എറണാകുളം ജില്ലയിലെ പള്ളിപ്പുറം പഞ്ചായത്തിലുള്ള തീരദേശഗ്രാമമായ മുനന്പത്ത് ജനങ്ങൾ തലമുറകളായി താമസിച്ചുവന്നിരുന്ന ഭൂമിയിൽ വഖഫ് ബോർഡ് അവകാശവാദം ഉന്നയിച്ചതിനെ തുടര്ന്ന് മുനന്പത്തും സമീപപ്രദേശങ്ങളിലുമായി 600-ലേറെ കുടുംബങ്ങൾ പ്രായോഗികമായി കുടിയൊഴിപ്പിക്കൽ ഭീഷണി നേരിടുകയാണ്. ഇതിൽ നാനൂറോളം കുടുംബങ്ങൾ ലത്തീൻ ക്രൈസ്തവസമുദായത്തിൽ പെട്ടവരാണ്. ഇവരെക്കൂടാതെ വിവിധ പിന്നാക്ക, പട്ടികജാതി വിഭാഗങ്ങളിലെയും കുടുംബങ്ങളും കുടിയിറക്കുഭീഷണി നേരിടുന്നവരിൽ ഉൾപ്പെടുന്നുണ്ട്.
മുനമ്പം വിഷയം രാജ്യതലത്തിൽ പൊതുജനശ്രദ്ധ നേടി
മുനന്പം നിവാസികളായ ലത്തീൻ ക്രൈസ്തവർ കോട്ടപ്പുറം രൂപതാംഗങ്ങളും സീറോ മലബാർ ക്രൈസ്തവർ എറണാകുളം-അങ്കമാലി അതിരൂപതാംഗങ്ങളുമാണ്. മുനന്പത്തെ വേളാങ്കണ്ണി മാതാ പള്ളിയും സെമിത്തേരിയും പാഷനിസ്റ്റ് സന്ന്യാസ വൈദികരുടെ വ്യാകുലമാതാ ആശ്രമവും വിസിറ്റേഷൻ സന്യാസസഭയുടെ പ്രസന്റേഷൻ കോണ്വെന്റും തർക്കഭൂമിയിലാണ് സ്ഥിതി ചെയ്യുന്നത്.
കെസിബിസി പ്രസിഡന്റ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയും സീറോമലബാർ സഭാ പൊതുകാര്യ കമ്മീഷൻ ചെയർമാനും സിബിസിഐ പ്രസിഡന്റുമായ ആർച്ച്ബിഷപ് മാർ ആന്ഡ്രൂസ് താഴത്തും, മുനന്പം നിവാസികളും വഖഫ് ബോർഡും തമ്മിൽ ഉടലെടുത്ത തർക്കത്തിന്റെ പശ്ചാത്തലത്തിൽ വഖഫ് (ഭേദഗതി) ബിൽ 2024 സംബന്ധിച്ച ജോയിന്റ് പാർലമെന്ററി കമ്മിറ്റിക്ക് സെപ്റ്റംബർ 10ന് പരാതി സമർപ്പിക്കുകയുണ്ടായി. ഈ പരാതി കേന്ദ്ര പാർലമെന്ററി കാര്യമന്ത്രി കിരണ് റിജിജു എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവച്ചപ്പോൾ വിഷയം രാജ്യതലത്തിൽ പൊതുജനശ്രദ്ധ നേടി.
1995ലെ വഖഫ് നിയമത്തിലും 2013ലെ വഖഫ് ഭേദഗതി നിയമത്തിലും വിശദീകരിച്ചിരിക്കുന്നതനുസരിച്ച് ഇസ്ലാമികനിയമം അംഗീകരിച്ചിട്ടുള്ള ജീവകാരുണ്യപ്രവർത്തനങ്ങൾ, മതപരമായ കാര്യങ്ങൾ അഥവാ ഭക്തികൃത്യങ്ങൾ തുടങ്ങിയ ഉദ്ദേശ്യങ്ങൾക്കുവേണ്ടി ഒരു ഇസ്ലാം മതവിശ്വാസി തന്റെ സ്ഥാവരമോ ജംഗമമോ ആയ വസ്തു ശാശ്വതമായി സമർപ്പിക്കുന്നതിനെയാണ് വഖഫ് എന്നു വിളിക്കുന്നത്. വഖഫായി ലഭിച്ച വസ്തുവകകളുടെ ഉപയോഗം അതിന്റെ ഉപഭോക്താവ് അവസാനിപ്പിച്ചാലും അവ വഖഫായിത്തന്നെ തുടരും. ഇതാണ് വഖഫ് വസ്തുവകകൾക്ക് ഉണ്ടെന്ന് നിർവചിച്ചിരിക്കുന്ന സ്ഥിരസ്വഭാവം. ഇതിന്റെ അടിസ്ഥാനത്തിലാണ് മുനന്പത്തുള്ള 404 ഏക്കർ ഭൂമിയുടെമേൽ വഖഫ് ബോർഡ് അവകാശം ഉന്നയിച്ചിരിക്കുന്നത്.
മുനന്പം, വൈപ്പിൻ ദ്വീപിന്റെ വടക്കേയറ്റം
വൈപ്പിൻ ദ്വീപിന്റെ വടക്കേയറ്റമാണ് മുനന്പം. 1902ൽ തിരുവതാംകൂർ രാജാവ് ഗുജറാത്തിൽനിന്നുള്ള വ്യാപാരിയായിരുന്ന അബ്ദുൾ സത്താർ മൂസ ഹാജി സേട്ടിന് ഈ പ്രദേശമുൾപ്പെടുന്ന 404 ഏക്കർ ഭൂമി പാട്ടത്തിന് നൽകി. 1948ൽ അബ്ദുൾ സത്താർ മൂസ ഹാജി സേട്ടിന്റെ പിൻഗാമിയായ മുഹമ്മദ് സിദ്ദിഖ് സേട്ട് ഈ സ്ഥലം സ്വന്തം പേരിൽ രജിസ്റ്റർ ചെയ്തു. ഇങ്ങനെ അദ്ദേഹം സ്വന്തം പേരിലാക്കിയ ഭൂമിയിൽ മത്സ്യത്തൊഴിലാളികൾ കാലങ്ങളായി താമസിച്ചുവന്നിരുന്ന സ്ഥലവും ഉൾപ്പെട്ടിരുന്നു. കുടികിടപ്പവകാശത്തർക്കം നിലനിന്നിരുന്ന ഭൂപ്രദേശമാണ് അദ്ദേഹം രജിസ്റ്റർ ചെയ്ത് സ്വന്തമാക്കിയതെന്നുള്ളത് പകൽപോലെ വ്യക്തമാണ്. അങ്ങനെ നിരക്ഷരരും ദുർബലരും അസംഘടിതരുമായിരുന്ന മത്സ്യത്തൊഴിലാളികളുടെ നിസഹായതയും നിശബ്ദതയും ആദ്യംതന്നെ ചൂഷണം ചെയ്യപ്പെട്ടു.
പിന്നീട് 1950ൽ മുഹമ്മദ് സിദ്ദിഖ് ഈ സ്ഥലം ഫാറൂഖ് കോളജിന് വഖഫായി കൈമാറ്റം ചെയ്തു. കുടികിടപ്പുതർക്കം നിലനിൽക്കുന്ന സ്ഥലമാണ് വഖഫായി ഫാറൂഖ് കോളജിന് നൽകിയതെങ്കിൽ അത് ആദർശത്തിലൂന്നിയ ഔദാര്യപ്രകടനത്തേക്കാള് നയപരമായ ഒരു നീക്കമായിരുന്നെന്ന് ന്യായമായും അനുമാനിക്കാം. പിന്നീട് പ്രദേശവാസികളും ഫാറൂഖ് കോളജും തമ്മിലുണ്ടായ ഭൂതർക്ക പരന്പരകൾ ഈ നിഗമനത്തെ ശരിവയ്ക്കുന്നു. 1975ൽ പ്രദേശവാസികൾ കുടിയാൻ സംഘം രൂപീകരിച്ച് നിയമനടപടികളുമായി മുന്നോട്ടു പോയി. പിന്നീട് 1987ൽ ഭൂതർക്കം ഒത്തുതീർപ്പാകുകയും ഫാറൂഖ് കോളജ് മാനേജ്മെന്റിന് വില നൽകി തങ്ങൾ കാലങ്ങളായി താമസിച്ചുകൊണ്ടിരുന്ന ഭൂമി വീണ്ടും വാങ്ങുകയും ചെയ്തു. ഇങ്ങനെ അന്നു വാങ്ങിയ ഭൂമിയുടെ ആധാരങ്ങൾ പ്രദേശവാസികളുടെ പക്കലുണ്ട്.
കരമടയ്ക്കൽ തടഞ്ഞു
എന്നാൽ, 2022 ജനുവരി മുതൽ ഈ പ്രദേശത്തെ താമസക്കാർക്ക് തങ്ങളുടെ വസ്തുവിന്റെ കരമടയ്ക്കാൻ സാധിച്ചില്ല. മുനന്പം പ്രദേശത്തെ ഭൂമി യഥാർഥത്തിൽ വഖഫ് ഭൂമിയാണെന്നും അതിനാൽ സ്വകാര്യസ്വത്തിന്മേലുള്ള കരമടയ്ക്കൽ തടഞ്ഞിരിക്കുകയാണെന്നുമാണ് പ്രദേശവാസികൾക്ക് വിവരം ലഭിച്ചത്. ഈ പ്രശ്നം ഹൈക്കോടതിലേക്ക് നീങ്ങുകയും ഹൈക്കോടതിയിൽനിന്ന് പ്രദേശവാസികൾക്ക് അനുകൂലമായ ഉത്തരവുണ്ടാകുകയും ചെയ്തു. എന്നാൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഈ ഉത്തരവ് പിന്നീട് സ്റ്റേ ചെയ്തു.
പള്ളിപ്പുറം പഞ്ചായത്തിലെ പല വാർഡുകളിലും സ്ഥിതിചെയ്യുന്ന വസ്തുവിന്റെ ഉടമസ്ഥാവകാശരേഖകൾ ഈടായി സ്വീകരിക്കുന്നത് മേഖലയിലെ ധനകാര്യസ്ഥാപനങ്ങൾ രണ്ടുവർഷമായി നിർത്തിവച്ചത് നിരവധി കുടുംബങ്ങളെ സാന്പത്തിക പ്രതിസന്ധിയിലാക്കി. ഭൂമിയുടെ കൈവശാവകാശത്തിന്റെ സ്വഭാവത്തെയും അതിന്റെ നിയമസാധുതയെയും സംബന്ധിച്ചുള്ള സംശയമാണ് രേഖകൾ നിരസിക്കാൻ ബാങ്കുകളെ പ്രേരിപ്പിച്ചത്. കക്ഷിരാഷ്ട്രീയത്തിന് അതീതമായി നിലപാടെടുത്ത് പ്രദേശവാസികൾ ജനപ്രതിനിധികളെ ഈ വിഷയത്തിന്റെ സങ്കീർണത അറിയിച്ചപ്പോൾ അനുഭാവപൂർവമായ മറുപടി ആദ്യം ലഭിച്ചെങ്കിലും പിന്നീട് നയപരമായ നീക്കങ്ങൾ കേരള നിയമസഭയിൽ നടക്കുന്നതിനാണ് നാട് സാക്ഷ്യം വഹിച്ചത്.
നിയമപോരാട്ടത്തിന് പുതിയ മാനം
മുനന്പം തീരഭൂമി സംബന്ധിച്ച് പ്രദേശവാസികളും വഖഫ് ബോർഡും തമ്മിലുള്ള നിയമപോരാട്ടത്തിന് സാമൂഹികവും രാഷ്ട്രീയവും സാമുദായികവുമായ മാനങ്ങൾ ഈ വർഷം ഒക്്ടോബറിൽ കൈവന്നു. വയനാട് ലോക്സഭാ മണ്ഡലത്തിലേക്കും പാലക്കാട്, ചേലക്കര എന്നീ നിയമസഭാ മണ്ഡലങ്ങളിലേക്കുമുള്ള ഉപതെരഞ്ഞെടുപ്പുകൾ നവംബർ 13നായിരിക്കുമെന്ന് തെരഞ്ഞെടുപ്പു കമ്മീഷൻ പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പിന് കളമൊരുങ്ങുന്ന പശ്ചാത്തലത്തിൽ എൽഡിഎഫ്, യുഡിഎഫ് മുന്നണികൾ വഖഫ് ഭേദഗതി ബില്ലി (2024) നെതിരേ സംയുക്തപ്രമേയം ഒക്്ടോബർ 14ന് കേരള നിയമസഭയിൽ പാസാക്കി.
രാഷ്ട്രീയ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ എതിർ സ്ഥാനാർഥികളുടെമേൽ മുൻകൈ നേടാൻ എൽഡിഎഫും യുഡിഎഫും നിർണായക സമയത്തു നടത്തിയ സ്വാഭാവിക രാഷ്ട്രീയനീക്കമായി ഇതിനെ കാണാനും മനസിലാക്കാനും കഴിയും. എന്നാൽ, മുനമ്പം പ്രദേശവാസികളും വഖഫ് ബോർഡും തമ്മിലുള്ള തർക്കം ഒരുവശത്ത് നിലനിൽക്കുന്പോൾ വഖഫ് നിയമഭേദഗതി (2024) ക്കെതിരേ സംയുക്ത പ്രമേയാവതരണം വന്നത് ക്രൈസ്തവ ന്യൂനപക്ഷങ്ങളിൽ സംശയവും ആശങ്കയും സൃഷ്ടിച്ചു. ജനാധിപത്യ സംവിധാനത്തിൽ തെരഞ്ഞെടുപ്പിന് അരങ്ങൊരുങ്ങുന്പോൾ വോട്ടെണ്ണം ഉറപ്പാക്കാൻ രാഷ്ട്രീയ കക്ഷികൾക്ക് വ്യഗ്രതയുണ്ടാകുമെന്ന് ആർക്കാണ് അറിവില്ലാത്തത്?
നാട് ഭരിക്കുന്ന സർക്കാർ നീതിയുടെ കണ്ണുകളിലൂടെയാണ് എല്ലാവരെയും നോക്കേണ്ടത്. പ്രതിപക്ഷവും നീതിബോധത്തോടെയാകണം സ്ഥിതിഗതികൾ വിചാരണ ചെയ്യേണ്ടത്. വഖഫ് ആയി ഫാറൂഖ് കോളജിനു ലഭിച്ച വസ്തു തർക്കരഹിത ഭൂമിയായിരുന്നോയെന്ന വിലയിരുത്തൽ നിഷ്പക്ഷമായി നടത്താൻ ഭരണ-പ്രതിപക്ഷ എംഎൽഎമാർ സംയുക്തമായി നീങ്ങുമോയെന്ന് കേരളം ഉറ്റുനോക്കുമെന്നു തീർച്ച. ആ വിലയിരുത്തലിൽനിന്നു ലഭിക്കുന്ന ഉത്തരവുമായി ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും മുനമ്പം നിവാസികളെ അഭിസംബോധന ചെയ്യേണ്ടിവരും.
നിഷ്പക്ഷ വിലയിരുത്തലാണ് രാഷ്ട്രീയതലത്തിൽ സർക്കാർ കൈക്കൊള്ളുന്നതെങ്കിൽ മുനമ്പം നിവാസികളും വഖഫ് ബോർഡും തമ്മിലുള്ള സ്ഥലം സംബന്ധിയായ ഉടമസ്ഥതർക്കങ്ങൾ രമ്യമായി പരിഹരിക്കാനാകുമെന്ന് എല്ലാവർക്കും അറിയാം. നിയമമണ്ഡലത്തിൽ വ്യക്തതയോടെയുള്ള പ്രായോഗിക സമീപനം സ്വീകരിച്ചാൽ ഈ പ്രശ്നം രമ്യമായി തീരുകതന്നെ ചെയ്യും.
തീൻമേശയിൽ മത്സ്യത്തൊഴിലാളികളുടെ അധ്വാനഫലം നമ്മൾ ആസ്വദിക്കുന്നുണ്ട്. പ്രളയകാലത്ത് ഈ ജനം കേരളത്തിന്റെ നാവികസേനയായി മാറി രക്ഷാപ്രവർത്തനം നടത്തിയതിന് നാട് സാക്ഷിയാണ്. തിരുവനന്തപുരത്തും മുനമ്പത്തുമുള്ള കടലിന്റെ മക്കൾക്ക് ഒരേ ഗന്ധമാണ്; അവരുടെ മനസ് ഒന്നുപോലെയാണ്. കടൽക്കരയിലാണ് മിശിഹായുടെ നീതിയുടെ സുവിശേഷം മുഴങ്ങിക്കേട്ടത്. അസംഘടിതരായ ഒരു ജനത സ്വാഭാവികനീതിക്കുവേണ്ടി ഭരണകൂടത്തെ കണ്ണുമിഴിച്ചു നോക്കുകയാണ്. അതിനു നേരേ മുഖം തിരിച്ചുനിൽക്കാൻ ഭരണ-പ്രതിപക്ഷകക്ഷികൾ തീരുമാനിച്ചാൽ സത്യം എന്ന വാക്കിന് പിന്നെ ജനാധിപത്യത്തിൽ പ്രസക്തിയില്ലാതാകും.
തലമുറകളായി ജീവിച്ചുവന്നിരുന്നതും നിയമപരമായി സ്വന്തമാക്കിയതുമായ ഒരു പ്രദേശത്തുനിന്ന് എല്ലാം നഷ്ടപ്പെട്ട് ഇറങ്ങിപ്പോകേണ്ടിവരുമോ എന്ന ഭീതിയിൽ കഴിയുന്ന മുനമ്പം ജനതയെ കണ്ടില്ലെന്നു നടിച്ചാൽ കേരള ജനാധിപത്യത്തിൽനിന്ന് സാമാന്യയുക്തിയും നീതിയും ഒളിച്ചോടിയെന്നു പറയേണ്ടിവരും. സാധാരണ ജനങ്ങൾക്ക് സ്വന്തം ഭൂമിയിന്മേലുള്ള അവകാശത്തിന്മേൽ കടന്നുകയറ്റം നടത്താൻ സർക്കാർ കൂട്ടുനിൽക്കരുത്.
ജാതി-മത- രാഷ്ട്രീയങ്ങൾക്കപ്പുറമുള്ള പൗരാവകാശസംരക്ഷണം സർക്കാരിന്റെ കടമയാണ്. പ്രതിഷേധത്തിന്റെ പാതയിൽ ഈ ജനം മുന്നോട്ടു പോകുകയാണ്. ഒക്്ടോബർ 13 ഞായറാഴ്ച മുനമ്പം വേളാങ്കണ്ണിമാതാ പള്ളിയങ്കണത്തില് ആരംഭിച്ച നിരാഹാരസമരം ആഴ്ചകൾ പിന്നിട്ടുകഴിഞ്ഞു. രാജ്യത്തെ മത-സാമുദായിക സൗഹാർദത്തിന്റെ നിലനിൽപ്പിനുവേണ്ടിക്കൂടിയാണ് മുനമ്പത്തെ ജനം സമരപ്പന്തലിൽ പഞ്ഞം കിടക്കുന്നതെന്ന് കേരളത്തിലെ സർക്കാരും പ്രതിപക്ഷവും മറന്നുപോകരുത്.