ന്യൂഡൽഹി: കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ മധ്യപ്രദേശിൽനിന്നു രാജ്യസഭയിലേക്കു മത്സരിക്കും.
ലോക്സഭാംഗമായതിനെത്തുടർന്ന് ജ്യോതിരാദിത്യ സിന്ധ്യ ഒഴിഞ്ഞ സീറ്റിലാണു ജോർജ് കുര്യൻ മത്സരിക്കുക. ഇതടക്കം 12 രാജ്യസഭാ സീറ്റുകളിലേക്ക് സെപ്റ്റംബർ മൂന്നിനു തെരഞ്ഞെടുപ്പ് നടക്കും. മധ്യപ്രദേശ് നിയമസഭയിൽ ബിജെപിക്ക് വൻ ഭൂരിപക്ഷമുള്ളതിനാൽ ജോർജ് കുര്യന്റെ വിജയം ഉറപ്പാണ്. 230 അംഗ നിയമസഭയിൽ ബിജെപിക്ക് 163 എംഎൽഎമാരുണ്ട്.
കേന്ദ്രമന്ത്രി രവ്നീത് സിംഗ് ബിട്ടു രാജസ്ഥാനിൽനിന്നു രാജ്യസഭയിലേക്കു ബിജെപി സ്ഥാനാർഥിയായി മത്സരിക്കും. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ രാജ്യസഭാംഗത്വം ഒഴിഞ്ഞതിനെത്തുടർന്നാണു രാജസ്ഥാനിൽ ഉപതെരഞ്ഞെടുപ്പ്. നിയമസഭയിലെ അംഗബലമനുസരിച്ച് ഈ സീറ്റ് ബിജെപിക്ക് വിജയിക്കാനാകും. കോൺഗ്രസിൽനിന്നു രാജിവച്ച രവ്നീത് സിംഗ് ബിട്ടു ലോക്സഭാതെരഞ്ഞെടുപ്പിൽ ബിജെപി ടിക്കറ്റിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു.
ഹരിയാനയിൽ മുൻ കോൺഗ്രസ് നേതാവ് കിരൺ ചൗധരിയാണ് ബിജെപി സ്ഥാനാർഥി. ഇന്നലെ കിരൺ എംഎൽഎസ്ഥാനം രാജിവച്ചു.
മമത മൊഹന്ത (ഒഡീഷ) മനൻകുമാർ മിശ്ര (ബിഹാർ), ധൈര്യശീൽ പാട്ടീൽ(മഹാരാഷ്ട്ര), രാജീബ് ഭട്ടാചാര്യ (ത്രിപുര), മിഷൻ രഞ്ജൻ ദാസ്, രാമേശ്വർ തേലി (ഇരുവരും ആസാം) എന്നീ സ്ഥാനാർഥികളെയും ഇന്നലെ ബിജെപി പ്രഖ്യാപിച്ചു.