തിരുവനന്തപുരം: നടൻ മധുവിന് ഇന്ന് 91-ാം പിറന്നാൾ. കൊടുമുടി പോലെ ഇന്നും ഉയർന്ന് നിൽക്കുന്ന കഥാപാത്രങ്ങൾ, അതേ ഉറപ്പോടെ, കരുത്തോടെ അചഞ്ചലനായി തല ഉയർത്തി നിൽക്കുന്ന വ്യക്തിത്വം. ഇങ്ങനെയൊക്കെ വിശേഷിപ്പിക്കാം പി. മാധവൻ നായർ എന്ന മലയാളത്തിന്റെ സ്വന്തം മധുവിനെ.
ഇന്ന് തൊണ്ണൂറ്റി ഒന്നാം വയസിന്റെ നിറവിലും സിനിമയോടും വായനയോടുമുള്ള അഭിനിവേശം കുറഞ്ഞിട്ടില്ല. രാത്രി വളരെ വൈകി ഉറങ്ങുന്ന ശീലമാണ് അന്നും ഇന്നും. രാത്രികാലങ്ങളിൽ പഴയ സിനിമകളും പുതിയ സിനിമകളും കാണും. മാധ്യമ പ്രവർത്തകരുൾപ്പെടെയുള്ള സുഹൃത്തുക്കൾ പല സായാഹ്നങ്ങളിലും എത്താറുണ്ട്. അവർക്കൊപ്പമുള്ള സിനിമാ ചർച്ചകൾ, അനുഭവ കൈമാറലുകൾ… അങ്ങനെ തിരുവനന്തപുരം നഗരത്തിലെ കണ്ണമ്മൂലയിലുള്ള ശിവഭവൻ എന്നും മധുരാർദ്രം.
ആഘോഷപൂർവം പിറന്നാളുകൾ കൊണ്ടാടുന്ന പതിവില്ല. കന്നിമാസത്തിലെ ചോതി നക്ഷത്രത്തിൽ ജനിച്ച മഹാനടന്റെ നക്ഷത്ര പ്രകാരമുള്ള പിറന്നാൾ വരുന്നത് ഒക്ടോബർ അഞ്ചിനാണ്. പതിവു പോലെ അന്നു പായസം ഒക്കെ ഉൾപ്പെടുന്ന സദ്യ ഉണ്ടാകും.