കൊച്ചി: അവയവക്കച്ചവടത്തിനായി ഇറാനിലേക്ക് മനുഷ്യക്കടത്ത് നടത്തിയ കേസില്‍ കൊച്ചിയിലെ എന്‍ഐഎ പ്രത്യേക കോടതിയില്‍ പ്രാഥമിക കുറ്റപത്രം സമര്‍പ്പിച്ചു.
ഇറാനില്‍ ഒളിവിലുള്ള കൊച്ചി സ്വദേശി മധു ജയകുമാറിനെ ഒന്നാം പ്രതിയാക്കിയാണ് കുറ്റപത്രം. കേസിന് രാജ്യാന്തര മാനങ്ങളുള്ളതിനാല്‍ ആലുവ റൂറല്‍ പോലീസ് അന്വേഷിച്ചുകൊണ്ടിരുന്ന കേസ് എന്‍ഐഎ ഏറ്റെടുക്കുകയായിരുന്നു.
കഴിഞ്ഞ ജൂലൈ മൂന്നിന് എന്‍ഐഎ അന്വേഷണം ആരംഭിച്ച കേസില്‍ മൂന്നു പ്രതികളെ ഇതുവരെ അറസ്റ്റ് ചെയ്തു. മധു ജയകുമാറിനെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നതിനിടെയാണ് എന്‍ഐഎ മനുഷ്യക്കടത്ത് കേസ് ഏറ്റെടുത്തത്.
ആദ്യം പിടിയിലായ തൃശൂര്‍ സ്വദേശി സാബിത് നാസറാണ് കേസിലെ രണ്ടാം പ്രതി. കൊച്ചി-കുവൈറ്റ്-ഇറാന് റൂട്ടില്‍ നിരന്തരം യാത്ര ചെയ്തിരുന്ന ആളായിരുന്നു സാബിത്ത്. വൃക്ക നല്കാന് തയാറാകുന്നവരെ കണ്ടെത്തി അവരെ ഇറാനിലും തിരികെയും എത്തിക്കുക എന്നതായിരുന്നു ഇയാളുടെ ജോലി. വൃക്ക നല്‍കുന്നത് നിയമപരമാണെന്നു വിശ്വസിപ്പിച്ച് വ്യാജ രേഖകള്‍ തയാറാക്കിയായിരുന്നു ആളുകളെ ഇയാള്‍ ഇറാനിലേക്കു കടഞ്ഞിയതെന്നാണ് ആരോപണം.
വൃക്ക നല്കിക്കഴിഞ്ഞാല് ആറു ലക്ഷത്തോളം രൂപയാണു നല്‍കുക. എന്നാല്‍ വൃക്ക സ്വീകരിക്കുന്നവരില്‍നിന്ന് ഒരു കോടി രൂപ വരെ ഇവര്‍ ഈടാക്കിയിരുന്നു. ഹൈദരാബാദ് കേന്ദ്രീകരിച്ചായിരുന്നു സംഘത്തിന്റെ പ്രധാന പ്രവര്‍ത്തനം.
വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങള്‍, കര്‍ണാടക എന്നിവിടങ്ങളില്‍നിന്നുള്ള ആളുകളെ ഇത്തരത്തില്‍ ഇറാനിലെത്തിച്ചിട്ടുണ്ട്. പാലക്കാട് സ്വദേശിയായ ഷെമീറും ഇത്തരത്തില്‍ വൃക്ക നല്‍കിയിട്ടുണ്ടെങ്കിലും ഇയാളെ ഇതുവരെ കണ്ടെത്താനായിട്ടില്ല.
സാബിത്ത് പിടിയിലായതിനു പിന്നാലെയാണ് മൂന്നാം പ്രതിയും അവയവക്കടത്തിലെ മുഖ്യസൂത്രധാരനുമെന്ന് കരുതപ്പെടുന്ന ഹൈദരാബാദ് സ്വദേശി ബെല്ലംകൊണ്ട രാമപ്രസാദ് അറസ്റ്റിലാകുന്നത്. ഇവരുടെ പണം കൈകാര്യം ചെയ്തിരുന്നുവെന്ന് കരുതപ്പെടുന്ന കൊച്ചി സ്വദേശിയും മധുവിന്റെ സുഹൃത്തുമായ സജിത് ശ്യാമിനെയും പിന്നീട് അറസ്റ്റ് ചെയ്തിരുന്നു.