ടെഹ്റാൻ: ഇറാൻ പ്രസിഡന്റ് മസൗദ് പെസെഷ്കിയാന്റെ മന്ത്രിസഭയിലെ എല്ലാ അംഗങ്ങൾക്കും പാർലമെന്റിന്റെ അംഗീകാരം. 2001നുശേഷം ആദ്യമായാണ് മന്ത്രിസഭയിലെ മുഴുവൻ അംഗങ്ങൾക്കും പാർലമെന്റിന്റെ അംഗീകാരം ലഭിക്കുന്നത്.
അബ്ബാസ് അരാഘ്ചി(61) ആണ് പുതിയ വിദേശകാര്യമന്ത്രി. അസീസ് നസീർസാദേയാണ് പുതിയ പ്രതിരോധ മന്ത്രി.
ഏറ്റവും കൂടുതൽ വോട്ട് നേടിയത് അസീസാണ്. 288 അംഗങ്ങളിൽ 281 പേർ അസീസിനു വോട്ട് ചെയ്തു. ആരോഗ്യമന്ത്രി റേസ സഫർഘൻദിക്കാണ് ഏറ്റവും കുറവ് വോട്ട് ലഭിച്ചത്-163. ഏക വനിതാ മന്ത്രിയായ ഫർസാനേ സാദെഗിന് 231 വോട്ട് ലഭിച്ചു. ഒരു ദശകത്തിനുശേഷം ഇറാനിൽ മന്ത്രിയാകുന്ന വനിതായണ് ഫർസാനേ.