മുനന്പം: തങ്ങളുടെ ഭൂമിയിലുള്ള വഖഫ് അവകാശവാദത്തിന്റെ പേരില്‍ പ്രതിസന്ധിയിലായ മുനമ്പം തീരദേശവാസികള്‍ക്ക് പിന്തുണയുമായി കോണ്‍ഫറന്‍സ് ഓഫ് റിലീജിയസ് ഇന്ത്യ (സിആര്‍ഐ) കോതമംഗലം യൂണിറ്റ് സമരപ്പന്തലിലെത്തി.
മുനമ്പം ജനതയുടെ ഭൂമിയുടെ റവന്യു അവകാശങ്ങള്‍ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള റാലിയിലും ഐക്യദാര്‍ഢ്യ സമ്മേളനത്തിലും 18 സന്യാസ സമൂഹങ്ങളില്‍ നിന്നായി 130 സന്യസ്ത പ്രതിനിധികള്‍ പങ്കെടുത്തു.
സിഎംഐ മൂവാറ്റുപുഴ പ്രൊവിന്‍ഷ്യൽ റവ.ഡോ. മാത്യു മഞ്ഞക്കുന്നേല്‍ ഉദ്ഘാടനം ചെയ്തു.സിആര്‍ഐ കോതമംഗലം യൂണിറ്റ് പ്രസിഡന്റ് ഫാ. റോയ് കണ്ണന്‍ചിറ മുഖ്യപ്രഭാഷണം നടത്തി. മുനമ്പത്ത് അതിജീവനത്തിനായി പോരാടുന്ന തീരജനതയോട് കേരളത്തിലും രാജ്യമെമ്പാടുമുള്ള സന്യാസ സമൂഹങ്ങള്‍ കൈകോര്‍ക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ആരുടെയെങ്കിലും സ്വാര്‍ഥതയുടെയോ നിക്ഷിപ്തതാത്പര്യങ്ങളുടെയോ പേരിലുള്ള വഖഫ് അവകാശവാദത്തിനു മുന്നില്‍ തീരദേശജനതയുടെ ന്യായമായ ആവശ്യങ്ങള്‍ അടിയറവയ്ക്കുമെന്ന് ബന്ധപ്പെട്ടവരും സര്‍ക്കാരുകളും കരുതേണ്ടതില്ല.
ചിന്തിക്കുകയും പ്രതികരിക്കുകയും ചെയ്യുന്ന കേരളീയ സമൂഹത്തിന്റെ പൂര്‍ണമായ പിന്തുണ മുനമ്പം ജനതയ്ക്കൊപ്പമാണെന്നും ഫാ. കണ്ണന്‍ചിറ പറഞ്ഞു. ഫാ. തോമസ്, സിസ്റ്റര്‍ ലിസി, സിസ്റ്റര്‍ ഗ്ലോറി, സിസ്റ്റര്‍ പൗള എന്നിവർ പ്രസംഗിച്ചു.