കൊച്ചി: മട്ടാഞ്ചേരിയിലെ അവസാന ജൂത വനിത ക്വീനി ഹലേഗ്വ (89) അന്തരിച്ചു. കൊച്ചിയില്‍ ആദ്യമായി വൈദ്യുതി വിതരണം, ബോട്ട് സര്‍വീസ് എന്നിവയെല്ലാം ആരംഭിച്ച ജൂതവ്യവസായി എസ്. കോഡര്‍ എന്നറിയപ്പെട്ടിരുന്ന സാറ്റു കോഡറിന്റെ മകളാണ് ക്വീനി ഹലേഗ്വ. ഇവരുടെ ഭര്‍ത്താവ് സാമുവല്‍ ഹലേഗ്വ നേരത്തെ മരിച്ചിരുന്നു.
2011 വരെ കൊച്ചിയിലെ വ്യവസായ ഗ്രൂപ്പായ എസ്. കോഡര്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിംഗ് പാര്‍ട്ണറായിരുന്നു ക്വീനി. 2012 മുതല്‍ 2018 വരെ കൊച്ചി പരദേശി ജൂതപ്പള്ളിയുടെ മാനേജിംഗ് ട്രസ്റ്റിയുമായിരുന്നു. മക്കള്‍: ഫിയോന അലന്, ഡോ. ഡേവിഡ് (ഇരുവരും അമേരിക്കയില്‍). മരുമക്കള്‍: അലന് (ഇന്‍ഷ്വറന്‍സ്, യുഎസ്എ), സീസീ (ചാര്‍ട്ടേഡ് അക്കൗണ്ടന്റ്, അമേരിക്ക). സംസ്കാരം മട്ടാഞ്ചേരിയിലെ ജൂത സെമിത്തേരിയില്‍ നടത്തി. ജൂതകാരണവരായ സാം ഏബ്രഹാം ചടങ്ങുകള്‍ക്കു നേതൃത്വം നല്കി.
ക്വീനിയുടെ വിടവാങ്ങലിനുശേഷം ഇനി മട്ടാഞ്ചേരിയില്‍ അവശേഷിക്കുന്നത് ഒരു ജൂതവംശജന്‍ മാത്രം-ക്വീനിയുടെ ഭര്‍തൃസഹോദരിയുടെ മകന് 65 പിന്നിട്ട കിത്ത് ഹലേഗ്വ. ജൂതപള്ളിക്കു സമീപം പൈതൃക കെട്ടിടത്തിലാണ് ഇദ്ദേഹമുള്ളത്. നിലവില്‍ സംസ്ഥാനത്ത് 20 ജൂതന്മാരാണുള്ളത്.