ന്യൂഡൽഹി/ഛർകി ദാദ്രി: രാജ്യത്തിനായി ഒരു ഒളിന്പിക് മെഡൽ-അതായിരുന്നു ഹരിയാന ഛർകി ദാദ്രിക്കാരിയായ വിനേഷ് ഫോഗട്ടിന്റെ സ്വപ്നം. ആ സ്വപ്നത്തിലേക്കു ശേഷിച്ചത് അഞ്ചു മിനിറ്റിന്റെ അകലം മാത്രം… എന്നാൽ, 100 ഗ്രാം അധിക തൂക്കത്തിന്റെ പേരിൽ ആ സ്വപ്നം കണ്ണീരിൽ അലിഞ്ഞുപോയി. ആ കണ്ണീർ തുടയ്ക്കാൻ കോടതിക്കും സാധിച്ചില്ല.
2024 പാരീസ് ഒളിന്പിക്സിൽ വനിതകളുടെ 50 കിലോഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തി ഫൈനലിനു മുന്പ് അയോഗ്യയാക്കപ്പെട്ട വിനേഷ് വിതുന്പലോടെ നാട്ടിൽ തിരിച്ചെത്തി. എന്നാൽ, ഇന്നലെ ന്യൂഡൽഹി ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിലെത്തിയ വിനേഷിനെ വീരോചിത വരവേല്പു നൽകിയാണ് ആരാധകർ ആശ്വസിപ്പിച്ചത്.
കുടുംബാഗങ്ങളും സുഹൃത്തുക്കളും ഇന്ത്യക്കുവേണ്ടി ഗുസ്തിയിലൂടെ ഒളിന്പിക് മെഡൽ നേടിയ സാക്ഷി മാലിക്, ബജ്റംഗ് പുനിയ, ഒളിന്പിക് ബോക്സിംഗ് മെഡലിസ്റ്റ് വിജേന്ദർ സിംഗ് തുടങ്ങിയവരും വിനേഷിനെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ എത്തിയിരുന്നു.
സ്വീകരണങ്ങൾക്കു നടുവിൽ കണ്ണീർച്ചാലുകൾ പിടിച്ചുനിർത്താൻ ഫോഗട്ട് എന്ന ഇരുപത്തൊന്പതുകാരി പണിപ്പെട്ടു. കഴുത്തിൽ അണിയിക്കപ്പെട്ട നോട്ടുമാലകൾക്കും ഹാരങ്ങൾക്കുമൊന്നും ഫോഗട്ടിന്റെ കണ്ണീർ പ്രവാഹം തടയാനായില്ല. ഡൽഹിയിൽനിന്ന് സ്വദേശമായ ഛർകി ദാദ്രിയിലെ ബലാലി ഗ്രാമത്തിലേക്ക് വാഹനജാഥയോടെയാണ് വിനേഷിനെ ആരാധകർ ആനയിച്ചത്.
കോടതി മുഖം തിരിച്ചു
ഫൈനൽദിനം രാവിലെ നടത്തിയ പരിശോധനയിലാണ് 100 ഗ്രാം തൂക്കം അധികമെന്നു പാരീസ് ഒളിന്പിക്സ് ടെക്നിക്കൽ കമ്മിറ്റി കണ്ടെത്തിയത്. സെമി ഫൈനൽവരെ നടന്ന തലേദിനം 50 കിലോയിൽ താഴെയായിരുന്നു വിനേഷിന്റെ ഭാരം.