ആഥൻസ്: യെമനു സമീപം ചെങ്കടലിൽ രണ്ടു ചരക്കുകപ്പലുകൾ ആക്രമിക്കപ്പെട്ടു. ഇറാന്റെ പിന്തുണയുള്ള ഹൂതി വിമതരാണ് ആക്രമണത്തിനു പിന്നിലെന്നു കരുതുന്നു.
ഗ്രീസിൽ രജിസ്റ്റർ ചെയ്ത സുനിയോൺ, പാനമയിൽ രജിസ്റ്റർ ചെയ്ത എസ്ഡബ്ല്യു നോർത്ത് വിൻഡ് വൺ എന്നീ കപ്പലുകളാണ് ആക്രമിക്കപ്പെട്ടത്.
ഗ്രീക്ക് കപ്പൽ നിയന്ത്രണം നഷ്ടമായി ഒഴുകുകയാണെന്നു റിപ്പോർട്ടുകളിൽ പറയുന്നു. ചെറു ബോട്ടുകളിലെത്തിയ സംഘമാണ് കപ്പൽ ആക്രമിച്ചത്. കപ്പലിന്റെ എൻജിൻ തകരാറിലായി. 25 ജീവനക്കാരിൽ 23ഉം ഫിലിപ്പീനികളും രണ്ടു പേർ റഷ്യക്കാരുമാണ്. ആർക്കും പരിക്കില്ല.
പാനമ കപ്പലിലെ ജീവനക്കാർക്കും പരിക്കില്ല. ഈ കപ്പൽ അടുത്തുള്ള തുറമുഖത്തേക്കു വഴിതിരിച്ചു വിട്ടു.