തിരുവനന്തപുരം: മുനന്പം വഖഫ് ഭൂമിയുമായി ബന്ധപ്പെട്ട തർക്കം പരിഹരിക്കുന്നതിനായി ജുഡീഷൽ കമ്മീഷനെ നിയോഗിക്കാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു.
ഹൈക്കോടതി മുൻ ആക്ടിംഗ് ചീഫ് ജസ്റ്റീസായിരുന്ന ജസ്റ്റീസ് സി.എൻ. രാമചന്ദ്രൻനായർ കമ്മീഷനാകും മുനന്പം ഭൂമി പ്രശ്നം നിയമപരമായി ശാശ്വതമായി പരിഹരിക്കാനുള്ള നടപടി സ്വീകരിക്കുക.
എൻക്വയറി കമ്മീഷൻ ആക്ട് അനുസരിച്ചാണ് ജുഡീഷൽ കമ്മീഷനെ നിയമിക്കാൻ തീരുമാനിച്ചതെന്നും മൂന്നു മാസത്തിനകം റിപ്പോർട്ട് നൽകാൻ നിർദേശിക്കുമെന്നും മന്ത്രിമാരായ പി. രാജീവ്, കെ. രാജൻ, വി. അബ്ദുറഹ്മാൻ എന്നിവർ അറിയിച്ചു.
ഇപ്പോൾ മുനന്പത്തു താമസിക്കുന്നവർക്ക് നിയമപരമായ പരിരക്ഷ ഉറപ്പാക്കുന്നതിനാണ് കമ്മീഷനെ നിയമിച്ചത്. കൈവശക്കാരുടെ ഭൂമിയുടെ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകൾ പരിശോധിച്ച് കമ്മീഷൻ ഇവിടെയുള്ള അർഹരെ കണ്ടെത്തും. ഇവരെ കുടിയൊഴിപ്പിക്കില്ല. ഇവിടെ താമസിക്കുന്ന കൈവശാവകാശമുള്ള ഒരാളെയും ഒഴിപ്പിക്കില്ല.
മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നു സമരസമിതി പ്രവർത്തകരുമായും നേതാക്കളുമായും ചർച്ച നടത്തും. ഓണ്ലൈനായിട്ടാകും മുഖ്യമന്ത്രി ഇവരുമായി ചർച്ച നടത്തുക. സർവകക്ഷിയോഗം വിളിച്ചു പ്രശ്നം ചർച്ച ചെയ്തു പരിഹരിക്കണമെന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ ആവശ്യം യോഗം അംഗീകരിച്ചില്ല.
ഇനി ഇത്തരത്തിലുള്ള ഒഴിപ്പിക്കൽ നോട്ടീസുകൾ നൽകരുതെന്നു വഖഫ് ബോർഡിനോടു യോഗം അഭ്യർഥിച്ചു. ജുഡീഷൽ കമ്മീഷൻ തീരുമാനം വരുന്നതു വരെ ഇനി നോട്ടീസ് നൽകില്ലെന്നു വഖഫ് ബോർഡ് യോഗത്തിൽ ഉറപ്പു നൽകി.
മുനന്പം ഭൂമി സംബന്ധിച്ചു ഹൈക്കോടതിയിൽ ഒന്പതു കേസും വഖഫ് ട്രൈബ്യൂണലിൽ രണ്ടു കേസുകളും നിലവിലുള്ള സാഹചര്യത്തിലാണ് നിയമപരമായ ശാശ്വത പരിഹാരം കണ്ടെത്താൻ കമ്മീഷനെ നിയോഗിച്ചതെന്നാണു മന്ത്രിമാർ പറയുന്നത്. നിയമപരമായ എല്ലാ വശവും കമ്മീഷൻ പരിശോധിക്കും. വിലകൊടുത്ത് വാങ്ങിയവർക്ക് അടക്കം നിയമപരമായ എല്ലാ പരിരക്ഷയും ഉറപ്പാക്കുമെന്നും അവർ അറിയിച്ചു.
ചർച്ചയിൽ മുഖ്യമന്ത്രി, മന്ത്രിമാരായ പി. രാജീവ്. കെ. രാജൻ, വി. അബ്ദുറഹ്മാൻ, ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ എന്നിവരെ കൂടാതെ നിയമ, റവന്യു, വഖഫ് വകുപ്പ് സെക്രട്ടറിമാർ, അഡ്വക്കറ്റ് ജനറൽ, വഖഫ് ബോർഡ് ചെയർമാൻ തുടങ്ങിയവരും പങ്കെടുത്തു.