ഇരുന്പുണ്ട വിഴുങ്ങിയിട്ട് ചുക്കുവെള്ളം കുടിച്ചതുകൊണ്ട് പരിഹാരമാകില്ലെന്ന് പഴമക്കാർ പറഞ്ഞുതരുന്നു. 2013ലെ വഖഫ് നിയമ ഭേദഗതിയിലുടെ കോണ്‍ഗ്രസ് സർക്കാർ വഖഫ് ബോർഡുകൾക്കും ട്രൈബ്യൂണലുകൾക്കും കൊടുത്തിരിക്കുന്ന അനിയന്ത്രിതമായ അധികാരം നിയമ ഭേദഗതിയിലൂടെ നിയന്ത്രിക്കപ്പെടാതെ വഖഫ് ഭീകരർ നടത്തുന്ന കൈയേറ്റങ്ങൾക്കു പരിഹാരമുണ്ടാക്കാനാകില്ല; ജനങ്ങളെ രക്ഷിക്കാനുമാകില്ല. ഈ ഭീകരതയുടെ ദുരന്തം അനുഭവിക്കുന്നത് മുനന്പത്ത് ക്രൈസ്തവസമൂഹമാണെങ്കിൽ നാട്ടിൽ കൂടുതലിടത്തും അനുഭവിക്കുന്നത് ഹിന്ദുക്കളും മുസ്ലിംകൾ തന്നെയുമാണ്. ഉത്തർപ്രദേശിലും ബിഹാറിലുമുള്ള ഓരോ ഷിയ വഖഫ് ബോർഡുകൾ അടക്കം ഭാരതത്തിലുള്ള 32 വഖഫ് ബോർഡുകളിലുള്ള 300 ഓളം പേർക്ക് തോന്ന്യാസം ചെയ്യത്തക്കവിധം ഇത്രയും വിപുലമായ സ്വത്ത് കൈയേൽപ്പിക്കപ്പെടുകയാണ്.
ഭാരതത്തിലെ വിവിധ വഖഫ് ബോർഡുകളുടെ കൈവശം 8.7 ലക്ഷം വസ്തുവകകളാണുള്ളത്. 9.4 ലക്ഷം ഏക്കർ ഭൂമി ഇപ്പോൾ കൈവശമുണ്ട്. 1.2 ലക്ഷം കോടി രൂപയുടെ സ്വത്ത്. 200 കോടി രൂപ വാർഷിക വരുമാനമുണ്ട്. ഉത്തർപ്രദേശിലും ബിഹാറിലുമുള്ള രണ്ട് ഷിയാ ബോർഡടക്കമുള്ള 32 വഖഫ് ബോർഡുകളുടെ കൈവശമാണ് ഈ സ്വത്ത്. ഒരു ബോർഡിൽ പത്തംഗം എന്ന കണക്കിൽ ബോർഡിലെ ഏതാണ്ട് 300 വ്യക്തികളുടെ കൈവശമാണിത്.
ഈ സ്വത്ത് സംബന്ധിച്ച് ഒരു ലക്ഷത്തോളം കേസുകൾ ട്രൈബ്യൂണലുകളിലുണ്ട്. ഇവർക്ക് സമയപരിധിയില്ലാത്തതിനാലാണ് കേസുകൾ നീണ്ടുപോകുന്നത്. പല സംസ്ഥാനത്തും ട്രൈബ്യൂണൽതന്നെ ഇല്ല. എല്ലാം വഖഫ് ബോർഡ് തീരുമാനിക്കുന്നു. സുന്നി വഖഫ് ബോർഡിൽ ഷിയാകൾക്കും ബോറകൾക്കും ഒബിസിക്കാർക്കും പ്രാതിനിധ്യമില്ല. കോടതിക്ക് ട്രൈബ്യൂണലുകളുടെമേൽ അധികാരമില്ല. വഖഫ് അൽ ഔലത്ത് നിയമമനുസരിച്ച് സ്ത്രീകൾക്കും അനാഥർക്കും അവകാശമില്ല. 2013ലെ നിയമത്തെ മുസ്ലിംകളിലെ പലരും ചോദ്യം ചെയ്തു. ഇനിയും കേസുകളുണ്ടാകും. വഖഫ് ബോർഡ് അവകാശം ഉന്നയിക്കുന്ന വിവരത്തെക്കുറിച്ച് പലപ്പോഴും ഉടമസ്ഥൻ അറിയുന്നത് വളരെ വൈകിയാണ്.
മുനമ്പം ഒറ്റപ്പെട്ട സംഭവമല്ല
കേരളത്തിലെ അനധികൃത തട്ടിപ്പറിക്കലിന്റെ ഉദാഹരണമായ മുനന്പം ഒറ്റപ്പെട്ട സംഭവമല്ല. 2008ൽ അച്യുതാനന്ദൻ സർക്കാരിന്റെ കാലത്ത് നിസാർ കമ്മിറ്റി നടത്തിയ പഠനത്തിന്റെ ഭാഗമായി കേരളത്തിൽ ഇത്തരം 23 വസ്തുക്കൾ ഉണ്ടെന്നാണു കണ്ടെത്തിയിട്ടുള്ളത്. ബാക്കി 22 എണ്ണം സംബന്ധിച്ച് ഇത്തരം വിവാദങ്ങൾ ഉണ്ടോയെന്ന് ആർക്കും തീർച്ചയില്ല. പുതിയ അവകാശവാദങ്ങൾ എപ്പോൾ വേണമെങ്കിലും വരാം.
വഖഫ് സ്വത്ത് അള്ളായുടേതാണ് എന്നാണു ശരിയത്ത് നിയമം പറയുന്നത്. ഒരിക്കൽ വഖഫാക്കിയാൽ എന്നും വഖഫായിരിക്കും. ആ സ്വത്ത് കൈമാറ്റം ചെയ്യാനാകില്ല എന്നാണു ശരിയത്ത് നിയമം. മുതവല്ലിയാണ് സ്വത്ത് കൈകാര്യം ചെയ്യേണ്ടത്. ഇന്ത്യ കീഴടക്കിയ സുൽത്താന്മാർ കൊടുത്തതാണ് മിക്കവാറും സ്വത്തുക്കൾ. അല്ലാത്തവരും കൊടുത്തിട്ടുണ്ട്. മുഹമ്മദ് ഗോറി മുൾട്ടാനിലെ പത്തു ഗ്രാമങ്ങൾ ജുമാ മസ്ജിദിനു കൊടുത്തു. ഇതാണ് ആദ്യത്തെ വഖഫ് സ്വത്ത്.
വഖഫല്ലാത്ത ഭൂമിയും
വഖഫ് ബോർഡ് അവകാശവാദം ഉന്നയിക്കുന്ന പല ഭൂമിയും വഖഫ് നിയമപ്രകാരമുള്ളതല്ല. മുനന്പത്തെ കഥതന്നെ നല്ല ഉദാഹരണം. 1902ൽ തിരുവിതാംകൂർ രാജാവ് ഗുജറാത്തിൽനിന്നുള്ള വ്യാപാരി മൂസാ ഹാജി സേട്ടിന് പാട്ടത്തിനു കൊടുത്ത ഭൂമിയാണിത്.
1948ൽ ഹാജി സേട്ടിന്റെ പിൻഗാമിയായ സിദ്ദീഖ് സേട്ട് ഈ ഭൂമി സ്വന്തം പേരിൽ രജിസ്റ്റർ ചെയ്തു. കാലങ്ങളായി മത്സ്യത്തൊഴിലാളികൾ കൈവശം വച്ചിരുന്ന ഭൂമിക്കും അദ്ദേഹം പട്ടയം നേടി. 1950 നവംബർ ഒന്നിന് സിദ്ദീഖ് സേട്ട് ഈ സ്ഥലം ഫാറൂഖ് കോളജിന് വഖഫായി നൽകി. ഇവിടെ അള്ളായ്ക്കല്ല സ്ഥലം നൽകിയത്. ഫാറൂഖ് കോളജിന് ക്രയവിക്രയ അധികാരത്തോടെയാണു സ്ഥലം കൊടുത്തത്. ഏതെങ്കിലും കാലത്ത് കോളജ് നടപ്പിൽ ഇല്ലാതിരിക്കുകയോ ഇതിൽപ്പെട്ട വസ്തുവകകൾ ശേഷിക്കുകയോ ചെയ്യുന്നതായാൽ പട്ടിക വകകൾ മടക്കി എടുക്കാൻ തനിക്കും തന്റെ പിന്തുടർച്ചാവകാശികൾക്കും അധികാരവും അവകാശവും ഉണ്ടായിരിക്കുമെന്നും ഇതുസംബന്ധിച്ച ആധാരത്തിലുണ്ട്.
നാട്ടുകാരുമായി കേസുകളായി. 1975 സെപ്റ്റംബർ 30ന് കേരള ഹൈക്കോടതി ഇതുസംബന്ധിച്ചു പുറപ്പെടുവിച്ച വിധിയിൽ, വഖഫ് ഡീഡ് എന്നല്ല, ഗിഫ്റ്റ് ഡീഡ് എന്നാണ് ഇതിനെ വിളിക്കുന്നത്. ഈ വിധിക്കുശേഷം 1988ലാണ് ഫാറൂഖ് കോളജ് സ്ഥലം കൈവശക്കാർക്കുതന്നെ വിൽക്കുന്നത്. മുനന്പം ഭൂമി വഖഫ് ഭൂമിയല്ലെന്ന് അറിവുള്ളവരെല്ലാം പറയുന്നത് അതുകൊണ്ടാണ്. എന്നാൽ, ഇപ്പോൾ മുനന്പത്തെ ഭൂമിക്കും 2013ലെ ആക്ടിന്റെ മറവിൽ വഖഫ് ബോർഡ് അവകാശവാദം ഉന്നയിക്കുന്നു.
വഖഫ് നിയമം
വഖഫ് നിയമമനുസരിച്ച് കേന്ദ്രത്തിൽ കേന്ദ്ര വഖഫ് കൗണ്‍സിലും സംസ്ഥാനങ്ങളിൽ വഖഫ് ബോർഡുമാണ് സ്വത്തുക്കളുടെ വിനിമയം നടത്തുന്നത്. കേന്ദ്രത്തിൽ വഖഫ് മന്ത്രിയാണു ചെയർമാൻ. 20 അംഗങ്ങളുണ്ട്. എല്ലാവരും മുസ്ലിംകളായിരിക്കണം. സംസ്ഥാന ബോർഡിൽ രണ്ട് മുസ്ലിം എംഎൽഎമാർ, ഒരു ലക്ഷം രൂപയിൽ അധികം വാർഷിക വരുമാനമുള്ള രണ്ട് മുതവല്ലികൾ, ഒരു എംപി, ബാർ കൗണ്‍സിലിന്റെ ഒരു പ്രതിനിധി, മുസ്ലിം സംഘടനകളുടെ പ്രതിനിധി, രണ്ട് സർക്കാർ നോമിനികൾ, മുസ്ലിം പണ്ഡിതരിൽനിന്നു സർക്കാർ നിർദ്ദേശിക്കുന്ന രണ്ട് നോമിനികൾ, ഡെപ്യൂട്ടി സെക്രട്ടറി റാങ്കിലുള്ള ഒരു സർക്കാർ ഉദ്യോഗസ്ഥൻ എന്നിവരാണ് അംഗങ്ങൾ.
ചുരുക്കത്തിൽ, കേരള സർക്കാരിന് സ്വാധീനം ചെലുത്താവുന്നതാണ് സംസ്ഥാന വഖഫ് ബോർഡ്. പത്തംഗ കേരള വഖഫ് ബോർഡിൽ ഭൂരിപക്ഷം സർക്കാരിനാണ്. ചെയർമാൻ എം.കെ. സക്കീർ, എംഎൽഎമാരുടെ പ്രതിനിധികളായ പി. ഉബൈദുള്ള, എം. നൗഷാദ്, എംപിമാരുടെ പ്രതിനിധി അബ്ദുൾ വഹാബ്, ബാർ കൗണ്‍സിൽ പ്രതിനിധി എം. ഷറഫുദ്ദീൻ, മുതവല്ലി പ്രതിനിധികളായ എം.സി. മായിൻ ഹാജി, അഡ്വ. പി.വി. ഷംസുദ്ദീൻ എന്നിവർക്കൊപ്പം സർക്കാർ നോമിനികളായ പ്രഫ. കെ.എം. അബ്ദുൾ റഹീം, റസിയ ഇബ്രാഹിം, വി.എം. റഹ്ന, സർക്കാർ ഉദ്യോഗസ്ഥനായ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ വി.എസ്. സക്കീർ ഹുസൈൻ എന്നിവരടങ്ങുന്ന ബോർഡിനെക്കൊണ്ട് മുനന്പം ഭൂമിയുടെമേലുള്ള അവകാശവാദം പിൻവലിപ്പിക്കരുതോ?
സെൽഫ് ഗോളുകൾ
വയനാട് ലോക്സഭാ മണ്ഡലത്തിലേക്കും പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങളിലേക്കുമുള്ള ഉപതെരഞ്ഞടുപ്പുകളുടെ കളം തെളിയുന്പോൾ ഉയരുന്ന കൗതുകകരമായ ചോദ്യം ഇതാണ്. സ്വന്തം പാർട്ടിയുടെ സ്ഥാനാർഥികൾ ജയിക്കണമെന്ന ആഗ്രഹമില്ലാത്തവരാണോ മൂന്നു മുന്നണികളെയും നയിക്കുന്നത്? കേരളത്തിലെ ഹൈന്ദവ വിശ്വാസികളുടെ വികാരമായ തൃശൂർ പൂരം സംബന്ധിച്ചു ലോക്സഭാ തെരഞ്ഞെടുപ്പ് മുതൽ ഉണ്ടായിട്ടുള്ള വിവാദത്തിന് പുത്തൻ രൂപം നൽകിക്കൊണ്ട് മുഖ്യമന്ത്രിതന്നെ അടിച്ച സെൽഫ് ഗോളാണ് തെരഞ്ഞെടുപ്പു കളിയിലെ ഏറ്റവും കൗതുകകരമായ കാഴ്ച. പൂരം അലങ്കോലപ്പെട്ടെന്ന് പലവട്ടം പറഞ്ഞ മുഖ്യമന്ത്രി തന്നെ, വെടിക്കെട്ട് വൈകിയതേയുള്ളൂ, പൂരം കലങ്ങിയില്ലെന്ന പുതിയ തിയറിയുമായി വന്നത് എന്തിന് എന്നതാണ് ഏറ്റവും കൗതുകകരമായ ചോദ്യം. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുടെ അതിവിശ്വസ്തനായിരുന്ന എഡിജിപി അജിത് കുമാർ കഷ്ടിച്ചു രക്ഷപ്പെട്ടു നിൽക്കുകയാണ്. തൃശൂരിൽ പൂരം കലക്കി ബിജെപിയുടെ സുരേഷ് ഗോപിയെ ലോക്സഭാംഗമാകാൻ സഹായിച്ചതുപോലെ പാലക്കാട്ടെ ഹൈന്ദവരെ മുഖ്യമന്ത്രി പ്രകോപിപ്പിക്കുകയല്ലേ എന്ന ചോദ്യമാണ് ഉയരുന്നത്.
ഇന്നലെവരെ കോണ്‍ഗ്രസിന്റെ ഇടതുപക്ഷവിരുദ്ധ തീനാവായിരുന്ന ഡോ. സരിനെ സ്ഥാനാർഥിയാക്കിയിടം മുതൽ തുടങ്ങുന്നു ഈ കൗതുക സമീപനം. സരിൻ ജയിച്ചാലും തോറ്റാലും പാർട്ടിക്കു നല്ല കേഡറിനെ കിട്ടുന്നു എന്നാണ് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ വിലയിരുത്തൽ. അൻവറിനെയും ചെറിയാൻ ഫിലിപ്പിനെയും ഒക്കെപ്പോലെ സരിനും അധികം വൈകാതെ പുറത്തു വരേണ്ടിവരും. കുരച്ചു പഠിച്ചിട്ടുള്ളവർക്ക് അതിനു സ്വാതന്ത്ര്യമില്ലാതെ വരുന്പോൾ വലിയ വിമ്മിട്ടമുണ്ടാകും.
പത്രക്കാരെ “പട്ടി” എന്നു വിളിച്ച് സിപിഎം നേതാവ് കൃഷ്ണദാസും തനിക്കു പറ്റുന്ന സഹായം എതിരാളികൾക്ക് ചെയ്യുന്നുണ്ട്. അദ്ദേഹത്തെ തള്ളിപ്പറയുന്ന സിപിഎം നേതാക്കന്മാർ അദ്ദേഹത്തോട് മാപ്പു പറയാൻ ആവശ്യപ്പെടാത്തത് കൃത്യമായ സൂചനയല്ലേ? ദിവ്യയുടെ കണ്ണൂർ കഥകൾ നിറഞ്ഞ സദസിൽ പ്രദർശനം തുടരുന്നു!
കോണ്‍ഗ്രസ് ക്യാന്പിലും സ്ഥിതി ഏറെ മെച്ചമല്ലെന്നു മാത്രമല്ല, മോശവുമാണ്. കോണ്‍ഗ്രസിന്റെ യുവരാജകുമാരി പ്രിയങ്ക ഗാന്ധി മത്സരിക്കുന്ന വയനാട് ലോക്സഭാ സീറ്റിലേക്കടക്കം മൂന്ന് ഉപതെരഞ്ഞെടുപ്പുകൾ നടക്കുന്നതിനിടയിലും കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവും രണ്ടു തട്ടിലാണെന്ന മട്ടിൽ പ്രചാരണങ്ങൾ വരുന്നതിന് അവസരം കൊടുക്കുന്നത് നല്ല സൂചനയാണോ? കേരളത്തിലെ കോൺഗ്രസ് കരുണാകരന്റെയും ആന്റണിയുടെയും നേതൃത്വത്തിൽ രണ്ടായി പ്രവർത്തിച്ച കാലത്തുപോലും തെരഞ്ഞെടുപ്പുഗോദയിൽ ഇത്തരമൊരു വാഗ്വാദം കണ്ടിട്ടില്ല. തൊഴുത്തിൽക്കുത്ത് ഉണ്ടായിരുന്നെങ്കിലും ഒരിക്കലും മേച്ചിൽപ്പുറത്ത് അവർ കുത്തിയിരുന്നില്ല. രണ്ട് യുവതാരങ്ങളെ സ്ഥാനാർഥികളാക്കി പാലക്കാട്ടും ചേലക്കരയിലും കോണ്‍ഗ്രസ് ഉണ്ടാക്കിയ പ്രാരംഭ ഉണർവ് അവർ തന്നെ തല്ലിക്കെടുത്തി. അനാവശ്യ സംവാദങ്ങളും ഉണ്ടായി.
പാലക്കാട്ട് കോണ്‍ഗ്രസ് സ്ഥാനാർഥിക്കെതിരേ എന്തേ ഇത്രയും എതിർപ്പ് പാർട്ടിയിൽനിന്നുതന്നെ വരുന്നു? ഈ സ്ഥാനാർഥി വേണ്ട എന്നുകാണിച്ച് പാലക്കാട് ഡിസിസി അയച്ച കത്ത് മാധ്യമങ്ങൾക്കു കിട്ടുന്നു. കത്ത് ചോർന്നു. ഡിസിസി സെക്രട്ടറി രാജിവച്ച് എതിർപക്ഷത്തു ചേർന്ന സാഹചര്യത്തിൽ ഇത്തരം പലതും ഇനിയും പുറത്തുവന്നേക്കാം. കോണ്‍ഗ്രസല്ലേ, പലതും നടക്കുമെന്ന ഉമ്മൻ ചാണ്ടിയുടെ പതിവു പല്ലവിയാണ് ഓർമയിൽ വരുന്നത്.