വഖഫ് ആണ് വാർത്തയും വിവാദവും തർക്കവും. വഖുഫ എന്ന അറബി പദത്തിൽനിന്നാണ് വഖഫ് എന്ന വാക്കിന്റെ ഉത്ഭവം. തടങ്കലിൽ വയ്ക്കുക, പിടിക്കുക, കെട്ടുക എന്നൊക്കെയാണ് അർഥം. എറണാകുളം ജില്ലയിലെ മുനന്പം എന്ന തീരദേശഗ്രാമത്തിലെ മത്സ്യത്തൊഴിലാളികൾ അടക്കമുള്ളവരെ സംബന്ധിച്ചിടത്തോളം വിലകൊടുത്തു വാങ്ങിയതും തലമുറകളായി താമസിച്ചിരുന്നതുമായ ഭൂമി വഖഫ് ബോർഡ് പിടിച്ചെടുക്കുമെന്ന ആശങ്കയിലാണ്. പ്രദേശം നേരിട്ടു സന്ദർശിച്ച പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് ദീപികയിൽ എഴുതിയ ലേഖനത്തിൽ മുനന്പത്തെ ജനതയുടെ വേദനയുടെ ആഴവും പ്രശ്നത്തിന്റെ വസ്തുതകളും വിശദീകരിച്ചിരുന്നു.
കേരളത്തിൽ മറ്റു പലയിടങ്ങളിലും പ്രശ്നം ഉടലെടുത്തേക്കാം. തൊട്ടടുത്ത കർണാടകയിലെ വിജയപുര ജില്ലയിൽ കർഷകരുടെ 15,000 ഏക്കറോളം ഭൂമി വഖഫ് ബോർഡ് അവകാശപ്പെട്ടതു വലിയ തർക്കമായി. ബെല്ലാരിയിൽ 50 ഏക്കർ ഭൂമി വഖഫ് അവകാശപ്പെട്ടതും വിവാദമായി. കർണാടകയിലെ ചിത്രദുർഗ, യാദ്ഗിർ, ധാർവാഡ്, ദാവൻഗെരെ, ഗുൾബർഗ, ബിദാർ ജില്ലകളിലും സമാന സംഭവങ്ങൾ ഉയർന്നുവരുന്നുണ്ട്. ബംഗളൂരു ഈദ്ഗാഫ് മൈതാനം, തമിഴ്നാട്ടിലെ തിരുച്ചെന്തുരെ ഗ്രാമം, ഗുജറാത്തിൽ ദ്വാരകയിലെ രണ്ടു ചെറുദ്വീപുകൾ, സൂറത്ത് മുനിസിപ്പൽ കോർപറേഷൻ കേസ് തുടങ്ങി നിരവധി പ്രമാദ കേസുകൾ വേറെ.
വഖഫ് നോട്ടീസുകളുടെ അടിസ്ഥാനത്തിൽ ഒരു കർഷകനെയും കുടിയൊഴിപ്പിക്കില്ലെന്നു കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഉറപ്പുനൽകിയിട്ടുണ്ട്. വഖഫ് ഭൂമിയെന്ന പേരിൽ പുറപ്പെടുവിച്ച എല്ലാ നോട്ടീസുകളും പിൻവലിക്കുകയും കർഷകരുടെ സ്വത്തുക്കൾ സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും പ്രഖ്യാപിച്ചു.
►മുന്നറിയിപ്പാണ് മുനന്പം◄
പക്ഷേ, കേരളത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും റവന്യു മന്ത്രി കെ. രാജനും ഇത്തരം ഉറപ്പുകൾ നൽകാൻ തയാറായിട്ടില്ല. സ്വന്തം കിടപ്പാടം സംരക്ഷിക്കാനായി മുനന്പത്ത് സത്യഗ്രഹമിരിക്കുന്നവരെ സന്ദർശിക്കാൻ പോലും മുഖ്യമന്ത്രിയും സംസ്ഥാന മന്ത്രിമാരും തയാറായിട്ടില്ല. കേരള, കർണാടക സർക്കാരുകൾ തമ്മിലുള്ള വ്യത്യാസം കാണണം. പാവപ്പെട്ട മത്സ്യത്തൊഴിലാളികളെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വത്തിൽനിന്നു കേരളത്തിലെ രാഷ്ട്രീയ, ഭരണ നേതൃത്വങ്ങൾ തുടരുന്ന കള്ളക്കളി ആപത്താണ്. രാഷ്ട്രീയ പാർട്ടികളുടെ ഇരട്ടത്താപ്പുകൾ ജനം തിരിച്ചറിയുന്നുണ്ട്.
പാർലമെന്റിലെ വഖഫ് ഭേദഗതി ബില്ലിനെതിരേ കേരള നിയമസഭയിൽ എൽഡിഎഫും യുഡിഎഫും സംയുക്തമായി പ്രമേയം പാസാക്കുകയും ചെയ്തു. സംയുക്ത പാർലമെന്ററി സമിതിയുടെ പരിശോധനയിലിരിക്കേയാണിത്. വഖഫ് ബിൽ പരിശോധിക്കുന്ന സംയുക്ത പാർലമെന്ററി സമിതിയിലും (ജെപിസി) വോട്ടുരാഷ്ട്രീയമാണു മറനീക്കിയത്. യോഗത്തിനിടെ തൃണമൂൽ കോണ്ഗ്രസ് എംപി കല്യാണ് ബാനർജി മേശപ്പുറത്തിരുന്ന വെള്ളത്തിന്റെ കുപ്പി അടിച്ചുപൊട്ടിച്ച് അധ്യക്ഷനു നേരേ വലിച്ചെറിഞ്ഞ സംഭവം വലിയ വിവാദമായിരുന്നു. സ്വന്തം കൈവിരലുകളിൽ മുറിവേറ്റ കല്യാണിനെ ഒരു ദിവസത്തേക്ക് ജെപിസിയിൽനിന്നു സസ്പെൻഡ് ചെയ്യുകയും ചെയ്തു.
►പകുതി വഖഫ് അജ്ഞാതം◄
ലോകത്തിൽ ഏറ്റവും കൂടുതൽ വഖഫ് സ്വത്തുക്കളുള്ള രാജ്യം ഇന്ത്യയാണ്. കേന്ദ്രസർക്കാരിന്റെ കണക്കനുസരിച്ചാണിത്. റെയിൽവേ, പ്രതിരോധ വകുപ്പുകൾ കഴിഞ്ഞാൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഭൂമി വഖഫിന്റേതാണ്. 2024 സെപ്റ്റംബർ വരെ, ഇന്ത്യയിൽ രജിസ്റ്റർ ചെയ്ത 8.7 ലക്ഷം വസ്തുക്കളിലായി ആകെ 9.4 ലക്ഷം ഏക്കർ ഭൂമിയാണു വഖഫിന്റെ പക്കലുള്ളത്. സച്ചാർ കമ്മിറ്റി റിപ്പോർട്ടനുസരിച്ച് 1.2 ലക്ഷം കോടി രൂപ വിപണിമൂല്യമുള്ള ആസ്തികളുണ്ട്. 2006ൽ കണക്കാക്കിയതാണിത്. വഖഫ് സ്വത്ത് ദൈവത്തിന്റേതായതിനാൽ, ഒരിക്കൽ വഖഫ് ആയതു പിന്നീട് ആർക്കും തിരിച്ചെടുക്കാൻ കഴിയില്ലെന്നാണു വഖഫ് നിയമം പറയുന്നത്.
ഇന്ത്യയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സ്ഥാവര വഖഫ് സ്വത്തുക്കളിൽ പകുതിയുടെ (50%) യഥാർഥ സ്ഥിതി അജ്ഞാതമാണെന്ന് പാർലമെന്ററി ഗവേഷകരായ പോളിസി റിസർച്ച് സ്റ്റഡീസിന്റെ (പിആർഎസ്) റിപ്പോർട്ടിൽ പറയുന്നു. ഏഴു ശതമാനം വസ്തുക്കൾ കൈയേറ്റമാണെന്നും റിപ്പോർട്ടിലുണ്ട്. രണ്ടു ശതമാനം ഭൂമി വ്യവഹാരത്തിലാണ്. മൊത്തം വഖഫ് ഭൂമിയുടെ 17 ശതമാനം ശ്മശാനങ്ങൾ, 16 ശതമാനം കൃഷിഭൂമി, 14 ശതമാനം മോസ്കുകൾ, 13 ശതമാനം വ്യാപാരസ്ഥാപനങ്ങൾ എന്നിവയാണെന്നും പിആർഎസിന്റെ പഠനറിപ്പോർട്ടിലുണ്ട്. യുപിയിലും (27%) പശ്ചിമബംഗാളിലും പഞ്ചാബിലു (9% വീതം) മാണ് കൂടുതൽ വഖഫ് ഭൂമിയുള്ളത്.
►ദൈവത്തിനും ഭൂസ്വത്ത്!◄
ഇസ്ലാമിക വ്യക്തിനിയമമനുസരിച്ച് ട്രസ്റ്റിൽ നടത്തുന്ന ഒരു ചാരിറ്റബിൾ എൻഡോവ്മെന്റാണ് വഖഫ് എന്നു പൊതുവേ പറയാം. കാരുണ്യപരമോ മതപരമോ ആയ ആവശ്യങ്ങൾക്കായി ദാതാവ് (വഖിഫ്) ആസ്തികൾ (മൗഖുഫ്) സമർപ്പിക്കുന്നു. വഖഫ് സ്വത്ത് ദൈവത്തിന്റേതാണെന്നു കണക്കാക്കും. ഒരു പ്രത്യേക ചാരിറ്റി ആവശ്യത്തിനായുള്ള എൻഡോവ്മെന്റ് പൂർത്തിയാകുന്പോൾ ആസ്തികളുടെ നിയമപരമായ ഉടമസ്ഥാവകാശത്തെക്കുറിച്ച് ഇസ്ലാമിക നിയമജ്ഞർക്കിടയിൽ പോലും അഭിപ്രായവ്യത്യാസമുണ്ട്.
ഉടമസ്ഥാവകാശം ദൈവത്തിനു തിരിച്ചുനൽകണമെന്നു ചിലരും ദാതാവിൽതന്നെ തുടരുമെന്ന് മറ്റു ചിലരും പറയുന്നു. ആസ്തികൾ നിയന്ത്രിക്കുന്നതു സംരക്ഷകനാണ് (മുതവല്ലി). ഇസ്ലാമിക വിദ്യാഭ്യാസം, ആരോഗ്യം, മറ്റു പൊതുസംരംഭങ്ങൾ എന്നിവയിലേക്കുള്ള മാർഗങ്ങളിലൊന്നായിരുന്നു വഖഫ് എൻഡോവ്മെന്റുകൾ.
ഇന്ത്യയിലെ 32 സംസ്ഥാന വഖഫ് ബോർഡുകൾ നിയന്ത്രിക്കുന്നതാകട്ടെ ഇരുന്നൂറോളം വ്യക്തികളാണ്. യുപിയിലും ബിഹാറിലുമുള്ള ഓരോ വഖഫ് ബോർഡുകൾ ഷിയ മുസ്ലിംകളുടേതാണ്. മോസ്കുകളും ശ്മശാനങ്ങളും പരിപാലിക്കുക, വിദ്യാഭ്യാസ സ്ഥാപനങ്ങളും ആരോഗ്യകേന്ദ്രങ്ങളും സ്ഥാപിക്കുക, പാവപ്പെട്ടവർക്കും വികലാംഗർക്കും സാന്പത്തികസഹായം നൽകുക തുടങ്ങിയവയാണ് വഖഫ് ബോർഡുകളുടെ പ്രധാന ചുമതല.
►പരിഷ്കരിക്കാൻ ശ്രമമില്ല◄
ഇന്ത്യയിൽ വഖഫ് സൃഷ്ടിക്കുന്നതും കൈകാര്യം ചെയ്യുന്നതും നിയന്ത്രിക്കുന്നതും 1995ലെ വഖഫ് നിയമമനുസരിച്ചാണ്. വഖഫ് കൈകാര്യം ചെയ്യുന്നത് ഇസ്ലാമിക നിയമപ്രകാരമാണെന്നതാണു പ്രത്യേകത. ബ്രിട്ടീഷ് ഭരണകാലത്ത് 1913, 1923ലും പിന്നീട് സ്വാതന്ത്ര്യത്തിനുശേഷം 1954ലും പാസാക്കിയ നിയമനിർമാണങ്ങൾ 1995ലെ നിയമപ്രകാരം റദ്ദാക്കപ്പെട്ടു. ഉത്തർപ്രദേശ്, ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങൾ പാസാക്കിയ വഖഫ് നിയന്ത്രണ നിയമങ്ങളും റദ്ദായി. 2013ൽ വഖഫ് നിയമം വീണ്ടും ഭേദഗതി ചെയ്തു.
പത്തൊന്പതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ബ്രിട്ടീഷ് ഭരണകാലത്ത് ലണ്ടനിലെ പ്രിവി കൗണ്സിലിൽ വഖഫ് സ്വത്ത് സംബന്ധിച്ച തർക്കം അവസാനിച്ചപ്പോൾ ഇന്ത്യയിൽ വഖഫ് നിർത്തലാക്കുന്നതിന് ഒരു കേസ് ഉണ്ടായിരുന്നു. വഖഫ് അസാധുവാണെന്ന് കേസ് പരിഗണിച്ച നാലു ബ്രിട്ടീഷ് ജഡ്ജിമാർ വിധിച്ചു. ഏറ്റവും മോശവും വിനാശകരവുമെന്നാണ് ജഡ്ജിമാർ വഖഫിനെ വിശേഷിപ്പിച്ചത്. ഈ വിധി ഇന്ത്യയിൽ നടപ്പായില്ല. 1913ലെ മുസൽമാൻ വഖഫ് മൂല്യനിർണയ നിയമം ഇന്ത്യയിലെ വഖഫിനെ രക്ഷിച്ചു. അതിനുശേഷം വഖഫുകളെ പരിഷ്കരിക്കാൻ ഒരു ശ്രമവും നടന്നിട്ടില്ല.
►അവിടെയില്ല, ഇവിടെയുണ്ട്◄
ഈജിപ്ത്, തുർക്കി, ലിബിയ, ലബനൻ, സിറിയ, ജോർദാൻ, ടുണീഷ്യ, ഇറാക്ക്, സുഡാൻ തുടങ്ങിയ ഇസ്ലാമിക രാജ്യങ്ങളിൽ വഖഫ് ഇല്ല. ഇന്ത്യയിലാകട്ടെ നഗരങ്ങളിലെ ഏറ്റവും വലിയ ഭൂവുടമസ്ഥതയ്ക്കു പുറമെ, ഇസ്ലാമിക നിയമപ്രകാരം സംരക്ഷിക്കാൻ കേന്ദ്രനിയമവും ഉണ്ട്. കോണ്ഗ്രസ് സർക്കാരുകളുടെ വോട്ടുബാങ്ക് രാഷ്ട്രീയത്തിന്റെ ഫലമാണിതെന്ന് ബിജെപി ആരോപിക്കുന്നു.
തുടർന്നാണ് 1995ലെ വഖഫ് നിയമം ഭേദഗതി ചെയ്യുന്ന ‘ദ വഖഫ് റിപ്പീൽ ബിൽ 2022’ കഴിഞ്ഞ വർഷം ഡിസംബർ എട്ടിന് മോദിസർക്കാർ രാജ്യസഭയിൽ അവതരിപ്പിച്ചത്. കോണ്ഗ്രസ് നേതൃത്വത്തിലുള്ള പ്രതിപക്ഷത്തിന്റെ എതിർപ്പിനെത്തുടർന്നു ബിൽ ജെപിസിയുടെ പരിശോധനയ്ക്കു വിട്ടു. മതസ്ഥാപനങ്ങളും ജീവകാരുണ്യ സ്ഥാപനങ്ങളും ഭരണഘടനയുടെ കണ്കറന്റ് ലിസ്റ്റിലാണ്. അതിനാൽ, പാർലമെന്റിനും നിയമസഭകൾക്കും നിയമരൂപീകരണത്തിന് അധികാരമുണ്ട്.
►വിശദമായ ചർച്ച നടക്കട്ടെ◄
സംയുക്ത പാർലമെന്ററി സമിതി (ജെപിസി) പരിശോധിക്കുന്ന വഖഫ് ഭേദഗതി ബില്ലിലെ എല്ലാ മാറ്റങ്ങളെയും എതിർക്കുന്നത് രാഷ്ട്രീയമാണെന്ന് കേന്ദ്രസർക്കാർ പറയുന്നു. വഖഫിന്റെ പക്കലുള്ള സർക്കാർ വസ്തുവകകളുടെ ഉടമസ്ഥാവകാശം കളക്ടർ തീരുമാനിക്കുമെന്നതാണ് ഭേദഗതിയിലെ മുഖ്യം. സർവേ കമ്മീഷണറെ മാറ്റി ജില്ലാ കളക്ടർക്കു വഖഫ് സ്വത്തുക്കളുടെ സർവേ നടത്താൻ അധികാരം നൽകും. സർക്കാർ വസ്തുവായി കണക്കാക്കിയാൽ റവന്യു രേഖകൾ പുതുക്കും.
വഖഫ് ട്രൈബ്യൂണലിന്റെ തീരുമാനം അന്തിമമാകുമെന്ന നിലവിലെ വ്യവസ്ഥ റദ്ദാക്കും. ട്രൈബ്യൂണലിന്റെ തീർപ്പിനെതിരേ 90 ദിവസത്തിനകം ഹൈക്കോടതിയിൽ നേരിട്ട് അപ്പീൽ നൽകാൻ പുതിയ ബില്ലിൽ വ്യവസ്ഥയുണ്ട്. ട്രൈബ്യൂണലിൽനിന്നു മുസ്ലിം നിയമവിദഗ്ധനെ ബിൽ ഒഴിവാക്കുന്നു. കേന്ദ്ര വഖഫ് കൗണ്സിലിന്റെയും ബോർഡുകളുടെയും ഘടനയിൽ അമുസ്ലിം അംഗങ്ങളെക്കൂടി ഉൾപ്പെടുത്താനുള്ളതാണ് മറ്റൊരു ഭേദഗതി.
വഖഫ് ചുമതലയുള്ള കേന്ദ്രമന്ത്രിയാണ് സെൻട്രൽ വഖഫ് കൗണ്സിലിന്റെ അധ്യക്ഷൻ. മന്ത്രിയൊഴികെ എല്ലാ അംഗങ്ങളും മുസ്ലിം ആയിരിക്കണമെന്ന വ്യവസ്ഥ ബിൽ എടുത്തുകളയുന്നു. രണ്ടംഗങ്ങൾ അമുസ്ലിംകളായിരിക്കണമെന്ന വ്യവസ്ഥയുമുണ്ട്. ഇതനുസരിച്ച് 22 കൗണ്സിൽ അംഗങ്ങളിൽ 12 പേർ അമുസ്ലിം ആകാൻ സാധ്യതയുണ്ട്. സംസ്ഥാന വഖഫ് ബോർഡിലെ 11 അംഗങ്ങളിൽ ഏഴുപേർ വരെ അമുസ്ലിംകളാകാം. മുസ്ലിം അംഗങ്ങളിൽ രണ്ടു പേർ സ്ത്രീകളാകണം. ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ മുസ്ലിം ആകുകയോ അല്ലാതെയോ വരാം. ഇതടക്കമുള്ള വ്യവസ്ഥകൾ ജെപിസിയിലും പിന്നീട് പാർലമെന്റിൽ നിയമഭേദഗതി പാസാക്കുന്നതിനു മുന്പും ചർച്ച ചെയ്യപ്പെടും.
►മതസൗഹർദം തകർക്കരുത്◄
വോട്ടുബാങ്ക് രാഷ്ട്രീയത്തിനപ്പുറം, ഭരണഘടനാനുസൃതവും നീതിയുക്തവുമാകണം ഏതൊരു നിയമവും. മതത്തിന്റെ മറവിൽ മറ്റുള്ളവരുടെ പൗരാവകാശങ്ങൾ ലംഘിക്കപ്പെടരുത്. വഖഫ് സ്വത്തുക്കൾ അവരുടേതാകുന്നതിന് മുന്പും മറ്റൊരു ഉടമസ്ഥതയിലായിരുന്നു. പക്ഷേ വളരെ പഴയ, കൃത്യമായ രേഖകൾ പോലുമില്ലാത്ത ഉടമസ്ഥതയുടെ മറവിൽ, തലമുറകളായി നിയമപരമായ ഉടമസ്ഥാകാശം ഉള്ളതും നികുതി അടച്ചുവരുന്നതുമായ സാധാരണക്കാരുടെ ഭൂമിയിൽ ആർക്കും അവകാശം നൽകരുത്.
മതത്തിന്റെയും മതനിയമങ്ങളുടെയും പേരിൽ ഇതരമതസ്ഥരായ പൗരന്മാരുടെ അവകാശങ്ങൾ കവരാതെ നോക്കാനുള്ള ബാധ്യത ബന്ധപ്പെട്ട മതനേതാക്കൾക്കും രാഷ്ട്രീയ, ഭരണ നേതൃത്വങ്ങൾക്കുമുണ്ട്. പൗരാവകാശങ്ങൾക്കും നീതിനിഷേധങ്ങൾക്കും നേരേ സർക്കാരും കോടതികളും കണ്ണടയ്ക്കരുത്. വഖഫിന്റെ പേരിൽ ഒരു പക്ഷത്തും മതവിദ്വേഷം വളർത്താൻ അനുവദിച്ചുകൂടാ. ഭരണഘടനയേക്കാൾ വലുതല്ല മറ്റൊന്നും. മതേതര, ജനാധിപത്യ ഇന്ത്യയിൽ മതസൗഹാർദത്തിന് കോട്ടം വരാതെ കാക്കേണ്ടതുണ്ട്.