ഗതാഗതക്കുരുക്കിലും ടോൾ പിരിവ്: വിശദീകരണം തേടി

കൊച്ചി: പാലിയേക്കരയിൽ ടോൾ പിരിവ് തുടരുന്നതിനെതിരായ ഹർജിയിൽ ഹൈക്കോടതി കേന്ദ്രസർക്കാരിനോട് വിശദീകരണം തേടി. തൃശൂർ – എറണാകുളം ദേശീയപാതയിൽ ഗതാഗതക്കുരുക്ക് രൂക്ഷമായ സാഹചര്യത്തിലാണിത്. സേവനം മോശമായിട്ടും ടോൾ നൽകേണ്ടിവരുന്ന സ്ഥിതിയുണ്ടെന്നാണ് പരാതിയെന്ന് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ജോൺസൺ ജോൺ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് ചൂണ്ടിക്കാട്ടി. നിലപാടറിയിക്കാൻ കേന്ദ്രം സമയം തേടിയതിനാൽ ഹർജി 25ലേക്ക് മാറ്റി. ടോൾ പിരിവിനെതിരെ കോൺഗ്രസ് നേതാവ് ഷാജി കോടകണ്ടത്ത് സമർപ്പിച്ച ഹർജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.