തിരുവനന്തപുരം: വയനാട്, വിലങ്ങാട് പുനരധിവാസത്തെക്കുറിച്ച് പ്രതിപക്ഷത്തിന്റെ നിർദേശങ്ങൾ സർക്കാരിനു മുന്പാകെ സമർപ്പിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ടു കണ്ടാണ് പ്രതിപക്ഷത്തിന്റെ നിർദേശങ്ങൾ മുന്നോട്ടുവച്ചത്.
വയനാട്ടിൽ 100 വീടുകൾ രാഹുൽ ഗാന്ധി വാഗ്ദാനം ചെയ്തിട്ടുണ്ട്. സ്ഥലം കണ്ടെത്തിയാലുടൻ പ്രതിപക്ഷവുമായി ചർച്ച നടത്താമെന്ന് സർക്കാർ സമ്മതിച്ചിട്ടുണ്ടെന്നു പ്രതിപക്ഷ നേതാവ് അറിയിച്ചു.
ഉരുൾപൊട്ടലിൽ വീടും കൃഷിസ്ഥലവും നഷ്ടപ്പെട്ടവരെ സാധാരണ നിലയിൽ വീടും സ്ഥലവും കൊടുത്തു പുനരധിവസിപ്പിക്കുന്നതിനു പകരം കമ്യൂണിറ്റി ലിവിംഗിനു സാധ്യമാകുന്ന തരത്തിൽ ടൗണ്ഷിപ് മാതൃക സ്വീകരിക്കണമെന്നും സതീശൻ നിർദേശിച്ചു. കൃഷിക്കും സൗകര്യം നൽകണം.
പൊതുമേഖലാ ബാങ്കുകൾ, സ്വകാര്യ ബാങ്കുകൾ, സഹകരണ ബാങ്കുകൾ എന്നിവ നൽകിയ വിദ്യാഭ്യാസവായ്പ ഉൾപ്പെടെയുള്ള എല്ലാവായ്പകളും എഴുതിത്തള്ളണം.ഓരോ കുടുംബത്തിനും മൈക്രോ ലെവൽ പാക്കേജ് ഉണ്ടാക്കണം.
ചില കുടുംബങ്ങളിൽ കുട്ടികൾ മാത്രമേയുള്ളൂ. ചിലയിടങ്ങളിൽ മുതിർന്നവർ മാത്രമേ ജീവിച്ചിരിക്കുന്നുള്ളൂ. വരുമാനം ഉണ്ടാക്കുന്ന കുടുംബനാഥനെ നഷ്ടപ്പെട്ടവരുമുണ്ട്. അതുകൊണ്ട് ഓരോ കുടുംബത്തെയും പ്രത്യേകം പരിഗണിച്ച് മൈക്രോ ലെവൽ പാക്കേജ് നടപ്പാക്കണം.
ദുരന്തങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിൽ കാലാവസ്ഥാ വ്യതിയാനം പരിഗണിച്ചേ മതിയാകൂ. പൂർണമായും ശാസ്ത്രീയമായ പരിശോധനയും പ്രോണ് ഏരിയ മാപ്പിംഗും മുന്നറിയിപ്പു സംവിധാനങ്ങളും കൊണ്ടുവരണം.
ഇരു സർക്കാരുകളുടെയും ശാസ്ത്ര സ്ഥാപനങ്ങളും കാലാവസ്ഥാ വകുപ്പുകളും കൊച്ചിൻ യൂണിവേഴ്സിറ്റി പോലുള്ള അന്താരാഷ്ട്ര നിലവാരമുള്ള സ്ഥാപനങ്ങളും യോജിച്ച് പ്രവർത്തിക്കണം. സമഗ്ര ഏകോപനത്തിന് സംവിധാനമുണ്ടാകണം.
വിലങ്ങാട് മേഖലയിൽ 24 ഉരുൾ പൊട്ടലുകളുണ്ടായെന്നാണ് ഔദ്യോഗിക കണക്ക്. നാൽപ്പതോളം ഉരുൾപൊട്ടലുണ്ടായെന്നു നാട്ടുകാർ പറയുന്നു. ഗുരുതര ആഘാതമാണ് ഒരു ഗ്രാമത്തിലുണ്ടായത്. നിരവധി വീടുകൾ തകർന്നു. 150 തിലധികം വീടുകൾ വാസയോഗ്യമല്ലാതായി. 350 ഹെക്ടർ കൃഷി നശിച്ചു.
116 ഹെക്ടർ സ്ഥലത്ത് ഇനി കൃഷി ചെയ്യാൻ സാധിക്കില്ല. 25 റോഡുകൾ തകർന്നു. ഏഴു പാലങ്ങൾ ഇല്ലാതായി. കുടിവെള്ള പദ്ധതികൾ നിലച്ചു. വാണിമേൽ പഞ്ചായത്ത് തയാറാക്കിയ നാശനഷ്ടങ്ങളുടെ കണക്ക് മുഖ്യമന്ത്രിക്കു നൽകി. വിലങ്ങാടിനു പ്രത്യേക പാക്കേജ് വേണമെന്നും ആവശ്യപ്പെട്ടു.