വാഷിംഗ്ടൺ ഡിസി: ഇറാനു മുൻപ് ഹിസ്ബുള്ള ഭീകരർ ഇസ്രയേലിനു നേർക്ക് വിപുലമായ ആക്രമണം അഴിച്ചുവിട്ടേക്കുമെന്നു യുഎസിലെ സിഎൻഎൻ ചാനൽ റിപ്പോർട്ട് ചെയ്തു.
ഇസ്രയേലുമായി അതിർത്തി പങ്കിടുന്ന ലബനനിലുള്ള ഹിസ്ബുള്ളകൾ അതിവേഗമാണു നീക്കങ്ങൾ നടത്തുന്നത്. വരും ദിവസങ്ങളിൽ ആക്രമണമുണ്ടായേക്കും.
ഹമാസ് നേതാവ് ഇസ്മയിൽ ഹനിയ ടെഹ്റാനിലും ഹിസ്ബുള്ള കമാൻഡർ ഫവാദ് ഷുക്കൂർ ബെയ്റൂട്ടിലും കൊല്ലപ്പെട്ടതിനു പ്രതികാരമായി ഇസ്രയേലിനു നേർക്ക് വൈകാതെ ആക്രമണം ഉണ്ടാകുമെന്നാണു റിപ്പോർട്ടുകൾ. ആക്രമണത്തിനു മുതിർന്നാൽ ലബനനിൽ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് ഇസ്രയേൽ മുന്നറിയിപ്പു നല്കിയിട്ടുണ്ട്.
അതേസമയം, ഏതു തരത്തിലുള്ള ആക്രമണം വേണമെന്നതിൽ ഇറാൻ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നാണു സിഎൻഎൻ റിപ്പോർട്ടിൽ പറയുന്നത്.
ഇസ്രയേലിനു നേർക്ക് വിപുലമായ ആക്രമണം നടത്തുന്നതിൽ ഇറാൻ പുനർവിചിന്തനത്തിനു തയാറായേക്കുമെന്ന് മറ്റു ചില റിപ്പോർട്ടുകളിലും പറയുന്നുണ്ട്. ആക്രമണം ഇറാൻ-ഇസ്രയേൽ യുദ്ധത്തിൽ കലാശിക്കുമെന്നു ബോധ്യപ്പെടുത്താൻ യുഎസ് ശ്രമിക്കുന്നുണ്ടത്രേ.