ജിദ്ദ: ഹമാസ് നേതാവ് ഇസ്മയിൽ ഹനിയയുടെ വധത്തിലുള്ള പ്രതികാരം ഉചിതമായ സമയത്ത് വേണ്ടരീതിയിൽ ഉണ്ടാകുമെന്ന് ഇറാനിലെ ആക്ടിംഗ് വിദേശകാര്യമന്ത്രി ബാഖെറി അലി ബാഗേരി കാനി.
ഹനിയയുടെ വധം ചർച്ചചെയ്യാനായി സൗദിയിലെ ജിദ്ദയിൽ ചേർന്ന ഒഐസി (ഇസ്ലാമിക സഹകരണ സമിതി) യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇറാന്റെ പ്രതികാരത്തിൽ മുസ്ലിം രാജ്യങ്ങളുടെ പിന്തുണ പ്രതീക്ഷിക്കുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു.
ഹനിയ ക്രൂരമായി വധിക്കപ്പെട്ടതിനു പിന്നിൽ ഇസ്രയേലാണെന്നും ഇറാന്റെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണു നടന്നതെന്നും യോഗത്തിനുശേഷം ഒഐസി പുറത്തിറക്കിയ പ്രസ്താവനയിൽ കുറ്റപ്പെടുത്തി.
അതേസമയം, ഇസ്രയേലിനെതിരായ ഇറേനിയൻ സൈനിക നടപടിക്കു പിന്തുണ പ്രഖ്യാപിക്കാൻ യോഗം തയാറായില്ല.
ഇറാന്റെയും പലസ്തീൻ നേതാക്കളുടെയും ആവശ്യപ്രകാരമാണു ബുധനാഴ്ച ഒഐസി യോഗം ചേർന്നത്.
ഹനിയവധം ഇറാന്റെ പരമാധികാരത്തിലുള്ള കടന്നുകയറ്റമാണെന്ന് സൗദിയും യോഗത്തിൽ പറഞ്ഞു.
ഇതിനിടെ, പശ്ചിമേഷ്യാ സംഘർഷം വ്യാപിക്കാതിരിക്കാനായി നയതന്ത്ര നീക്കങ്ങൾ സജീവമാണ്. യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ജോർദാൻ, ഖത്തർ, ഈജിപ്ത് നേതാക്കളുമായി ഫോണിൽ ചർച്ച നടത്തി.