ന്യൂഡൽഹി: ജാതീയമായ അധിക്ഷേപമുണ്ടെങ്കിൽ മാത്രമേ എസ്സി-എസ്ടി പീഡനനിരോധന നിയമപ്രകാരം കേസെടുക്കാനാകൂ എന്ന് സുപ്രീംകോടതി.
കുന്നത്തുനാട് എംഎൽഎ പി.വി. ശ്രീനിജനെതിരേ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയതുമായി ബന്ധപ്പെട്ട കേസിൽ ഓൺലൈൻ മാധ്യമമായ “മറുനാടൻ മലയാളി’ എഡിറ്റർ ഷാജൻ സ്കറിയയ്ക്ക് മുൻകൂർ ജാമ്യം അനുവദിച്ചുകൊണ്ടായിരുന്നു സുപ്രീംകോടതിയുടെ നിർണായക ഉത്തരവ്.
പട്ടികജാതി, പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്കെതിരേ അപകീർത്തികരമായി നടത്തുന്ന എല്ലാ പരാമർശങ്ങൾക്കെതിരേയും 1989ലെ എസ്സി-എസ്ടി പീഡന നിരോധന നിയമപ്രകാരം കേസെടുക്കാനാകില്ലെന്നും 2023 ജൂണിൽ മുൻകൂർ ജാമ്യം നിഷേധിച്ച കേരള ഹൈക്കോടതി വിധി റദ്ദ് ചെയ്തുകൊണ്ട് ജസ്റ്റീസുമാരായ ജെ.ബി. പർദിവാലയും മനോജ് മിശ്രയും അടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി.
പരാതിക്കാരന് മാനനഷ്ടത്തിനു കേസ് കൊടുക്കാമെന്നും കോടതി പറഞ്ഞു. പട്ടികജാതി-പട്ടിക വർഗ വിഭാഗത്തിൽപ്പെട്ടവർക്കെതിരായ എല്ലാ അധിക്ഷേപങ്ങളും ഭീഷണികളും ജാതി അധിക്ഷേപത്തിന്റെ പരിധിയിൽ വരില്ല.
തൊട്ടുകൂടായ്മ, സവർണ മേധാവിത്തം തുടങ്ങിയവയാണ് ജാതി അധിക്ഷേപത്തിന്റെ പരിധിയിൽ വരുന്നത്. ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരേ മാത്രമേ എസ്സി/എസ്ടി പീഡന നിരോധന നിയമപ്രകാരം കേസ് നിലനിൽക്കൂവെന്നും കോടതി വ്യക്തമാക്കി.
പി.വി.ശ്രീനിജൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ എളമക്കര പോലീസ് അറസ്റ്റ് ചെയ്താൽ അന്വേഷണ ഉദ്യോഗസ്ഥൻ ഷാജൻ സ്കറിയയ്ക്ക് ജാമ്യം നൽകണമെന്നും ജാമ്യവ്യവസ്ഥ അന്വേഷണ ഉദ്യോഗസ്ഥനു തീരുമാനിക്കാമെന്നും കോടതി വ്യക്തമാക്കി.
എസ്സി/എസ്ടി നിയമപ്രകാരം രജിസ്റ്റർ ചെയ്യുന്ന പല കേസുകളിലും നിർണായക സ്വാധീനം ചെലുത്തുന്നതാണ് സുപ്രീംകോടതി വിധി.
ശ്രീനിജൻ ജില്ലാ സ്പോർട്സ് കൗണ്സിൽ ചെയർമാനായിരിക്കെ ഹോസ്റ്റൽ നടത്തിപ്പിൽ അഴിമതി നടത്തിയെന്നാരോപിച്ചു ഷാജൻ തന്റെ ചാനലിൽ വാർത്ത നൽകി. ഇതിനെതിരേയാണു പട്ടികജാതി- പട്ടികവർഗ നിയമപ്രകാരം ശ്രീനിജൻ പരാതി നൽകിയത്.