ന്യൂഡൽഹി: കേന്ദ്രമന്ത്രിപദവിയിലിരുന്ന് സിനിമ ചെയ്യാൻ സുരേഷ് ഗോപിക്ക് അനുവാദം നൽകിയേക്കില്ലെന്നു സൂചന.
മന്ത്രിസ്ഥാനം തിരിച്ചെടുത്താൽ സന്തോഷമെന്ന സുരേഷ് ഗോപിയുടെ പരാമർശത്തിനു പിന്നാലെ ബിജെപി കേന്ദ്ര നേതൃത്വം കടുത്ത അതൃപ്തിയിലാണ്. അമിത് ഷായുടെ പേര് പ്രസംഗത്തിൽ പരാമർശിക്കപ്പെട്ടതും അതൃപ്തിയുണ്ടാക്കിയെന്നാണു സൂചന.
മന്ത്രിമാർക്കുള്ള പെരുമാറ്റച്ചട്ട പ്രകാരം പണമുണ്ടാക്കുന്ന മറ്റു ജോലികളിൽ ഏർപ്പെടാൻ അനുവാദമില്ല. ഇക്കാര്യത്തിൽ സുരേഷ് ഗോപിക്കു മാത്രം അനുമതി നൽകിയാൽ മറ്റുള്ളവരും ഇത്തരം കാര്യങ്ങൾ ആവശ്യപ്പെടുമെന്നും അതൊരു കീഴ്വഴക്കമാകാൻ സാധ്യതയുണ്ടെന്നും കേന്ദ്രം കരുതുന്നു. എന്നാൽ സുരേഷ് ഗോപി സിനിമാ അഭിനയത്തിൽ നിലപാട് കടുപ്പിച്ചാൽ മന്ത്രിസ്ഥാനം ഒഴിയേണ്ടിവരും.
“ഒറ്റക്കൊന്പൻ’അടക്കം 22 സിനിമകൾ ചെയ്യാനുണ്ടെന്നും ആർത്തിയോടെയാണു താൻ അതിനെല്ലാം ഡേറ്റ് കൊടുത്തതെന്നും അതിന്റെ പേരിൽ മന്ത്രിസ്ഥാനം പോയാൽ സന്തോഷമേയുള്ളൂവെന്നുമായിരുന്നു സുരേഷ് ഗോപിയുടെ പ്രസ്താവന.
സിനിമ ചെയ്യാനുള്ള അനുവാദം ചോദിച്ചുചെന്നപ്പോൾ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പേപ്പർ കെട്ടെടുത്ത് മൂലയിലേക്ക് എറിഞ്ഞുവെന്നും എന്തൊക്കെ സംഭവിച്ചാലും താൻ സെപ്റ്റംബർ ആറിന് സിനിമ ചെയ്യാൻ പോരുമെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു.