കോഴിക്കോട്: വടകര ബാങ്ക് ഓഫ് മഹാരാഷ്ട്ര ബ്രാഞ്ചിലെ 26 കിലോ സ്വർണ തട്ടിപ്പിൽ നിർണായക അറസ്റ്റ്. പ്രതി മുൻ ബാങ്ക് മാനേജർ മധാ ജയകുമാർ പിടിയിലായി.
തെലുങ്കാനയിൽനിന്നാണു പ്രതി പിടിയിലായത്. തെലുങ്കാന പോലീസ് കസ്റ്റഡിയില്‍ എടുത്ത മധാ ജയകുമാറിനെ കേരള പോലീസിനു കൈമാറി. ഞായറാഴ്ച രാത്രിയാണ് ഇയാളെ പിടികൂടിയതെന്നാണു സൂചന. ഇയാള്‍ക്കെതിരേ നാട്ടില്‍ മുന്‍പും സമാന കേസുകള്‍ ഉണ്ടായിരുന്നതായാണ് പോലീസ് നല്കുന്ന വിവരം.
ഇയാളെ വിശദമായി ചോദ്യം ചെയ്താല്‍ മാത്രമേ തട്ടിപ്പിന്റെ വ്യാപ്തി മനസിലാകുകയുള്ളൂ. കേസിൽ ജില്ലാ ക്രൈം ബ്രാഞ്ച് സംഘം ബാങ്ക് ഓഫിസിൽ എത്തി പരിശോധന നടത്തി. ബാങ്ക് രജിസ്റ്ററുകള്‍ അന്വേഷണ സംഘം പരിശോധിച്ചു.
മധാ ജയകുമാറിന്റെ വീഡിയോയിൽ പറയുന്ന സ്വകാര്യ ധന കാര്യസ്ഥാപനത്തെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്. ഇതിലെ ജീവനക്കാരെയും ഉടമസ്ഥരെയും അന്വേഷണസംഘം നേരിട്ടു കാണും.
നടന്നതു വലിയ തട്ടിപ്പാണെന്നാണു ക്രൈം ബ്രാഞ്ചിന്റെ ഇതുവരെയുള്ള അന്വേഷണത്തില്‍നിന്നു വ്യക്തമായിരിക്കുന്നത്. വടകര എടോടിയിലെ ബാങ്ക് ഓഫ് മഹാരാഷ്ട്ര ശാഖയിൽ മാനേജരായിരുന്ന മധാ ജയകുമാര്‍ 42 അക്കൗണ്ടുകളിൽനിന്നായി 26.24 കി.ഗ്രാം സ്വർണമാണു തട്ടിപ്പിലൂടെ കൈക്കലാക്കിയത്.
സ്വര്‍ണത്തിനു പകരം മുക്കുപണ്ടം പണയം വച്ചായിരുന്നു തട്ടിപ്പ്. ഏകദേശം 17 കോടിയുടെ തട്ടിപ്പ് നടന്നതായാണ് ബാങ്ക് അധികൃതര്‍ നല്കിയ വിവരം. തട്ടിപ്പ് പുറത്തറിഞ്ഞ ദിവസംതന്നെ ഒളിവില്‍ പോയ മധാ ജയകുമാര്‍ കഴിഞ്ഞ ദിവസം വീഡിയോ സന്ദേശത്തില്‍, താന്‍ നിരപരാധിയാണെന്നും ബാങ്കിന്റെ സോണൽ മനേജരുടെ നിർദേശപ്രകാരമാണ് സ്വർണം പണയം വച്ചതെന്നും പറഞ്ഞിരുന്നു.
വീഡിയോ സന്ദേശത്തിന്റെ ചുവടു പിടിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി അറസ്റ്റിലായിരിക്കുന്നത്. കോയമ്പത്തൂര്‍ മേട്ടുപ്പാളയം സ്വദേശിയാണ് ജയകുമാര്‍. കാർഷിക വായ്പയുടെ മറവിൽ സ്വകാര്യ ധനകാര്യ സ്ഥാപനവുമായി ചേർന്ന് വൻ തട്ടിപ്പാണു നടന്നതെന്നും ജയകുമാര്‍ വ്യക്തമാക്കിയിരുന്നു.