അഹമ്മദാബാദ്: അഹമ്മദാബാദ് വിമാനദുരന്തത്തെക്കുറിച്ച് യുഎസ് സർക്കാരിന്റെ നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡ് (എൻടിഎസ്ബി) സമാന്തര അന്വേഷണം തുടങ്ങി.ഇതിനായി വിദഗ്ധസംഘം അപകടസ്ഥലത്തെത്തി.
വിമാനാപകടങ്ങളെക്കുറിച്ച് അന്വേഷിക്കുന്നതിനുള്ള ഇന്ത്യയുടെ ഔദ്യോഗിക ഏജൻസി എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എഎഐബി) ഇതിനകം അന്വേഷണം തുടങ്ങിയിരുന്നു. യുഎസ് നിർമിത വിമാനമെന്ന നിലയിലാണ് എൻടിഎസ്ബിയുടെ സമാന്തര അന്വേഷണം. ബോയിംഗിന്റെയും എയർ ഇന്ത്യയുടെയും വിദഗ്ധർ അന്വേഷണസംഘത്തെ സഹായിക്കും.
അതിനിടെ അപകടസ്ഥലത്തുനിന്ന് കോക്പിറ്റ് വോയിസ് റിക്കാർഡർ കണ്ടെത്തിയതായി എയർ ഇന്ത്യ സ്ഥിരീകരിച്ചു. ഫ്ളൈറ്റ് ഡാറ്റ റിക്കാർഡർ മാത്രമാണ് നേരത്തേ ലഭിച്ചിരുന്നത്. കോക്പിറ്റ് വോയിസ് റിക്കാർഡറും ഫ്ളൈറ്റ് ഡാറ്റ റിക്കാർഡറും ലഭിച്ചതോടെ അപകടകാരണം കൃത്യമായി കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘങ്ങൾ.