ന്യൂയോർക്ക്: പോളിയോ വാക്സിൻ ദൗത്യം നടപ്പാക്കാനായി ഗാസയിൽ പരിമിതമായ തോതിൽ യുദ്ധം നിർത്തിവയ്ക്കാൻ ഇസ്രയേലുമായി ധാരണ ഉണ്ടാക്കിയതായി ലോകാരോഗ്യ സംഘടന അറിയിച്ചു. 25 വർഷത്തിനിടെ ആദ്യമായി ഗാസയിൽ പോളിയോ സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണിത്.
യുഎസ്, ഈജിപ്ത്, ഖത്തർ രാജ്യങ്ങളുടെ മധ്യസ്ഥതയിൽ നടക്കുന്ന വെടിനിർത്തൽ ശ്രമങ്ങളുടെ ഭാഗമല്ല ഈ യുദ്ധം നിർത്തിവയ്ക്കൽ.
വാക്സിൻ വിതരണത്തിന്റെ ഏകോപനത്തിന് ഇസ്രേലി അധികൃതരുമായി സഹകരിക്കുമെന്ന് പലസ്തീനിലെ ലോകാരോഗ്യ സംഘടനാ പ്രതിനിധി റിക് പീപ്പർകോൺ പറഞ്ഞു.
പത്തുവയസിനു താഴെയുള്ള 6.4 ലക്ഷം കുട്ടികൾക്ക് വാക്സിൻ നല്‍കാനാണു ശ്രമം. ഗാസയുടെ മധ്യ, തെക്ക്, വടക്ക് മേഖലകളിൽ മൂന്നു ഘട്ടങ്ങളായിട്ടായിരിക്കും മരുന്നുവിതരണം. ഓരോ ഘട്ടത്തിലും മൂന്ന് ദിവസം ഒന്‍പതു മണിക്കൂർ നേരം ചില പ്രത്യേക സ്ഥലങ്ങളിൽ യുദ്ധം നിർത്തിവയ്ക്കും.
വാക്സിൻ വിതരണവുമായി സഹകരിക്കുമെന്നു ഹമാസ് വൃത്തങ്ങൾ അറിയിച്ചു. നേരത്തേ, പത്തുമാസം പ്രായമുള്ള ശിശുവിനാണ് പോളിയോ സ്ഥിരീകരിച്ചത്. വാക്സിൻ ലഭിക്കാത്ത കുഞ്ഞിന് ഭാഗികമായി പക്ഷാഘാതമുണ്ടായി.