ഗുരുഗ്രാം: ആളൊഴിഞ്ഞ വീട്ടിൽ നിന്ന് കോടികൾ വിലമതിക്കുന്ന കഞ്ചാവ് കണ്ടെടുത്തു. ഗുരുഗ്രാമിലാണ് സംഭവം.
പട്ടൗഡി പ്രദേശത്തെ നനു ഖുർദ് ഗ്രാമത്തിലെ ആളൊഴിഞ്ഞ വീട്ടിൽ നിന്നാണ് കോടികൾ വിലമതിക്കുന്ന 762.15 കിലോഗ്രാം കഞ്ചാവ് ഗുരുഗ്രാം പോലീസ് കണ്ടെടുത്തത്. രഹസ്യവിവരത്തെ തുടർന്ന് ഇൻസ്പെക്ടർ സന്ദീപ് കുമാറിന്റെ നേതൃത്വത്തിലുള്ള ഡിഎൽഎഫ് ഫേസ് 4 ക്രൈം യൂണിറ്റ് സംഘം തിങ്കളാഴ്ച രാത്രിയാണ് ഖുർദ് ഈ വീട്ടിൽ റെയ്ഡ് നടത്തിയത്.
പോലീസുകാരെത്തിയപ്പോൾ ഈ വീട് പൂട്ടിയിട്ട നിലയിലായിരുന്നു. തുടർന്ന് വീട്ടുടമ ദൗലതാബാദ് കുനി ഗ്രാമത്തിലെ രാം സിംഗുമായി ബന്ധപ്പെട്ടു. വീട്ടിൽ ആൾത്താമസമില്ലെന്ന് ഇയാൾ പോലീസിനെ അറിയിച്ചു. പിന്നീട് മജിസ്ട്രേറ്റിന്റെയും ഗ്രാമ സർപഞ്ചിന്റെയും സാന്നിധ്യത്തിൽ വീടിന്റെ പൂട്ട് തകർത്താണ് അകത്ത് പ്രവേശിച്ചത്.
തിരച്ചിലിൽ പ്ളാസ്റ്റിക് ചാക്കിൽ 762.15 കിലോഗ്രാം കഞ്ചാവ് പോലീസ് സംഘം കണ്ടെത്തി. പിന്നീട്, പട്ടൗഡി പോലീസ് സ്റ്റേഷനിൽ നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് ആക്ട് (എൻഡിപിഎസ്) പ്രകാരം എഫ്ഐആർ ഫയൽ ചെയ്തു.
വിൽപനയ്ക്കായി വീട്ടിൽ കഞ്ചാവ് സൂക്ഷിച്ചവരെ കണ്ടെത്താൻ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഞ്ചാവിന്റെ മൂല്യം കോടിക്കണക്കിന് രൂപയാണെന്ന് അസിസ്റ്റന്റ് പോലീസ് കമ്മീഷണർ (ക്രൈം) വരുൺ ദഹിയ പറഞ്ഞു.