നിലമ്പൂര്‍: മുനമ്പത്തെ ഭൂമിയില്‍ വഖഫിന് അവകാശമില്ലെന്ന് എന്‍.കെ. പ്രേമചന്ദ്രന് എംപി. നിലമ്പൂരില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണു പ്രേമചന്ദ്രന്റെ പ്രതികരണം. മുനമ്പത്തെ കുടുംബങ്ങള്‍ വില നല്കി വാങ്ങിയ ഭൂമി വഖഫ് പരിധിയില്‍ വരില്ല. മുനമ്പത്തെ കുടുംബങ്ങള്‍ക്കൊപ്പമാണു യുഡിഎഫ്.
ഇക്കാര്യത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയും ഉള്‍പ്പെടെ യുഡിഎഫിലെ മുഴുവന്‍ നേതാക്കളും ഈ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.
മുനമ്പം വിഷയത്തില്‍ പിണറായി സര്‍ക്കാരിന് ഇരട്ടത്താപ്പ് നയമാണ് ഉള്ളതെന്നും പ്രേമചന്ദ്രന് ആരോപിച്ചു. സര്‍ക്കാര്‍ വിചാരിച്ചാല്‍ പെട്ടെന്ന് പരിഹരിക്കാവുന്ന ഒരു വിഷയമാണ് രണ്ട് വര്‍ഷമായി നീട്ടികൊണ്ടു പോകുന്നത്.
ഭൂരിപക്ഷ വര്‍ഗീയതയ്ക്ക് വേണ്ടി മുസ്ലിം, ക്രിസ്ത്യന്‍ ധ്രുവീകരണത്തിനുള്ള ശ്രമം മുഖ്യമന്ത്രി നടത്തുന്നുവെന്ന ആരോപണവും അദ്ദേഹം ഉന്നയിച്ചു. തെരഞ്ഞെടുപ്പിന് ശേഷം മുനമ്പം വിഷയത്തില്‍ പിണറായി സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാടിന്റെ ഇരട്ടത്താപ്പ് വ്യക്തമാകുമെന്നും പ്രേമചന്ദ്രന് പറഞ്ഞു.
കെപിസിസി ജനറല്‍ സെക്രട്ടറി ആര്യാടന് ഷൗക്കത്ത്, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് ഇസ്മായില്‍ മൂത്തേടം ഉള്‍പ്പെടെയുളളവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.