നിങ്ങളുടെ ഉടമസ്ഥതയിലുള്ള വസ്തു വഖഫാക്കുന്നതും പിന്നീട് ലോകാവസാനം വരെ വഖഫ് സ്വത്താക്കി മാറ്റുന്നതും എങ്ങനെയെന്ന് വിശദമാക്കാം.
ഘട്ടം ഒന്ന്
ഒരു വസ്തു വഖഫായി മാറ്റപ്പെടുന്നതാണ് ആദ്യഘട്ടത്തിൽ നടക്കുന്നത്. ഇന്ത്യയിൽ വസ്തുക്കളെ വഖഫായി മാറ്റുന്നത് മൂന്നു മാർഗങ്ങളിലൂടെയാണ്:
(1) വാക്കാലുള്ള പ്രഖ്യാപനത്തിലൂടെയും രേഖാമൂലം എഴുതി നൽകുന്നതിലൂടെ.
(2) ഒരു വസ്തു മുസ്ലിം മതചടങ്ങുകൾക്കായോ അതുമായി ബന്ധപ്പെട്ട കാരുണ്യ പ്രവർത്തനങ്ങൾക്കായോ ദീർഘകാലം ഉപയോഗിക്കുന്നതിലൂടെ. ഒരു കാലത്ത് നടന്ന അത്തരം പ്രവർത്തനങ്ങൾക്ക് ഭംഗം വന്നാലും വസ്തു വഖഫായി തുടരും.
(3) സ്വകാര്യ വഖഫുകളുടെ ഗുണഭോക്താക്കളായ അനന്തരാവകാശികൾ ഇല്ലാതെ വരുന്നതിലൂടെ അത് പൊതു വഖഫ് ആയി മാറുന്നു.
ഘട്ടം രണ്ട്
വഖഫ് ചെയ്യപ്പെടുന്ന വസ്തു വഖഫ് നിയമത്തിന്റെ 40-ാം വകുപ്പുപ്രകാരം വഖഫ് സ്വത്തായി മാറ്റപ്പെടുകയും അതിനുശേഷം വഖഫ് ബോർഡിന്റെ ആസ്തി രജിസ്റ്ററിൽ ചേർക്കപ്പെടുകയും ചെയ്യുന്ന പ്രവർത്തനങ്ങളാണ് രണ്ടാം ഘട്ടത്തിൽ നടക്കുന്നത്.
ഒരു വസ്തു വഖഫിന്റേതാണെന്നു വിശ്വസിക്കാൻ തക്ക കാരണങ്ങൾ വഖഫ് ബോർഡിന് ഉണ്ടെങ്കിൽ അത് എന്നെന്നേക്കുമായി വഖഫ് സ്വത്തായി മാറ്റപ്പെടുന്നു. തുടർന്ന് വഖഫ് ബോർഡിന്റെ ആസ്തി രജിസ്റ്ററിൽ ചേർക്കപ്പെടുന്നു.
ഘട്ടം മൂന്ന്
മൂന്നാം ഘട്ടത്തിൽ, വസ്തുക്കളെ വഖഫ് സ്വത്തായി മാറ്റുന്ന വഖഫ് ബോർഡിന്റെ നടപടികൾക്കു വിഘാതമായി നിൽക്കുന്ന രാജ്യത്തിന്റെ വിവിധ സംവിധാനങ്ങളുടെ (നിലവിലുള്ള നിയമങ്ങൾ, നീതിന്യായ സംവിധാനങ്ങൾ, ഭരണഘടന) വ്യവസ്ഥകളിൽനിന്നു വഖഫ് ബോർഡിന്റെ നടപടികൾക്ക് പരിപൂർണ പരിരക്ഷ ഉറപ്പുവരുത്തുന്നു. അവ ഓരോന്നായി നോക്കാം:
1. നിലവിലുള്ള നിയമങ്ങളിൽനിന്നുള്ള പരിരക്ഷ
(എ) 1860ലെ ഇന്ത്യൻ സൊസൈറ്റീസ് ആക്ടിൽനിന്നുള്ള പരിരക്ഷ
സൊസൈറ്റി ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത ഒരു സൊസൈറ്റിയുടെ ഉടമസ്ഥതയിലുള്ള വസ്തു ഉപയോഗിക്കുന്നതിനും കൈമാറ്റം ചെയ്യുന്നതിനും സൊസൈറ്റി ആക്ടിൽ പറയുന്ന നിബന്ധനകൾ എന്തുമായിക്കൊള്ളട്ടെ, അതൊന്നും പ്രസ്തുത വസ്തുവിനെ വഖഫ് സ്വത്താക്കി മാറ്റുന്നതിന് തടസമായിരിക്കുകയില്ല.
(ബി) 1882ലെ ഇന്ത്യൻ ട്രസ്റ്റ് ആക്ടിൽനിന്നുള്ള പരിരക്ഷ
ട്രസ്റ്റ് ആക്ടിലെ നിബന്ധനകൾക്കൊന്നും ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള വസ്തു വഖഫ് സ്വത്താക്കി മാറ്റുന്നതിന് തടസമാകില്ല.
(സി) 1963ലെ ലിമിറ്റേഷൻ നിയമത്തിലെ 65-ാം വകുപ്പിൽ നിന്നുള്ള പരിരക്ഷ
ലിമിറ്റേഷൻ നിയമത്തിന്റെ 65-ാം വകുപ്പ് പ്രകാരം ഒരാൾക്ക് മറ്റൊരാളിന്റെ കൈവശമിരിക്കുന്ന ഒരു വസ്തുവിൽ ഉടമസ്ഥാവകാശമുണ്ടെന്ന പരാതിയുള്ള പക്ഷം ആ വസ്തു അന്യാധീനപ്പെട്ട ദിവസം മുതൽ 12 വർഷത്തിനകം ആവശ്യമായ നിയമനടപടികൾ സ്വീകരിക്കേണ്ടതാണ്.
എന്നാൽ, വഖഫ് ബോർഡിന് ഒരു വസ്തുവിൽ അവകാശവാദമുന്നയിക്കുന്നതിന് ഈ നിയമം ബാധകമല്ല. സമയപരിധി ഇല്ലാതെ വഖഫ് ബോർഡിന് ഏതു വസ്തുവിലും അവകാശവാദം ഉന്നയിക്കാം.
1500 വർഷം മുമ്പ് (വഖഫ് അനുഷ്ഠാനം ശിപാർശ ചെയ്യുന്ന മതം ഭൂമിയിൽ ഉണ്ടാകുന്നതിനു മുമ്പ്) ചോള രാജാക്കന്മാരുടെ കാലത്ത് നിർമിച്ച തിരുച്ചെന്തുറൈ ഗ്രാമത്തിലെ ക്ഷേത്രവും മുഴുവൻ ഗ്രാമവും വഖഫ് സ്വത്താക്കി മാറ്റപ്പെട്ടത് വഖഫ് വത്കരണ നടപടികൾക്ക്, മേൽപ്പറഞ്ഞ ലിമിറ്റേഷൻ നിയമത്തിൽനിന്നു പരിരക്ഷയുള്ളതുകൊണ്ടു മാത്രമാണ്.
2. രാജ്യത്തെ നീതിന്യായ വ്യവസ്ഥയിൽനിന്നുള്ള പരിരക്ഷ
ഒരു വസ്തു വഖഫ് സ്വത്താക്കപ്പെടുമ്പോൾ യഥാർഥ ഉടമയ്ക്ക് തർക്കമുണ്ടെങ്കിൽ നീതിന്യായ കോടതികളെ സമീപിക്കാൻ സാധിക്കില്ല. മറിച്ച്, വഖഫ് ബോർഡിന്റെ ട്രൈബ്യൂണലിനെയാണ് അദ്ദേഹം സമീപിക്കേണ്ടത്. അവിടെ തെളിവു നൽകേണ്ട ബാധ്യത വഖഫ് നിയമത്തിന്റെ 83-ാം വകുപ്പ് പ്രകാരം, വഖഫ് ബോർഡിനല്ല മറിച്ച് ഉടമസ്ഥനാണ്. ട്രൈബ്യൂണലിൽ അദ്ദേഹം ഹാജരാക്കേണ്ടത് തന്റെ ന്യായമായ റവന്യു രേഖകളല്ല, മറിച്ച് തന്റേത് വഖഫ് ഭൂമിയല്ല എന്നതിനുള്ള രേഖകളാണ്. സ്വത്ത് കൈവശപ്പെടുത്തിയ വഖഫ് ബോർഡിന് യാതൊരു രേഖകളും കാണിക്കേണ്ടതുമില്ല.
window.bsrvtag=window.bsrvtag || {cmd: []};
window.bsrvtag.cmd.push(function(adObj) {
adObj.AdSlot(‘bsrv-7536’);
adObj.Meta(‘/bsrvptr476/bsrvplr555/bsrvadu7536/BSRV-AD-deepika.com-Direct-FOC-STDB-1×1’);
adObj.CacheBuster(‘%%CACHEBUSTER%%’);
adObj.UserConsent(‘0’);
adObj.Domain(‘Deepika.com’);
adObj.ClickUrl(‘%%CLICK_URL_UNESC%%’);
adObj.ViewURL(‘%%VIEW_URL_UNESC%%’);
adObj.Execute();
});
ഒരു ജില്ലാ ജഡ്ജിയും ഒരു അഡീഷണൽ ജില്ലാ മജിസ്ട്രേറ്റും കൂടാതെ ഒരു മുസ്ലിം മതപണ്ഡിതനും ഉൾപ്പെടുന്ന ട്രൈബ്യൂണൽ തീർപ്പാക്കുന്ന വിധി അന്തിമമായിരിക്കും. ആ വിധിക്കെതിരേ അപ്പീൽ നൽകാൻ സാധ്യമല്ല.
3. രാജ്യത്തിന്റെ ഭരണഘടന പൗരന്മാർക്ക് ഉറപ്പുനൽകുന്ന സ്വത്തവകാശത്തെ മറികടക്കുന്ന വഖഫ് നിയമത്തിന്റെ പരിരക്ഷ
1978ൽ നടന്ന 44-ാം ഭരണഘടനാ ഭേദഗതിയിലൂടെ വസ്തുവിന്മേലുള്ള പൗരന്റെ അവകാശം മൗലികാവകാശം എന്നതിൽനിന്ന് ഭരണഘടനാപരമായ അവകാശമായി മാറ്റപ്പെട്ടിട്ടുണ്ട്. ഭരണഘടനയുടെ 300 (എ) അനുശാസിക്കുന്നതു പ്രകാരം ഒരു വ്യക്തിയുടെ വസ്തുവിന്മേലുള്ള അവകാശം ആ വ്യക്തിയുടെ സമ്മതം കൂടാതെ മറ്റൊരു വ്യക്തിക്ക് സ്വന്തമാക്കണമെങ്കിൽ നിയമപരമായ കോടതി വ്യവഹാരത്തിലൂടെ അനുകൂല വിധി സമ്പാദിച്ചാൽ മാത്രമേ സാധിക്കുകയുള്ളൂ.
എന്നാൽ, വ്യക്തിയുടെ (ഉടമസ്ഥൻ) സ്വത്ത് വഖഫ് ബോർഡിന് കൈവശപ്പെടുത്തുന്നതിന് ഉടമസ്ഥന്റെ രേഖാമൂലമുള്ള സമ്മതവും കോടതിയുടെ അനുമതിയും ആവശ്യമില്ല. വഖഫ് ട്രൈബ്യൂണൽ അന്തിമമായി തീരുമാനിച്ചാൽ മതി!
ഘട്ടം നാല്
ഒരിക്കൽ വഖഫ്വത്കരിക്കപ്പെട്ട വസ്തുക്കളുടെ വില്പന, കൈയേറ്റം, അന്യാധീനപ്പെടുത്തൽ എന്നിവയിൽനിന്നെല്ലാം പരിപൂർണ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നു.
വഖഫ് നിയമത്തിന്റെ 52-ാം വകുപ്പ് വഖഫ് സ്വത്തിലുള്ള കൈയേറ്റം ഒഴിപ്പിക്കാൻ വ്യവസ്ഥ ചെയ്യുന്നു. കൂടാതെ, വഖഫ് ബോർഡിന്റെ സ്വത്തുക്കൾ അറിഞ്ഞോ അറിയാതെയോ കൈവശം വയ്ക്കുന്നവർക്കും വിൽക്കുന്നവർക്കും എതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കാനും വ്യവസ്ഥ ചെയ്യുന്നു. കൈയേറ്റക്കാർക്ക് രണ്ടു വർഷം വരെ കഠിനതടവ് അനുഭവിക്കേണ്ടിവരും.
കൈയേറ്റമാണോയെന്ന് ആക്ടിലെ വകുപ്പുകൾ പ്രകാരം അന്തിമമായി വഖഫ് ട്രൈബ്യൂണൽ തീരുമാനിച്ച ശേഷമായിരിക്കും കേസെടുക്കുക എന്നതിനാൽ ഒരാൾക്ക് അത്തരം കേസുകൾ കോടതിയിൽ പ്രതിരോധിക്കാനും സാധിക്കില്ല.
മുനമ്പത്തുള്ള 610 ആധാരങ്ങളുടെ കൈവശക്കാർക്കെതിരേ വഖഫ് നിയമത്തിന്റെ 52-ാം വകുപ്പ് പ്രകാരം നടപടികൾ ആരംഭിച്ചു എന്നാണ് വഖഫ് ബോർഡിന്റെ പോർട്ടലിലെ റിപ്പോർട്ട് കാർഡിൽ രേഖപ്പെടുത്തിയിട്ടുള്ളത്. വഖഫ് ട്രൈബ്യൂണലിനു മുന്നിൽ അപ്പീൽ പരിഗണനയിലായതിനാലും ഇപ്പോൾ രാജ്യത്ത് നിലനിൽക്കുന്ന രാഷ്ട്രീയ സാഹചര്യം കണക്കിലെടുത്തും വഖഫ് ബോർഡ് തുടർനടപടികളിലേക്കു പോകുന്നില്ല എന്നു മാത്രം.
കേന്ദ്രഭരണം വഖഫ് നിയമത്തിന് അനുകൂല തീവ്രനിലപാട് സ്വീകരിച്ചാലുള്ള മുനന്പത്തുകാരുടെ സ്ഥിതി ഒന്നു സങ്കല്പിച്ചു നോക്കുന്നതുതന്നെ ഉൾക്കിടിലമുണ്ടാക്കും.
ഒരു പൊതുസ്വത്ത് എങ്ങനെ വഖഫ് സ്വത്തായി മാറുന്നു എന്നതിന് ഒരു ഉദാഹരണംകൂടി പറയാം. കാലങ്ങളായി വർഷംതോറും ഈദ് ഗാഹ് പ്രാർഥന സംഘടിപ്പിക്കപ്പെടാറുള്ള തിരുവനന്തപുരത്തുള്ള ഒരു പൊതു മൈതാനം ഒരു വ്യക്തിയുടെ ശ്രദ്ധയിൽ വന്നു എന്നു കരുതുക. ആ വ്യക്തി തനിക്ക് ഓർമവച്ച നാൾ മുതൽതന്നെ വർഷം തോറും പ്രാർഥനാനുഷ്ഠാനം നടക്കുന്ന പ്രസ്തുത മൈതാനം വഖഫ് ഭൂമിയാണെന്നു വിശ്വസിക്കുന്നു.
തന്റെ രണ്ട് സുഹൃത്തുക്കളെ ഇക്കാര്യം പറഞ്ഞ് ബോധ്യപ്പെടുത്തുന്നു. അവരെ വഖഫ് ബോർഡിനു മുമ്പാകെ സാക്ഷികളായി ഹാജരാക്കുന്നു. ശേഷം, വളരെ കാലം മുമ്പുതന്നെ ഒരാൾ ആ മൈതാനം വാക്കാലുള്ള വഖഫ് ചെയ്തിരുന്നു എന്നോ അതല്ലെങ്കിൽ കാലങ്ങളായി പ്രാർഥനാനുഷ്ഠാനം നടക്കുന്നതിനാൽ ഉപയോഗത്തിലൂടെ അത് വഖഫായി മാറിയെന്നോ അവകാശപ്പെടുന്നു. തുടർന്ന്, വഖഫ് ബോർഡ് നടത്തുന്ന പരിശോധനയിൽ ഇക്കാര്യം വിശ്വസിക്കത്തക്കതാണെന്നു ബോധ്യപ്പെടുന്നു. തിരുവനന്തപുരത്തെ ആ മൈതാനം ലോകാവസാനം വരെ വഖഫിന്റെതായി മാറുവാൻ ഇത്രയും മതി.
തൊട്ടടുത്ത് ആരാധനാലയമുണ്ടായിട്ടും കോളജുകളിലും സ്കൂളുകളിലും ക്രിസ്ത്യൻ ദേവാലയങ്ങളിലും പ്രാർഥന നടത്താൻ സ്ഥലം ചോദിക്കുന്ന പുത്തൻ പ്രവണതകളെ ‘ഉപയോഗത്തിലൂടെ വഖഫാക്കുന്ന’ മാർഗത്തിന്റെ വെളിച്ചത്തിൽ ജാഗ്രതയോടെ കാണേണ്ടതുണ്ട്.
ഡോ. സി.ആർ. കൃഷ്ണൻ