ടെഹ്റാൻ: ഹമാസ് നേതാവ് ഇസ്മയിൽ ഹനിയ കൊല്ലപ്പെട്ടതിനെത്തുടർന്ന് സുരക്ഷാവീഴ്ച ആരോപിച്ച് ഇറാൻ സൈന്യം നിരവധി പേരെ അറസ്റ്റ് ചെയ്തതായി റിപ്പോർട്ട്.
സീനിയർ ഇന്റലിജൻസ് ഓഫീസർമാർ, സൈനിക ഓഫീസർമാർ, ഹനിയ തങ്ങിയ സൈന്യത്തിന്റെ കീഴിലുള്ള ഗസ്റ്റ് ഹൗസിലെ ജീവനക്കാർ തുടങ്ങി രണ്ടു ഡസനോളം പേരെയാണ് അറസ്റ്റ് ചെയ്തത്.
സംഭവത്തെക്കുറിച്ച് ഇറാന്റെ രഹസ്യാന്വേഷണ ഏജൻസി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി വ്യാപക റെയ്ഡ് നടത്തിവരികയാണ്.
ഗസ്റ്റ് ഹൗസ് റെയ്ഡിനു പുറമേ, കൊലയാളിസംഘത്തിലെ അംഗങ്ങൾ ഇപ്പോഴും ഇറാനിൽ തന്നെയുണ്ടാകുമെന്ന വിശ്വാസത്തിൽ രഹസ്യാന്വേഷണ ഏജൻസി വിമാനത്താവളങ്ങളിൽനിന്ന് അതിഥികളുടെ പട്ടിക ശേഖരിച്ചും പരിശോധന നടത്തുന്നുണ്ട്. രാജ്യത്തെ സുരക്ഷാ പ്രോട്ടോകോളിൽ സന്പൂർണ മാറ്റം വരുത്താനും സർക്കാർ ആലോചിക്കുന്നുണ്ട്.
വടക്കൻ ടെഹ്റാനിലെ അതീവസുരക്ഷയുള്ള അതിഥിമന്ദിരത്തിൽ തങ്ങളുടെ അതിഥിയായെത്തിയ ഹമാസ് നേതാവ് കൊല്ലപ്പെട്ടതിന്റെ നടുക്കത്തിൽനിന്ന് ഇറാൻ സർക്കാർ ഇനിയും മുക്തമായിട്ടില്ല. ടെഹ്റാനിൽ പതിവു സന്ദർശകനായിരുന്ന ഹനിയ സ്ഥിരമായി തങ്ങിയിരുന്നത് വിപ്ലവഗാർഡുകളുടെ വലയത്തിലുള്ള ഈ അതിഥിമന്ദിരത്തിലായിരുന്നു.
ഇറാൻ സർക്കാരിന് വലിയ നാണക്കേടാണ് ഇതുണ്ടാക്കിയിരിക്കുന്നത്. ഹനിയ താമസിച്ചിരുന്ന മുറിയിൽ രണ്ടു മാസം മുന്പേ സ്ഥാപിച്ചിരുന്ന ബോംബാണ് വിദൂരനിയന്ത്രിത സംവിധാനത്തിലൂടെ പൊട്ടിത്തെറിച്ചതെന്നാണ് അനുമാനം.
സംഭവത്തിനു പിന്നിൽ ഇസ്രയേലാണെന്നാണ് ഇറാനും ഹമാസും കുറ്റപ്പെടുത്തുന്നതെങ്കിലും ഇസ്രയേൽ ഉത്തരവാദിത്വം ഏൽക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല.
ബോംബ് സ്ഥാപിച്ചത് ഇറേനിയൻ സൈന്യത്തിലെ മൊസാദ് ഏജന്റുമാർ
ഇസ്മയിൽ ഹനിയയെ വകവരുത്താനായി അദ്ദേഹം താമസിച്ചിരുന്ന ടെഹ്റാനിലെ അതിഥിമന്ദിരത്തിലെ മുറിയിൽ ബോംബ് സ്ഥാപിച്ചത് ഇസ്രയേൽ ചാരസംഘടനയായ മൊസാദിന്റെ ഇറേനിയൻ സൈന്യത്തിലെ ഏജന്റുമാരാണെന്നു റിപ്പോർട്ട്. ബ്രിട്ടനിലെ ദ ടെലിഗ്രാഫ് പത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഇറാനിലെ മുതിർന്ന ഉദ്യോഗസ്ഥരുടെ സംരക്ഷണച്ചുമതലയുള്ള സൈനികവിഭാഗമായ അൻസാർ അൽ മഹ്ദി സെക്യൂരിറ്റി യൂണിറ്റിലെ ഏജന്റുമാരാണ് മൊസാദിനുവേണ്ടി ബോംബുകൾ ഘടിപ്പിച്ചത്.
ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ട മുൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെ സംസ്കാരചടങ്ങിൽ പങ്കെടുക്കാൻ മേയിൽ ഹനിയ എത്തിയപ്പോൾ വധിക്കാൻ ഏജന്റുമാർ പദ്ധതിയിട്ടെങ്കിലും ജനബാഹുല്യം കാരണം പദ്ധതി പൊളിയുമെന്ന സംശയത്താൽ ഉപേക്ഷിച്ചു.
എങ്കിലും ഏജന്റുമാർ പിന്തിരിഞ്ഞില്ല. ഹനിയ സ്ഥിരമായി താമസിക്കുന്ന അതിഥിമന്ദിരത്തിലെ മൂന്ന് മുറികളിൽ ബോംബുകൾ ഘടിപ്പിച്ച ഏജന്റുമാർ വൈകാതെ രാജ്യം വിട്ടു. ഹനിയയുടെ സാന്നിധ്യം ഉറപ്പായതോടെ ഇറാനു പുറത്തുനിന്ന് വിദൂരനിയന്ത്രിത സംവിധാനമുപയോഗിച്ച് സ്ഫോടനം നടത്തുകയായിരുന്നു.
അതേസമയം, ഇസ്മയിൽ ഹനിയ കൊല്ലപ്പെട്ടത് ടെഹ്റാനിലെ അദ്ദേഹത്തിന്റെ താമസസ്ഥലത്തിന്റെ പുറത്തുനിന്നു വിട്ട ഹ്രസ്വദൂര മിസൈലാക്രമണത്തിലാണെന്ന് ഇറാനിലെ വിപ്ലവഗാർഡുകൾ പത്രക്കുറിപ്പിൽ വ്യക്തമാക്കി. ഇസ്രയേലിനോടു പ്രതികാരം ചെയ്യുമെന്നും അവർ മുന്നറിയിപ്പ് നൽകി.