ഹേഗ്: യുദ്ധക്കുറ്റം ചുമത്തി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഉൾപ്പടെയുള്ളവർക്ക് അന്താരാഷ്ട്ര ക്രിമിനൽ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. ഒരു വര്‍ഷത്തിലേറെയായി ഗാസയില്‍ തുടരുന്ന മനുഷ്യാവകാശ ലംഘനങ്ങളുടെ പശ്ചാത്തലത്തില്‍ യുദ്ധക്കുറ്റങ്ങൾ ചുമത്തിയാണ് കോടതി വാറന്റ് പുറപ്പെടുവിച്ചിരിക്കുന്നത്.
ഗാസയിൽ സ്ത്രീകളും കുട്ടികളുമടക്കം നാൽപതിനായിരത്തിലേറെ പേരെ കൂട്ടക്കൊല നടത്തിയതിനും ആശുപത്രികളടക്കം തകർത്തു തുടങ്ങിയ കുറ്റങ്ങളാണ് നെതന്യാഹുവിനും മുൻ പ്രതിരോധ മന്ത്രി യൊആവ് ഗാലൻറിനും എതിരെ ചുമത്തിയിരിക്കുന്നത്. ഐസിസി പ്രീ-ട്രയൽ ചേംബർ ഒന്നിലെ മൂന്ന് ജഡ്ജിമാർ ഏകകണ്ഠമായാണ് ഇവർക്കെതിരെ വാറന്റ് പുറപ്പെടുവിച്ചത്.
ഹമാസ് നേതാവ് മുഹമ്മദ് ദയീഫിന് എതിരെയും കോടതിയുടെ വാറന്റുണ്ട്. മൂന്നുപേർക്കും ക്രിമിനൽ പ്രവർത്തനങ്ങളുടെ ഉത്തരവാദിത്തമുണ്ടെന്നും അതു വ്യക്തമാക്കുന്ന സാഹചര്യങ്ങളുണ്ടെന്നും കോടതി നിരീക്ഷിച്ചു. എന്നാൽ ഇസ്രായേലും ഹമാസും ആരോപണങ്ങൾ നിഷേധിച്ചു.
ഇസ്രയോല്‍, ഗാസ, വെസ്റ്റ് ബാങ്ക് എന്നിവിടങ്ങളില്‍ നടക്കുന്ന അന്താരാഷ്ട്ര കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് ലഭിച്ച തെളിവുകള്‍ ആശങ്ക ഉണർത്തുന്നതാണെന്ന് കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു.