ന്യൂഡൽഹി: 78-ാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തി. രാജ്ഘട്ടിൽ എത്തി ആദരം അർപ്പിച്ച ശേഷമാണ് പ്രധാനമന്ത്രി ചെങ്കോട്ടയിൽ പതാക ഉയർത്തിയത്.
പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും സഹമന്ത്രിയും ചേർന്നാണ് പ്രധാനമന്ത്രിയെ ചെങ്കോട്ടയിലേക്ക് സ്വീകരിച്ചത്. തുടർന്ന് മൂന്ന് സേനകളും ഡൽഹി പോലീസും ചേർന്ന് അദ്ദേഹത്തിന് ഗാർഡ് ഓഫ് ഓണർ നൽകി.
പിന്നാലെ പ്രധാനമന്ത്രി ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തി. തുടർന്ന് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധനചെയ്തു. സ്വാതന്ത്ര്യസമര സേനാനികളെ അനുസ്മരിച്ച് കൊണ്ടാണ് പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്. നമ്മുടെ കർഷകരും ജവാന്മാരുമാക്കെ രാഷ്ട്ര നിർമാണത്തിലെ പങ്കാളികളാണെന്നും സ്വാതന്ത്ര്യത്തിനായി പോരാടിയവരുടെ പുണ്യ സ്മരണക്ക് മുൻപിൽ ആദരം അര്പ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കൊളോണിയൽ ഭരണത്തിനെതിരെ നീണ്ട പോരാട്ടം രാജ്യം നടത്തി. സ്വാതന്ത്ര്യമെന്ന ഒരേ ഒരു ലക്ഷ്യമേ ആ പോരാട്ടത്തിനുണ്ടായിരുന്നുള്ളൂ. 2047ൽ വികസിത ഭാരതമെന്ന ലക്ഷ്യം കൈവരിച്ചിരിക്കും. അതിനായി നീണ്ട പരിശ്രമം വേണമെന്നും മോദി പറഞ്ഞു.
പ്രകൃതി ദുരന്തങ്ങളിൽ ജീവൻ പൊലിഞ്ഞവരെ വേദനയോടെ സ്മരിക്കുന്നുവെന്നും രാജ്യം അവർക്കൊപ്പം നിൽക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
രാജ്യത്തെ പല സംസ്ഥാനങ്ങളിൽ നിന്നുള്ള ആളുകളാണ് ഇന്നത്തെ ചടങ്ങിൽ പങ്കെടുക്കുക. 6000 പേർക്കാണ് ചടങ്ങിലേക്ക് ക്ഷണമുള്ളത്. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും പ്രധാനമന്ത്രിക്കൊപ്പം ചടങ്ങിൽ പങ്കെടുക്കും.
കർഷകർ, സ്ത്രീകൾ ഗോത്രവിഭാഗത്തിൽ നിന്നുള്ളവരടക്കം വിശിഷ്ടാതിഥികളായി പങ്കെടുക്കും. പാരീസ് ഒളിമ്പിക്സിൽ ഇന്ത്യയെ പ്രതിനിധീകരിച്ച സംഘവും ആഘോഷങ്ങളിൽ പങ്കെടുക്കും.
വികസിത ഭാരതം 2047 എന്നതാണ് ഇത്തവണത്തെ സ്വാതന്ത്ര്യദിന ആഘോഷത്തിന്റെ തീം. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് കനത്ത സുരക്ഷയാണ് ഡൽഹിയിൽ ഒരുക്കിയിരിക്കുന്നത്.
വിഐപികൾക്കും, പ്രധാനമന്ദിരങ്ങൾ, ജനങ്ങൾ കൂടുന്ന സ്ഥലങ്ങൾ എന്നിവിടങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ജമ്മു കാഷ്മീരിൽ തുടർച്ചയായി നടക്കുന്ന ഭീകരാക്രമണങ്ങൾ കൂടി കണക്കിലെടുത്താണ് സ്വാതന്ത്ര്യ ദിനത്തിൽ സുരക്ഷ ശക്തമാക്കിയിരിക്കുന്നത്.