ജറുസലെം: രണ്ടു വർഷത്തിനുശേഷം ഗാസയിൽ സമാധാനത്തിന്റെ നാളുകൾ. ഇന്നലെ ഈജിപ്തിലെ ഷാം എൽ ഷേഖിൽ നടന്ന സമാധാന ഉച്ചകോടിക്കിടെ വെടിനിർത്തൽ കരാറിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒപ്പുവച്ചു.
20 ഇസ്രേലി ബന്ദികളെ ഇന്നലെ ഹമാസ് മോചിപ്പിച്ചു. പകരമായി 1968 പലസ്തീൻ തടവുകാരെ ഇസ്രയേൽ വിട്ടയച്ചു. ഇവർ വെസ്റ്റ് ബാങ്ക് പട്ടണമായ റാമല്ലയിലും ഗാസാ മുനന്പിലും എത്തി. രണ്ടു ഗ്രൂപ്പായാണു പലസ്തീൻ തടവുകാരെ വിട്ടയച്ചത്.
ഏഴു ബന്ദികളെയാണ് ആദ്യം ഹമാസ് മോചിപ്പിച്ചത്. ഏതാനും മണിക്കൂറിനകം 13 പേരെക്കൂടി മോചിപ്പിച്ചു. മോചിതരായവരെല്ലാം പുരുഷന്മാരാണ്. റെഡ്ക്രോസിനാണ് ഇവരെ കൈമാറിയത്. തുടർന്ന് റെഡ്ക്രോസ് സംഘം ഇവരെ ഇസ്രേലി സൈന്യത്തിനു കൈമാറി. മോചിതരായ ഇസ്രേലികൾ വൈദ്യപരിശോധനയ്ക്കുശേഷം വീടുകളിലെത്തി.
ആനന്ദാശ്രുക്കളോടെയാണ് ബന്ധുക്കൾ ഇവരെ സ്വീകരിച്ചത്. ഹമാസിന്റെ കസ്റ്റഡിയിലിരിക്കേ കൊല്ലപ്പെട്ട 28 ബന്ദികളിൽ നാലു പേരുടെ മൃതദേഹങ്ങൾ ഉടൻ കൈമാറും. മറ്റു മൃതദേഹങ്ങൾ എപ്പോൾ കൈമാറുമെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. ഭക്ഷ്യവസ്തുക്കൾ ഉൾപ്പെടെയുള്ള അവശ്യസാധനങ്ങളുമായി ട്രക്കുകൾ ഉടൻ ഗാസയിലെത്തും.
സമാധാന ഉച്ചകോടിക്ക് ട്രംപും ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദെൽ ഫത്താ അൽ സിസിയുമാണ് അധ്യക്ഷത വഹിച്ചത്. ബ്രിട്ടീഷ് പ്രധാനമന്ത്രി കീയർ സ്റ്റാർമർ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി, സ്പാനിഷ് പ്രധാനമന്ത്രി പെദ്രോ സാഞ്ചസ് തുടങ്ങിയ ലോകനേതാക്കൾ ഉച്ചകോടിയിൽ പങ്കെടുത്തു. ഉച്ചകോടിയിൽ പങ്കെടുക്കാൻ അവസാന നിമിഷം ലഭിച്ച ക്ഷണം ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നിരസിച്ചു.
ഇന്നലെ ബന്ദിമോചനത്തിനു പിന്നാലെ ഇസ്രയേൽ പാർലമെന്റിനെ അഭിസംബോധന ചെയ്യാനെത്തിയ ഡോണൾഡ് ട്രംപിനെ എഴുന്നേറ്റു നിന്ന് കൈയടികളോടെയാണ് അംഗങ്ങൾ സ്വീകരിച്ചത്. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനൊപ്പമാണ് ട്രംപ് എത്തിയത്. യുദ്ധം അവസാനിച്ചതായി ട്രംപ് ഇസ്രയേൽ പാർലമെന്റിൽ പ്രഖ്യാപിച്ചു.
ബന്ദിമോചനത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാഗതം ചെയ്തു. മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സത്യസന്ധമായ ശ്രമങ്ങളെ ഇന്ത്യ പിന്തുണയ്ക്കുന്നുവെന്ന് മോദി പറഞ്ഞു.
2023 ഒക്ടോബർ ഏഴിന് ഹമാസ് ഭീകരർ ഇസ്രയേലിൽ നടത്തിയ ആക്രമണത്തെത്തുടർന്നാണ് സംഘർഷം ആരംഭിച്ചത്. ഹമാസ് ആക്രമണത്തിൽ 1,200 ഇസ്രേലികളാണ് കൊല്ലപ്പെട്ടത്.
അനുബന്ധ വാർത്തകൾ
ടെഹ്റാൻ: ഹനിയയെ വധിച്ചതിൽ ഇസ്രയേൽ ദുഃഖിക്കേണ്ടിവരുമെന്ന് ഇറാനിലെ പുതിയ പ്രസിഡന്റ് മസൂദ് പസെഷ്കിയാൻ. ഇറാന്റെ അഖണ്ഡതയും അഭിമാനവും സംരക്ഷിക്കും. ഹനിയയുടെ മരണത്തിൽ പ്രതികാരം ചെയ്യേണ്ടത് ഇറാന്റെ കടമയാണെന്നു പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനെയ് […]
ടെൽ അവീവ്: ഇസ്രേലി ജനത ഒന്നടങ്കം കാത്തിരുന്ന നിമിഷങ്ങളാണ് ഇന്നലെ യാഥാർഥ്യമായത്. 738 ദിവസങ്ങൾ പലസ്തീൻ ഭീകരരുടെ കസ്റ്റഡിയിൽ ദുരിതയാതനകൾ ഏറ്റുവാങ്ങി ജീവൻ നിലനിർത്തിയ 20 ബന്ദികൾ ഇന്നലെ മോചിതരായി പ്രിയപ്പെട്ട കുടുംബാംഗങ്ങളുമായും ബന്ധുക്കളുമായും […]
ജറുസലേം: ഗോലാൻ കുന്നുകളിൽ ലബനലിലെ ഹിസ്ബുള്ളയുടെ റോക്കറ്റാക്രമണം. അമ്പതിലേറെ റോക്കറ്റുകളാണ് ഇസ്രയേൽ കൈവശംവച്ചിരിക്കുന്ന ഗോലാൻ കുന്നുകളിൽ പതിച്ചത്.നിരവധി വീടുകൾക്കു കേടുപാടുകൾ സംഭവിച്ചതായാണ് റിപ്പോർട്ട്. ഒരുവീടിനു തീപിടിച്ചു. ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. ഗാസ വെടിനിർത്തൽ […]