ആലുവ: മാധ്യമങ്ങളിൽ തുടർച്ചയായി ഓൺലൈൻ തട്ടിപ്പു വാർത്തകൾ റിപ്പോർട്ട് ചെയ്യുമ്പോഴും വീണ്ടും എറണാകുളത്ത് വീഡിയോ കോൾ തട്ടിപ്പ് നടന്നു. “മയക്കുമരുന്ന് സംഘ’ത്തിൽ ഉൾപ്പെട്ടെന്ന് തട്ടിപ്പ് സംഘം വിശ്വസിപ്പിച്ച എംബിബിഎസ് വിദ്യാർഥിനിയായ മകളെ രക്ഷിക്കാൻ പിതാവ് മുടക്കിയത് ലക്ഷങ്ങളെന്ന് സൈബർ പോലീസ് അറിയിച്ചു.
എംബിബിഎസിന് പഠിക്കുന്ന പെൺകുട്ടിയുടെ പിതാവിനെ ഉന്നത ഉദ്യോഗസ്ഥരുടെ അന്വേഷണ സംഘമാണെന്ന് പറഞ്ഞാണ് വിളിച്ചത്. മയക്കുമരുന്ന് പിടികൂടിയെന്നും മകൾക്ക് മയക്കുമരുന്ന് സംഘവുമായി ബന്ധമുണ്ടെന്നും പറഞ്ഞു. മകൾക്ക് ഫോൺ കൈമാറിയെങ്കിലും ഞരക്കവും മൂളലും മാത്രമാണ് ഉണ്ടായത്. പോലീസ് സ്റ്റേഷനാണെന്ന് തോന്നിപ്പിക്കാൻ ഇടയ്ക്കിടക്ക് വയലർസ് സെറ്റ് ശബ്ദവും കേൾപ്പിച്ചു.
നിയമപരമായ നടപടിക്രമങ്ങൾ തുടങ്ങിയിട്ടില്ലെന്നും വലിയൊരു തുക തന്നാൽ പെൺകുട്ടിയെ ഒഴിവാക്കാമെന്നും സംഘം പറഞ്ഞു. മറ്റൊന്നും ആലോചിക്കാനോ ആരെങ്കിലുമായി ബന്ധപ്പെടാനോ അനുവദിക്കാതെ പിതാവിനെ സംഘം പിരിമുറുക്കത്തിലാക്കി. ഒടുവിൽ തട്ടിപ്പ് സംഘം പറയുന്ന പണം നൽകി. പിന്നീട് മകളെ വിളിക്കുമ്പോഴാണ് തട്ടിപ്പായിരുന്നുവെന്ന് പിതാവിന് ബോധ്യമായത്.
കേസുമായി ബന്ധപ്പെട്ട് അക്കൗണ്ടുകളിലേക്ക് പണം നിക്ഷേപിക്കാൻ പോലീസോ കോടതിയോ അന്വേഷണ സംഘങ്ങളോ ആവശ്യപ്പെടില്ലെന്നും വീഡിയോ കോൾ വഴി അറസ്റ്റ് ചെയ്യില്ലെന്നും എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേന വ്യക്തമാക്കി.