മുള്ളേരിയ (കാസർഗോഡ്): സ്വാതന്ത്ര്യദിനത്തിൽ പള്ളിക്കു മുന്നിൽ ഉയർത്തിയ ദേശീയപതാക വൈകുന്നേരം താഴ്ത്തുന്നതിനിടെ ഇരുമ്പു പൈപ്പുകൊണ്ടുണ്ടാക്കിയ കൊടിമരം വൈദ്യുതകമ്പിയിൽ തട്ടി യുവവൈദികൻ ഷോക്കേറ്റു മരിച്ചു.
തലശേരി അതിരൂപതയിലെ വൈദികനും മുള്ളേരിയ ഇൻഫന്റ് ജീസസ് പള്ളി വികാരിയുമായ ഫാ. മാത്യു (ഷിൻസ്) കുടിലിൽ (29) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മുള്ളേരിയ സ്വദേശി ബ്രദർ സെബിൻ ജോസഫിനെ (28) മംഗളൂരുവിലെ ഫാ. മുള്ളേഴ്സ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച വൈകുന്നേരം ആറോടെയായിരുന്നു സംഭവം. ദേശീയപതാക താഴ്ത്തുമ്പോൾ കയറിൽ കുരുങ്ങിയതിനെത്തുടർന്ന് ഇരുവരും ചേര്‍ന്ന് കൊടിമരം എടുത്തുപൊക്കി അതു വിടർത്താൻ ശ്രമിക്കുന്പോഴായിരുന്നു അപകടം.
ഭാരവും കാറ്റും മൂലം കൊടിമരം മറിഞ്ഞ് തൊട്ടടുത്ത ഹൈടെൻഷൻ വൈദ്യുതലൈനിൽ തട്ടി. ബ്രദർ സെബിൻ ഷോക്കേറ്റ് മൂന്നടി ദൂരത്തിലേക്കു തെറിച്ചുവീണപ്പോള്‍ ഫാ. മാത്യു രണ്ടു സെക്കന്‍ഡ് ഇരുമ്പുപൈപ്പില്‍ പിടിച്ചശേഷം എട്ടടി ദൂരത്തേക്ക് തെറിച്ചുവീഴുകയായിരുന്നു.
അല്പസമയം ബോധരഹിതനായ ബ്രദർ എഴുന്നേറ്റയുടൻ റോഡിലൂടെ പോവുകയായിരുന്ന ആളുകളെ വിളിച്ചുകൂട്ടി ഫാ. മാത്യുവിനെ മുള്ളേരിയ സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ആദൂർ പോലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം കാസർഗോഡ് ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം കരുവഞ്ചാൽ സെന്റ് ജോസഫ് ആശുപത്രിയിലെത്തിച്ചു. ഇന്നു രാവിലെ ഏഴിന് എടൂരിലെ വീട്ടിലെത്തിച്ച് പൊതുദർശനത്തിനു വയ്ക്കും. തുടർന്ന് എട്ടു മുതൽ എടൂർ സെന്റ് മേരീസ് ഫൊറോന പള്ളിയിൽ പൊതുദർശനം. സംസ്കാര ശുശ്രൂഷകൾ 10ന് ആരംഭിക്കും.
കണ്ണൂർ ഇരിട്ടി എടൂർ സ്വദേശിയായ ഫാ. മാത്യു 2020 ഡിസംബർ 28നാണ് പൗരോഹിത്യം സ്വീകരിച്ചത്. കുടിയാന്മല, ചെമ്പന്തൊട്ടി, നെല്ലിക്കാംപൊയിൽ പള്ളികളിൽ അസി. വികാരിയായി സേവനമനുഷ്ഠിച്ച ശേഷം ഒന്നേകാൽ വർഷം മുമ്പാണ് മുള്ളേരിയയിൽ ചുമതലയേറ്റത്. ദേലംപാടി സെന്റ് മേരീസ് പള്ളിയുടെ ചുമതലയും നിർവഹിച്ചിരുന്നു.
കർണാടകയിലെ പുത്തൂർ സെന്റ് ഫിലോമിന കോളജിൽ രണ്ടാംവർഷ എംഎസ്ഡബ്ല്യു വിദ്യാർഥിയായിരുന്നു. കെസിവൈഎം കാസർഗോഡ് ഫൊറോന ഡയറക്ടറായും പ്രവർത്തിച്ചിരുന്നു.
എടൂരിലെ കുടിലിൽ പരേതനായ അഗസ്റ്റിന്റെയും ലിസിയുടെയും മകനാണ്. സഹോദരങ്ങൾ: ലിന്റോ, ബിന്റോ. ദീപിക ചീഫ് എഡിറ്റർ റവ. ഡോ. ജോർജ് കുടിലിലിന്റെ പിതൃസഹോദരന്റെ പൗത്രനാണ് ഫാ. മാത്യു.