ന്യൂഡൽഹി: കേന്ദ്രസർക്കാർ പാർലമെന്റിൽ അവതരിപ്പിച്ച വഖഫ് ഭേദഗതി നിയമം പരിശോധിക്കാനായി രൂപവത്കരിച്ച സംയുക്ത പാർലമെന്ററി സമിതി(ജെപിസി) പ്രഥമ യോഗം ഇന്നലെ ചേർന്നു. പാർലമെന്റ് മന്ദിരത്തിന്റെ അനക്സിൽ രാവിലെ പതിനൊന്നിനായിരുന്നു യോഗം.
44 ഭേദഗതികൾ കൊണ്ടുവന്ന 2024ലെ വഖഫ് ഭേദഗതി ബില്ലിനെക്കുറിച്ച് കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിന്റെ പ്രതിനിധികൾ യോഗത്തിൽ വിശദീകരിച്ചു. കേന്ദ്ര നിയമമന്ത്രാലയം പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു. ബിജെപി അംഗങ്ങൾ വഖഫ് ഭേദഗതി നിയമത്തെ അനുകൂലിച്ചപ്പോൾ ബില്ലിലെ വിവിധ വ്യവസ്ഥകൾക്കെതിരേ പ്രതിപക്ഷ അംഗങ്ങൾ നിലപാടെടുത്തു.
ആറു മണിക്കൂറിലേറെ നീണ്ട യോഗം ഫലവത്തായിരുന്നുവെന്ന് സമിതി ചെയർപേഴ്സൺ ജഗദംബിക പാൽ പറഞ്ഞു. അടുത്ത യോഗം ഈ മാസം 30നു ചേരും. വിവിധ സംസ്ഥാനങ്ങളിലെ വഖഫ് ബോർഡുകൾ അഭിപ്രായങ്ങൾ ആ യോഗത്തിൽ ജെപിസി കേൾക്കും. 31 അംഗങ്ങളാണു ജെപിസിയിലുള്ളത്.
ഓഗസ്റ്റ് എട്ടിനായിരുന്നു ബിൽ ലോക്സഭയിൽ അവതരിപ്പിച്ചത്. പാർലമെന്റിൽ പ്രതിപക്ഷത്തിന്റെ ശക്തമായ എതിർപ്പുയർന്നതിനെത്തുടർന്ന് ബിൽ ജെപിസിക്കു വിടുകയായിരുന്നു.
മുസ്ലിംകളെ ലക്ഷ്യമിട്ടുള്ളതാണു വഖഫ് ഭേദഗതി നിയമമെന്നാണു പ്രതിപക്ഷ വിമർശനം.അഞ്ചു വർഷത്തിനിടെ ആദ്യമായാണ് ഒരു ബിൽ സംയുക്ത പാർലമെന്ററി സമിതിയുടെ സൂക്ഷ്മ പരിഗണനയ്ക്കു വിടുന്നത്.