വഖഫ് നിയമങ്ങൾ പൊളിച്ചെഴുതാനുള്ള കേന്ദ്രസർക്കാർ നീക്കങ്ങളും വഖഫ് ബോർഡിന്റെ അനിയന്ത്രിത അധികാരത്തിന്റെ ഇരകളായ മുനമ്പം നിവാസികളുടെ അതിജീവന സമരവും ആഗോള ശ്രദ്ധയാകർഷിച്ച വിഷയങ്ങളാണ്. നിലവിലുള്ള വഖഫ് നിയമങ്ങൾക്ക് ഗൗരവമുള്ള പല ഭേദഗതികളും കേന്ദ്ര മന്ത്രിസഭ നിർദേശിച്ചിട്ടുണ്ട്. ഇസ്ലാം മതസ്വാതന്ത്ര്യത്തിന്റെ മേലുള്ള അന്യായമായ അധിനിവേശത്തിനുള്ള നീക്കമെന്ന് പല മുസ്ലിം മതവിഭാഗങ്ങളും ബിജെപി ഒഴികെയുള്ള മറ്റു പല രാഷ്ട്രീയ കക്ഷികളും ആരോപിക്കുന്നുണ്ടെങ്കിലും ഈ മാറ്റങ്ങളുടെ യഥാർഥ വസ്തുതകൾ പരിശോധിക്കേണ്ടതുണ്ട്.
വഖഫ്
വഖഫ് എന്ന വാക്ക് അറബിയിലെ വഖാഫ (waqafa) എന്ന മൂലത്തിൽനിന്നാണ്. ‘പരിമിതപ്പെടുത്തുക’ ( to confine ), ‘നിർത്തുക’ (to stop), ‘നിലനിർത്തുക’ (to hold) എന്നൊക്കെ ഇതിനെ ഭാഷാന്തരം ചെയ്യാം. ഇസ്ലാമിക ശരിഅത്ത് നിയമത്തിൽ വഖഫ് എന്നത് മതപരമായ ഉപയോഗത്തിന്, ഭക്തകാര്യങ്ങൾക്ക് അല്ലെങ്കിൽ ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് മാറ്റിവയ്ക്കപ്പെട്ട വസ്തു അഥവ ആസ്തി ആണ്.
അതിനായി ഒരു ദാനത്തുക സ്ഥിരനിക്ഷേപമാക്കുകയോ ആസ്തിയോ സ്ഥലമോ മാറ്റിവയ്ക്കുകയോ ട്രസ്റ്റ് രൂപപ്പെടുത്തുകയോ ചെയ്തുകഴിയുമ്പോൾ അതിന്റെ കൈമാറ്റം, വില്പന, പിന്തുടർച്ച എന്നിവ നിർത്തലാക്കപ്പെടുന്നു. ആ ആസ്തിയുടെ അഥവ സ്വത്തിന്റെ ഉപയോഗം നിയമാനുസൃതം ഇപ്രകാരം മാറ്റിവയ്ക്കപ്പെട്ട കാര്യങ്ങൾക്കായി പരിമിതപ്പെടുത്തുന്നു.
മുഹമ്മദ് നബിയുടെ കാലം മുതൽ വസ്തുവകകൾ വഖഫായി മാറ്റുന്ന രീതി ഉണ്ടായിരുന്നുവെന്ന് പറയപ്പെടുന്നു. ഈ മതാചാരത്തിന് പിന്നീട് പ്രചുരപ്രചാരം ലഭിക്കുകയും അത് മുസ്ലിം സമൂഹത്തിന്റെ അവിഭാജ്യഘടകമായി മാറുകയും ചെയ്തു.തുർക്കിയിലെ ഓട്ടോമാൻ ഭരണകാലത്ത് വഖഫ് സംബന്ധമായ നിയമങ്ങൾ വിപുലമാക്കുകയും നിയതമായ ഭരണഘടന രൂപപ്പെടുത്തുകയും ചെയ്തു.
വഖഫ് ബ്രിട്ടീഷ് ഇന്ത്യയിൽ
ബ്രിട്ടീഷ് സർക്കാർ 1913ൽ ‘മുസൽമാൻ വഖഫ് വാലിഡേറ്റിംഗ് ആക്ട്’ (Mussalman Waqaf Validating Act 1913) നടപ്പിലാക്കി. തുടർന്ന് 1923ൽ ‘മുസൽമാൻ വഖഫ് ആക്ട്’ (Mussalman Waqaf Act 1923) പ്രസിദ്ധീകരിച്ചു. അതിനുമുമ്പ് അനൗപചാരിക നിയമങ്ങളും പ്രാദേശിക പാരമ്പര്യങ്ങളും ആണ് ഇവിടെ നിലനിന്നിരുന്നത്. ഇസ്ലാമിക നിയമത്തെ പണ്ഡിതന്മാർ വിവിധതരത്തിൽ വ്യാഖ്യാനിച്ചപ്പോൾ ഏകീകൃത നിയമങ്ങൾ ഉണ്ടാക്കുക ആവശ്യമായി വന്നു.
ഇന്ത്യ മുഴുവൻ ഒറ്റ വഖഫ് നിയമം നടപ്പിലാക്കുകയെന്ന ഉദ്ദേശ്യത്തോടെ 1913ൽ കൊണ്ടുവന്ന മുസൽമാൻ വഖഫ് വാലിഡേറ്റിംഗ് ആക്ട്, സെക്ഷൻ മൂന്ന് പ്രകാരം സ്വന്തം കുടുംബത്തിലെ അംഗങ്ങളുടെ സംരക്ഷണത്തിനും അവരുടെ കാലശേഷം പാവങ്ങളുടെ പ്രയോജനത്തിനുമായി നീക്കിവയ്ക്കുന്ന വഖഫിനെ നിയമസാധുതയുള്ളതാക്കി.
1923ലെ ആക്ട് വഖഫ് വസ്തുവകകളുടെ നടത്തിപ്പ് ക്രമീകൃതമാക്കുന്നതിനും കണക്കുകൾ സുതാര്യമാക്കുന്നതിനും വേണ്ടിയായിരുന്നു. വഖഫ് വസ്തുക്കളുടെ പരിപാലനത്തിനായി അഡ്മിനിസ്ട്രേറ്ററെ (Mutawalli) ചുമതലപ്പെടുത്തി. ഈ നിയമപ്രകാരം ഏതൊരു മുസൽമാനും ഏതൊരു വസ്തുവിനെയും വഖഫായി പ്രഖ്യാപിക്കുവാൻ കഴിയുമെന്ന് പറയുമ്പോഴും 1913ലെ നിയമം സെക്ഷൻ 3 പ്രകാരം സ്വന്തം കുടുംബത്തിലെ പിന്തുടർച്ചാവകാശികൾക്കായി സ്ഥാപിച്ച വഖഫ് വസ്തുവിനെ ഇതിന്റെ പരിധിയിൽനിന്ന് ഒഴിവാക്കി.
വഖഫ് സ്വതന്ത്ര ഇന്ത്യയിൽ
1954ലെ വഖഫ് നിയമത്തിൽ വന്ന കാതലായ മാറ്റം അതിന്റെ നിർവചനത്തിൽ തന്നെയായിരുന്നു. മതപരമായ ആവശ്യങ്ങൾ, ജീവകാരുണ്യപ്രവർത്തനങ്ങൾ, ഭക്തപരമായ കാര്യങ്ങൾ, സ്വന്തം കുടുംബാംഗങ്ങളുടെ സംരക്ഷണം എന്നിവ അതിന്റെ ലക്ഷ്യമായി തുടർന്നപ്പോഴും അതു സ്ഥാപിക്കപ്പെടുന്ന മൂന്നു രീതികൾ സെക്ഷൻ മൂന്നിലെ നിർവചനത്തിൽ കൂട്ടിച്ചേർത്തു: 1) ഉപയോക്താവിനാൽ ഉള്ള വഖഫ്; 2) ഭക്തപരമോ മതപരമോ ആയ കാര്യങ്ങൾക്കോ പ്രവർത്തനങ്ങൾക്കോ അല്ലെങ്കിൽ പ്രത്യേകമായ എന്തെങ്കിലും ലക്ഷ്യത്തിനോ ആയി നീക്കിവയ്ക്കുന്ന സഹായ തുകകൾ (Mashrut-ul-khidmat); 3) സ്വന്തം കുട്ടികളുടെ ഉപയോഗത്തിനായി നീക്കിവയ്ക്കുന്നതും (Waqaf-alal-aulad) അവരുടെ കാലശേഷം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കാവുന്നതുമായ വഖഫ് എന്നിവയായിരുന്നു അവ.
1995ൽ നരസിംഹറാവു സർക്കാർ രൂപംകൊടുത്ത വഖഫ് ആക്ട്, സെക്ഷൻ 83ൽ വഖഫ് ട്രൈബ്യൂണലുകൾ സ്ഥാപിക്കുവാൻ സംസ്ഥാന സർക്കാരുകളെ ചുമതലപ്പെടുത്തി. സംസ്ഥാന സർക്കാർ നിയോഗിക്കുന്ന കമ്മീഷണർ സർവേ നടത്തി വഖഫ് വസ്തുവകകളുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ച് അതു വഖഫ് ബോർഡിനു കൈമാറിക്കഴിയുമ്പോൾ അതു സംബന്ധിച്ച തർക്കങ്ങൾ പരിഹരിക്കുവാൻ വഖഫ് ട്രൈബ്യൂണലിനെയാണു സമീപിക്കേണ്ടതെന്നും ട്രൈബ്യൂണലിന്റെ തീരുമാനം അന്തിമമായിരിക്കുമെന്നും സെക്ഷൻ 6ൽ വ്യവസ്ഥ ചെയ്തു. 1985 വരെ ഇക്കാര്യത്തിൽ സിവിൽ കോടതികൾക്കുണ്ടായിരുന്ന അധികാരം എടുത്തുകളഞ്ഞു.
ഉപയോക്താവിനാൽ ഉള്ള വഖഫ്
മതപരമോ ഭക്തിപരമോ ആയ കാര്യങ്ങൾക്കോ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കോ ആയി ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഒരു വസ്തു, സ്ഥലം, കെട്ടിടം, ആസ്തി തുടങ്ങിയവ ദീർഘകാല ഉപയോഗത്താൽ ഉപയോക്താവിനാൽതന്നെ വഖഫ് വസ്തുവായി പ്രഖ്യാപിക്കപ്പെടാവുന്നതാണ്. അതു സ്ഥാപിക്കുന്നതിന് പ്രത്യേക രേഖകളോ പ്രമാണങ്ങളോ ഒന്നും ആവശ്യമില്ല.
ഉദാഹരണത്തിന്, ഈ നിയമപ്രകാരം, ഉടമസ്ഥന്റെ അനുമതിയോടെ പതിവായി നിസ്കരിക്കുന്ന ഏതു സ്ഥലവും ഉപയോഗത്താൽ വഖഫ് പ്രോപ്പർട്ടിയാക്കി മാറ്റാം. തൊടുപുഴ മലങ്കര എസ്റ്റേറ്റിന്റെ ഉടമസ്ഥതയിലുള്ള സ്ഥലം, അവിടെ ജോലിക്കാർക്കു പ്രാർഥിക്കാനായി നൽകിയ അനുവാദത്തിന്റെ പേരിൽ വഖഫ് പ്രോപ്പർട്ടിയാണെന്ന് വഖഫ് ബോർഡ് അവകാശവാദം ഉന്നയിച്ചത് അടുത്തകാലത്താണ്. ചില ക്രിസ്ത്യൻ സ്ഥാപനങ്ങളിൽ പതിവായി നിസ്കരിക്കുവാൻ ചിലർ കൂട്ടമായി സ്ഥലം ആവശ്യപ്പെട്ടത് നിരസിച്ചതു മൂലമുണ്ടായ കോലാഹലങ്ങൾ ഇതോട് ചേർത്തുവച്ച് വായിക്കേണ്ടതാണ്.
1995ലെ വഖഫ് നിയമത്തിൽ ഉപയോക്താവിനാൽ ഉള്ള വഖഫിന് കുറച്ചുകൂടി വിശാലമായ ഒരു മാനം നൽകി. ഉപയോഗം നിലച്ച് എത്രകാലം കഴിഞ്ഞാലും ഉപയോക്താവിനാൽ സ്ഥാപിക്കപ്പെട്ട വഖഫ്, വഖഫ് വസ്തുവായി തുടരും എന്ന സെക്ഷൻ 3(r) (1) കൂട്ടിച്ചേർത്തു. അതായത് ഒരു വസ്തു, സ്ഥലം മുതലായവ മതപരമോ ഭക്തിപരമോ ആയ കാര്യങ്ങൾക്കായി ഉപയോഗിച്ചിരുന്നു എന്ന കാരണത്താൽ ഉപയോഗം നിലച്ച് എത്രകാലം കഴിഞ്ഞാലും അത് വഖഫ് വസ്തുവാണെന്ന് അവകാശപ്പെടാം. അങ്ങനെയുള്ള ഒരു സ്ഥലമോ കെട്ടിടമോ (അതു സർക്കാരിന്റെ ഉടമസ്ഥതയിലാണെങ്കിലും) ഉടമസ്ഥനിൽനിന്നു തിരിച്ചെടുക്കുന്നതിന് കല്പന നൽകണമെന്നാവശ്യപ്പെട്ട് വഖഫ് ട്രൈബ്യൂണലിനെ സമീപിക്കാൻ വഖഫ് ബോർഡിന് അവകാശമുണ്ടെന്ന് 1995ലെ ആക്ടിൽ സെക്ഷൻ 39 (3) പറയുന്നു. സെക്ഷൻ 39 (4) പ്രകാരം മേൽപ്പറഞ്ഞ ആവശ്യം പരിഗണിച്ച് ഉത്തരവ് നൽകുന്നതിന് വഖഫ് ട്രൈബ്യൂണലിന് അധികാരമുണ്ട്.
അഡ്വ. ഡോ. ജോർജ് തെക്കേക്കര (ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഈസ്റ്റേൺ കാനൻ ലോ, വടവാതൂർ, കോട്ടയം)
(തുടരും)