പീലിനു പോകാം എന്ന നിയമം കൂട്ടിച്ചേർക്കാൻ നിർദേശിച്ചിരിക്കുന്നു.
മുസ്ലിം സമൂഹത്തിന്റെ മതസ്വാതന്ത്ര്യത്തിലുള്ള കൈകടത്തലായി ഈ മാറ്റങ്ങളെ ആരൊക്കെ വ്യാഖ്യാനിച്ചാലും നിഷ്പക്ഷതയും ന്യായബോധവുമുള്ള ആർക്കും ഈ മാറ്റങ്ങൾ അനിവാര്യമാണെന്ന് മനസിലാകും. വഖഫ് ബോർഡിന്റെ അനിയന്ത്രിത അധികാരങ്ങളാൽ ന്യായമായ അവകാശങ്ങളും നീതിയും നിഷേധിക്കപ്പെട്ട, കിടപ്പാടം പോലും നഷ്ടപ്പെട്ട, ജീവിതം വഴിമുട്ടിയ, ഇനിയും അതു സംഭവിക്കാൻ ഇടയുള്ള അനേകർക്ക് ഈ മാറ്റങ്ങൾ നടപ്പായാൽ വലിയ ആശ്വാസമായിരിക്കും.
അഡ്വ. ഡോ. ജോർജ് തെക്കേക്കര (ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഈസ്റ്റേൺ കാനൻ ലോ, വടവാതൂർ, കോട്ടയം)
(അവസാനിച്ചു)