ചങ്ങനാശേരി: 138 വര്‍ഷത്തെ പാരമ്പര്യമുള്ള ചങ്ങനാശേരി അതിരൂപതയ്ക്ക് മെത്രാപ്പോലീത്തന്‍ ഇടവകയില്‍നിന്നു പുതിയ ഇടയന് നിയമിതനായതില്‍ ആഹ്ലാദം. ആര്‍ച്ച്ബിഷപ്പായി മാര്‍ തോമസ് തറയിലിനെ നിയമിച്ചു കാക്കനാട് സെന്റ് തോമസ് മൗണ്ടില്‍ പ്രഖ്യാപനമുണ്ടായപ്പോള്‍ മാതൃഇടവകയായ സെന്റ് മേരീസ് മെത്രാപ്പോലീത്തന്‍പള്ളിയില്‍ എത്തിയ വിശ്വാസികളില്‍ സന്തോഷം കവിഞ്ഞൊഴുകി.
സന്തോഷത്തില്‍ പങ്കുചേരാന്‍ എത്തിയവര്‍ക്ക് വികാരി റവ.ഡോ.ജോസ് കൊച്ചുപറമ്പിലിന്റെനേതൃത്വത്തില് മധുരപലഹാരങ്ങള്‍ വിതരണം ചെയ്തു. മാര്‍ തോമസ് തറയില്‍ ആദ്യകുര്‍ബാനയും പൗരോഹിത്യവും സ്വീകരിച്ചതും സഹായമെത്രാനായി അഭിഷിക്തനായതും മാതൃ ഇടവകയായ മെത്രാപ്പോലീത്തന്‍ പള്ളിയില്‍ വച്ചായിരുന്നു.
ബാല്യകാലത്ത് മെത്രാപ്പോലീത്തന്‍ പള്ളിക്ക് സമീപമുള്ള തറയില്‍ കുടുംബവീട്ടില്‍നിന്നും ദിവസവും മെത്രാപ്പോലീത്തന്പള്ളിയിലെത്തി വിശുദ്ധകുര്‍ബാനയില്‍ അൾത്താര ബാലനായും അദ്ദേഹം ശുശ്രൂഷ ചെയ്തിരുന്നു.
ഫാ. ലിപിന്‍ തുണ്ടുകുളം, ഫാ. ജെറിന് കാവനാട്ട്, ഫാ. നിഖില്‍ അറയ്ക്കത്തറ, കൈക്കാരന്മാരായ ജോമി കാവാലംപുതുപ്പറമ്പ്, ബിനോ ജോണ്‍, ലാലിച്ചന്‍ മുക്കാടന്‍ എന്നിവരും സിസ്റ്റര്‍ ഗ്രേസ്, ജോബി തൂമ്പുങ്കല്‍, ടോമിച്ചന് അയ്യരുകുളങ്ങര, സൈബി അക്കര, സോണി കരിമറ്റം, കുഞ്ഞുമോന് തൂമ്പുങ്കല്‍, ജോയിച്ചന്‍ പീലിയാനിക്കല്‍, ജോസി കല്ലുകളം, സണ്ണി കോയിപ്പള്ളി തുടങ്ങിയവര്‍ പ്രസംഗിച്ചു.
ചങ്ങനാശേരി അതിരൂപതയുടെ ആര്‍ച്ച്ബിഷപ്പായി മാര്‍ തോമസ് തറയിലിലെ കാക്കനാട് സീറോമലബാര്‍ സഭാ കാര്യാലയത്തില്‍ പ്രഖ്യാപിച്ച സമയത്ത് അതിരൂപതയിലെ വിവിധ ഇടവകകളിലും സ്ഥാപനങ്ങളിലും ഔദ്യോഗികതയുടെ ഭാഗമായി മണിമുഴങ്ങി. അതിരൂപതയ്ക്ക് പുതിയ ആര്‍ച്ച്ബിഷപ്പിനെ ലഭിച്ചതിലുള്ള നന്ദിസൂചകമായി നാളെ അതിരൂപതയിലെ മുഴുവന്‍ ഇടവക ദേവാലയങ്ങളിലും കൃതജ്ഞതാബലി അര്‍പ്പിക്കും.
അതിരൂപതയില്‍ ഇന്ന് ഊഷ്മള സ്വീകരണം
ചങ്ങനാശേരി: നിയുക്ത മെത്രാപ്പോലീത്താ മാര്‍ തോമസ് തറയിലിന് മാതൃ ഇടവകയായ ചങ്ങനാശേരി പള്ളിയില്‍ അതിരൂപതയുടെ ഔദ്യോഗിക സ്വീകരണം നല്‍കും. സിനഡ് സമ്മേളനം കഴിഞ്ഞ് ഇന്ന് വൈകുന്നേരം നാലിന് പള്ളിയിലെത്തിച്ചേരുന്ന നിയുക്ത ആര്‍ച്ച്ബിഷപ്പിനെ വാദ്യമേളങ്ങളുടെ അകമ്പടിയോടെ പള്ളിയിലേക്ക് സ്വീകരിച്ചാനയിക്കും. വികാരി റവ.ഡോ. ജോസ് കൊച്ചുപറമ്പില്‍ കാനോനിക ശുശ്രൂഷപ്രകാരം ദേവാലയത്തിലേക്ക് സ്വീകരിച്ചാനയിക്കും.
ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം നിയുക്ത മെത്രാപ്പോലീത്ത മാര്‍ തോമസ് തറയിലിനായി പ്രാര്‍ഥന നയിച്ച് അദ്ദേഹത്തെ അതിരൂപതയിലേക്ക് ഔദ്യോഗികമായി സ്വാഗതം ചെയ്യും. മാര്‍ തോമസ് തറയില്‍ മറുപടി പ്രസംഗം നടത്തി വിശ്വാസിസമൂഹത്തിന് ആശീര്‍വാദം നല്‍കും.
പള്ളിയിലെ പ്രാര്‍ഥനകള്‍ക്കുശേഷം നിയുക്തമെത്രാപ്പോലീത്താ കബറിടപ്പള്ളിയിലെത്തി മുന്‍ഗാമികളായ അഭിവന്ദ്യ പിതാക്കന്മാരുടെ കബറിടത്തിങ്കൽ പുഷ്പാര്‍ച്ചന നടത്തും.
സ്വീകരണപരിപാടികള്‍ സംബന്ധിച്ചു നടന്ന ആലോചനായോഗത്തില്‍ അതിരൂപതാ വികാരിജനറാള്‍ മോണ്‍.ജോസഫ് വാണിയപ്പുരയ്ക്കല്‍ ആമുഖപ്രഭാഷണം നടത്തി. വികാരി റവ.ഡോ.ജോസ് കൊച്ചുപറമ്പില്‍ അധ്യക്ഷത വഹിച്ചു.
വൈകുന്നേരം അഞ്ചിന് പൗരാവലിയുടെ സ്വീകരണം
ചങ്ങനാശേരി: നിയുക്ത ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയിലിന് ചങ്ങനാശേരി സെന്‍ട്രല്‍ ജംഗ്ഷനില്‍ ഇന്ന് വൈകുന്നേരം അഞ്ചിന് പൗരാവലിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കും. ജോബ് മൈക്കിള്‍ എംഎല്‍എ, മുനിസിപ്പല്‍ ആക്ടിംഗ് ചെയര്മാന് മാത്യൂസ് ജോര്‍ജ് തുടങ്ങി സാമുദായിക സംസ്കാരിക നേതാക്കള്‍ പങ്കെടുക്കും.