കൊച്ചി: ഹിജാബ് ധരിക്കണമെന്ന വിദ്യാർഥിനിയുടെ ആവശ്യവും അതിനായി നിരോധിത ഇസ്ലാമിക ഭീകര പ്രസ്ഥാനമായ പോപ്പുലർ ഫ്രണ്ടിന്റെ രാഷ്ട്രീയകാര്യ സംഘടനയായ SDPIയുടെ സമ്മർദവും സ്കൂളിന്റെ പ്രവർത്തനത്തെ തടസപ്പെടുത്തി. പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്കൂളാണ് ഹിജാബിന്റെ പേരിലുള്ള ഇസ്ലാമിസ്റ്റുകളുടെ പിടിവാശിയിൽ താത്കാലികമായി അടച്ചിടേണ്ടിവന്നത്.
സ്കൂളിലെ അച്ചടക്കത്തിന്റെ ഭാഗമായുള്ള യൂണിഫോം വസ്ത്രധാരണത്തെ മാനിക്കാതെ, എട്ടാം ക്ലാസ് വിദ്യാർഥിനി മാത്രം ഹിജാബ് ധരിച്ചു സ്കൂളിലെത്തുന്നത് അനുവദിക്കാനാവില്ലെന്ന് മാനേജ്മെന്റ് രക്ഷിതാക്കളോട് പറഞ്ഞിരുന്നു.
വിദ്യാർഥിനിയെ ഹിജാബ് ധരിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം എസ്.ഡി.പി.ഐ പ്രവർത്തകർ സ്കൂളിലെത്തി സംഘർഷാവസ്ഥ സൃഷ്ടിച്ചിരുന്നു.
സ്കൂളിലേക്ക് അതിക്രമിച്ചു കയറിയ ഇവരെ പോലീസെത്തിയാണ് മാറ്റിയത്. സ്കൂളിന്റെ പരാതിയിൽ ഇവർക്കെതിരേ പള്ളുരുത്തി പോലീസ് കേസെടുത്തിട്ടുണ്ട്. എസ്ഡിപിഐ തൃപ്പൂണിത്തുറ നിയോജകമണ്ഡലം പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ളവരാണ് ബഹളമുണ്ടാക്കിയതെന്ന് പിടിഎ പ്രസിഡന്റ് ജോഷി കൈതവളപ്പിൽ ആരോപിച്ചു.
ഈ അധ്യയനവർഷം പ്രവേശനം നേടിയ വിദ്യാർഥിനി കഴിഞ്ഞ നാലു മാസത്തോളം സ്കൂളിലെ പൊതുവായ നിയമങ്ങൾ പാലിച്ച് ഹിജാബ് ഒഴിവാക്കിയാണു സ്കൂളിലെത്തിയിരുന്നത്. പ്രശ്നങ്ങളുടെ പശ്ചാത്തലത്തിൽ ഇന്നലെയും ഇന്നും സ്കൂളിന് അവധി നൽകിയതായി പ്രിൻസിപ്പൽ സിസ്റ്റർ ഹെലീന അറിയിച്ചു.
അതേസമയം, ഹിജാബ് ധരിച്ചു മാത്രമേ മകളെ സ്കൂളിലയ്ക്കാനാകൂ എന്നാണ് വിദ്യാർഥിനിയുടെ മാതാപിതാക്കളുടെ നിലപാട്. അഗസ്റ്റീനിയൻ സന്യാസിനീ സമൂഹത്തിന്റെ നേതൃത്വത്തിൽ 30 വർഷത്തോളമായി പ്രവർത്തിക്കുന്ന പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്കൂൾ പശ്ചിമകൊച്ചിയിലെ മികച്ച പഠനാന്തരീക്ഷമുള്ള സിബിഎസ്ഇ വിദ്യാലയങ്ങളിലൊന്നാണ്. പ്രീ കെജി മുതൽ പത്താം ക്ലാസ് വരെ വ്യത്യസ്ത മതവിഭാഗങ്ങളിലുള്ള 450 ഓളം വിദ്യാർഥികൾ ഇവിടെ പഠിക്കുന്നുണ്ട്.
നാലു മാസത്തിനു ശേഷം ഹിജാബ്!
സെന്റ് റീത്താസ് പബ്ലിക് സ്കൂളിലെ ഹിജാബ് വിവാദത്തെക്കുറിച്ചു പിടിഎ പ്രസിഡന്റ് ജോഷി കൈതവളപ്പിൽ വിശദീകരിക്കുന്നത് ഇങ്ങനെ:
എല്ലാ വിദ്യാർഥികൾക്കുമുള്ള യൂണിഫോം വസ്ത്രധാരണ രീതി മാനിക്കാതെ ഹിജാബ് ധരിക്കുമെന്നു നിർബന്ധം പിടിക്കുന്ന വിദ്യാർഥിനി ഈ വർഷമാണ് പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിൽ ചേർന്നത്. പ്രവേശനദിവസം തന്നെ, സ്കൂളിലെ അച്ചടക്കത്തിന്റെ ഭാഗമായുള്ള പൊതുവായ ചിട്ടകളും നിയമങ്ങളും വിദ്യാർഥിയെയും രക്ഷിതാക്കളെയും അറിയിച്ചിരുന്നു. അവർ അത് അംഗീകരിക്കുകയും ചെയ്തതാണ്.
ആദ്യദിവസങ്ങളിൽ തന്നെ യൂണിഫോം സംബന്ധിച്ച സ്കൂളിലെ അച്ചടക്കം തെറ്റിച്ചപ്പോൾ സ്കൂൾ അധികൃതർ വിദ്യാർഥിയോടും രക്ഷിതാക്കളോടും സംസാരിച്ചു. തുടർന്ന് കഴിഞ്ഞ നാലു മാസം മറ്റു വിദ്യാർഥികളുടേതുപോലെ തന്നെ ഈ വിദ്യാർഥിനിയും കൃത്യമായ വസ്ത്രധാരണമാണ് പിന്തുടർന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളിലാണ് ഹിജാബ് ധരിക്കുന്നതിനു വിദ്യാർഥിനി നിർബന്ധം പിടിച്ചത്.
കഴിഞ്ഞ നാലു മാസക്കാലം എങ്ങനെയാണോ വിദ്യാർഥിനി സ്കൂളിൽ എത്തിയത് അതേ അച്ചടക്കത്തോടും യൂണിഫോമിലും മറ്റു വിദ്യാർഥികളെപ്പോലെ എത്തണമെന്നാണ് മാനേജ്മെന്റിന് പറയാനുള്ളത്. സ്കൂളിൽ എല്ലാ വിദ്യാർഥികളും ഒന്നാണ്. മത, ജാതി വിവേചനം ഇവിടെ ആർക്കുമില്ല. കുട്ടിയെ സ്കൂളിൽ തന്നെ മികച്ച രീതിയിൽ പഠിപ്പിക്കണമെന്നാണ് ആഗ്രഹം. പൊതുവായ അച്ചടക്കം പാലിക്കുകയെന്നത് എല്ലാ വിദ്യാർഥികൾക്കും ഒരു പോലെ ബാധകമാണ്.