തൃശൂർ: സിപിഎമ്മിലെ അസംതൃപ്തരെ ബിജെപിയിലേക്ക് അടുപ്പിക്കാൻ നീക്കങ്ങൾ സജീവമാകുന്നു. തൃശൂരിലെ സിപിഎം പ്രവർത്തകരുമായി ബിജെപി നേതൃത്വം ഉടൻ ചർച്ച നടത്തുമെന്നാണ് സൂചന. കണ്ണൂരിൽ കയ്യൂർ, കരിവള്ളൂർ, തില്ലങ്കേരി, പാറപ്രം എന്നിവിടങ്ങളിലെ സിപിഎം പ്രവർത്തകരുമായി ബിജെപി നേതാക്കൾ നേരിട്ടു ചർച്ച നടത്തിയതായും റിപ്പോർട്ടുകളുണ്ട്.
തദ്ദേശഭരണ തെരഞ്ഞെടുപ്പിനു മുമ്പ് തങ്ങളുടെ ശക്തി വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ബിജെപി കരുക്കൾ നീക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വൻതോതിൽ വോട്ടുകൂടിയ പശ്ചാത്തലത്തിൽ തൃശൂരിൽ പാർട്ടി അവലംബിച്ച പ്രവർത്തനരീതി സംസ്ഥാനത്തൊട്ടാകെ വ്യാപിപ്പിക്കാനാണ് ശ്രമം.
അതിന്റെ ഭാഗമായാണ് സിപിഎമ്മിലെയും മറ്റു പാർട്ടികളിലേയും അസംതൃപ്തരെ കൂടെ നിർത്താനുള്ള ബിജെപിയുടെ നീക്കം. വർഷങ്ങളായി വിശ്വസിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന പാർട്ടിയെയും പ്രസ്ഥാനത്തെയും ആശയങ്ങളെയും ഉപേക്ഷിച്ച് ബിജെപിയിലേക്ക് ആളുകളെ കൊണ്ടുവരിക എളുപ്പമുള്ള ദൗത്യമല്ലെങ്കിലും ഇപ്പോൾത്തന്നെ പണികൾ തുടങ്ങിയിരിക്കുകയാണ് ബിജെപി.
കണ്ണൂരിലെന്ന പോലെ തൃശൂരിലും സിപിഎമ്മിൽ അസംതൃപ്തരുണ്ടെന്നാണ് ബിജെപി കരുതുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥി സുരേഷ്ഗോപിയുടെ വൻ ഭൂരിപക്ഷം നൽകുന്ന സൂചന അതാണെന്നും ആ വോട്ടുകൾ ഇനിയങ്ങോട്ടും ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ കളത്തിലിറങ്ങി അവരെ കൂടെ നിർത്താനാണു ശ്രമം.
സംസ്ഥാനത്തൊട്ടാകെ ഇതര പാർട്ടികളിലെ അസംതൃപ്തരെ തങ്ങൾക്കൊപ്പം ചേർത്തുനിർത്താനുള്ള വലിയ മിഷനാണ് കണ്ണൂരിൽ ബിജെപി തുടക്കം കുറിച്ചിരിക്കുന്നത്.