ടെൽ അവീവ്: ഒക്ടോബർ ഏഴിലെ ഭീകരാക്രമണത്തിൽ ഹമാസ് ഭീകരർ ഗാസയിലേക്കു തട്ടിക്കൊണ്ടുപോയ അഞ്ച് ഇസ്രേലികളുടെ മൃതദേഹങ്ങൾ വീണ്ടെടുത്തു.
തെക്കൻ ഇസ്രയേലിൽ നഴ്സറി ടീച്ചറായിരുന്ന മായാ ഗോരെൻ, സൈനികരായ മേജർ റാവിദ് കാറ്റ്സ്, മാസ്റ്റർ സെർജന്റ് ഓറെൻ ഗോൾഡിൻ, സ്റ്റാഫ് സെർജന്റ് തോമർ അഹിമാസ്, സെർജന്റ് കിറിൾ ബ്രോഡ്സ്കി എന്നിവരുടെ മൃതദേഹങ്ങളാണു വീണ്ടെടുത്തത്.
ഗാസയിലെ ഖാൻ യൂനിസിൽ ഓപ്പറേഷൻ നടത്തിയ ഇസ്രേലി കമാൻഡോകളാണു മൃതദേഹങ്ങൾ കണ്ടെത്തിയത്. മായ ഗാരെൻ ഗാസയിൽ ഭീകരരുടെ കസ്റ്റഡിയിലാണു മരിച്ചതെന്ന് ഇസ്രേലി സേന അറിയിച്ചു.
സൈനികർ ഭീകരാക്രമണത്തിനിടെ കൊല്ലപ്പെട്ടതാണ്. ഭീകരർ സൈനികരുടെ മൃതദേഹങ്ങൾ ഗാസയിലേക്കു തട്ടിക്കൊണ്ടുപോകുകയായിരുന്നു.
പലസ്തീൻ ഭീകരർ 251 പേരെയാണ് ഇസ്രയേലിൽനിന്നു തട്ടിക്കൊണ്ടുപോയത്. നവംബറിലെ വെടിനിർത്തലിൽ നൂറിലധികം പേർ മോചിതരായിരുന്നു. ഗാസയിൽ കസ്റ്റഡിയിൽ തുടർന്നവരിൽ 39 പെരെങ്കിലും മരിച്ചിരിക്കാമെന്ന് ഇസ്രേലി വൃത്തങ്ങൾ അനുമാനിക്കുന്നു.