ഇസ്ലാമാബാദ്/പെഷവാർ: പാക്കിസ്ഥാൻ-അഫ്ഗാനിസ്ഥാൻ സംഘർഷത്തിൽ ഇരു ഭാഗത്തും വലിയ ആൾനാശമെന്നു റിപ്പോർട്ട്.
ഇരുനൂറിലേറെ താലിബാൻ സൈനികർ കൊല്ലപ്പെട്ടുവെന്നും 19 അഫ്ഗാൻ സൈനിക പോസ്റ്റുകളും ഭീകരതാവളങ്ങളും പിടിച്ചെടുത്തെന്നും പാക്കിസ്ഥാനിലെ ഇന്റർ-സർവീസ് പബ്ലിക് റിലേഷൻസ് (ഐഎസ്പിആർ) അറിയിച്ചു.
അതേസമയം, 58 പാക് സൈനികർ കൊല്ലപ്പെട്ടുവെന്ന് അഫ്ഗാൻ സർക്കാരിന്റെ മുഖ്യ വക്താവ് സബിഹുള്ള മുജാഹിദ് അറിയിച്ചു. തങ്ങളുടെ 23 സൈനികർ കൊല്ലപ്പെട്ടുവെന്ന് പാക്കിസ്ഥാൻ സമ്മതിച്ചു. അഫ്ഗാൻ വിദേശകാര്യ മന്ത്രി അമിർ ഖാൻ മുത്തഖി ഇന്ത്യ സന്ദർശിക്കുന്നതിനിടെയാണ് പാക്-അഫ്ഗാൻ സംഘർഷം.
ഇന്നലെ വെളുപ്പിനായിരുന്നു പാക് ആക്രമണം ആരംഭിച്ചതെന്നും പാക്കിസ്ഥാന് ചുട്ട മറുപടി നല്കിയെന്നും താലിബാൻ സർക്കാരിന്റെ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ശനിയാഴ്ച രാത്രി പാക്കിസ്ഥാനിലെ ഖൈബർ പഖ്തുൺഖ്വ പ്രവിശ്യയിലെ അംഗൂർ അഡ്ഡ, ബജാവൂർ, കുറം, ദിർ, ചിത്രാൾ എന്നിവിടങ്ങളിലും ബലൂചിസ്ഥാനിലെ ബരാംചയിലും അഫ്ഗാൻ സൈന്യം ആക്രമണം നടത്തിയെന്ന് സഹിഹുള്ള മുജാഹിദ് പറഞ്ഞു.
“”20 പാക് സൈനികപോസ്റ്റുകൾ നശിപ്പിച്ചു. എണ്ണമറ്റ ആയുധങ്ങളും സൈനികോപകരണങ്ങളും പിടിച്ചെടുത്തു. ഞങ്ങളുടെ ഒന്പത് സൈനികർ കൊല്ലപ്പെട്ടു. ഖത്തറിന്റെയും സൗദി അറേബ്യയുടെയും അഭ്യർഥനപ്രകാരം അർധരാത്രി സൈനികനടപടി നിർത്തിവച്ചു.”- മുജാഹിദ് കൂട്ടിച്ചേർത്തു.
പ്രകോപനമില്ലാതെയാണ് അതിർത്തി പോസ്റ്റുകൾക്കു നേർക്ക് താലിബാൻ ആക്രമണം നടത്തിയ തെന്ന് പാക്കിസ്ഥാൻ ആഭ്യന്തര മന്ത്രി മൊഹ്സിൻ നഖ്വി ആരോപിച്ചു. സാധാരണക്കാർക്കു നേർക്ക് അഫ്ഗാൻ സൈന്യം ആക്രമണം നടത്തിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
അഫ്ഗാൻ താവളമാക്കി തെഹ്രീക്-ഇ-താലിബാൻ പാക്കിസ്ഥാൻ (ടിടിപി) ഭീകരർ പാക്കിസ്ഥാനിൽ നിരന്തരം ആക്രമണം നടത്തുന്നതാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാകാൻ കാരണം. ഖൈബർ പഖ്തുൺഖ്വ പ്രവിശ്യയിലാണ് ടിടിപി ആക്രമണം രൂക്ഷമായിട്ടുള്ളത്.
പാക്കിസ്ഥാന്റെ ഇതര പ്രദേശങ്ങളിലും ടിടിപി ആക്രമണം ഉണ്ടാകാറുണ്ട്. കഴിഞ്ഞയാഴ്ച ഒറാക്സായി ജില്ലയിൽ ടിടിപി ആക്രമണത്തിൽ ലഫ്. കേണലും മേജറും അടക്കം 11 സൈനികർ കൊല്ലപ്പെട്ടിരുന്നു. വ്യാഴാഴ്ച രാത്രി അഫ്ഗാൻ തലസ്ഥാനമായ കാബൂളിൽ സ്ഫോടനങ്ങളുണ്ടായി. ഇതിനു പിന്നിൽ പാക്കിസ്ഥാനാണെന്ന് അഫ്ഗാനിസ്ഥാൻ ആരോപിച്ചു. ഉത്തരവാദിത്വം ഏറ്റെടുക്കാനോ നിരാകരിക്കാനോ പാക് സൈന്യം തയാറായില്ല.
കാബൂൾ ആക്രമണത്തിനു പിന്നാലെ ശനിയാഴ്ച രാത്രി അഫ്ഗാനിസ്ഥാൻ ആക്രമണം ആരംഭിച്ചു. ഇന്നലെ വെളുപ്പിനു പാക്കിസ്ഥാൻ പ്രത്യാക്രമണം തുടങ്ങുകയായിരുന്നു. പീരങ്കികളും ടാങ്കുകളും ഉൾപ്പെടെയുള്ള സന്നാഹത്തോടെയായിരുന്നു പാക് ആക്രമണം. ഇതിനു പുറമേ, വ്യോമാക്രമണവും നടത്തി. അഫ്ഗാനിസ്ഥാനിലെ അനവധി താലിബാൻ കേന്ദ്രങ്ങൾ നശിപ്പിച്ചെന്ന് പാക് സൈന്യം അറിയിച്ചു.
അനുബന്ധ വാർത്തകൾ
കിൻഷാസ: കിഴക്കൻ കോംഗോയിൽ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള അലൈഡ് ഡെമോക്രാറ്റിക് ഫോഴ്സസ്(എഡിഎഫ്) ഭീകരരുടെ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടു. നോർത്ത് കിവു പ്രവിശ്യയിലെ നിരവധി ഗ്രാമങ്ങളിലാണ് ഭീകരസംഘടന ആക്രമണം നടത്തിയത്. മരണസംഖ്യ ഇനിയും ഏറെ […]
ടെൽ അവീവിൽനിന്ന് അരിയേൽ സീയോൻ ഇറാനെതിരായ പോരാട്ടത്തിൽ ഇസ്രയേൽ ജനത ഒറ്റക്കെട്ടാണ്. സമാധാനജീവിതം ഉറപ്പുവരുത്താൻ സർക്കാർ നടത്തുന്ന ശ്രമങ്ങൾക്ക് ജനം എല്ലാവിധ പിന്തുണയും നൽകുന്നു. ഇറാന്റെ ആണവ പദ്ധതികൾ ഇസ്രയേലിനെ ലക്ഷ്യംവച്ചുള്ളതാണ്. അതിനാൽത്തന്നെ അത് […]
ടെഹ്റാൻ: ഇറാനിലെ നഗരങ്ങളിൽ നായകളുമായി നടക്കാനിറങ്ങുന്നതു നിരോധിച്ചു. ലംഘിക്കുന്നവർ കർശന നടപടി നേരിടേണ്ടിവരുമെന്നാണു മുന്നറിയിപ്പ്. തലസ്ഥാനമായ ടെഹ്റാനിൽ 2019 മുതൽ ഈ നിരോധനം നിലവിലുണ്ട്. പോലീസാണ് ഈ നിരോധന ഉത്തരവ് പുറപ്പെടുവിച്ചത്. കഴിഞ്ഞയാഴ്ച 18 […]