കൽപ്പറ്റ: ജില്ലയിൽ കാലവർഷക്കെടുതിയുടെ ഭാഗമായി 91 ദുരിതാശ്വാസ ക്യാന്പുകൾ ആരംഭിച്ചു. 2981 കുടുംബങ്ങളിലെ 9977 പേരെ വിവിധ ക്യാന്പുകളിലായി മാറ്റിതാമസിപ്പിച്ചിട്ടുണ്ട്. ചൂരൽമല ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ആരംഭിച്ച 10 ക്യാന്പുകളും ദുരന്ത മേഖലയിൽ നിന്നും ഒഴിപ്പിച്ചവരെ താമസിപ്പിച്ച ഏഴ് ക്യാന്പുകളും ഉൾപ്പെടെയാണിത്.
ക്യാമ്പുകളിൽ 3675 പുരുഷൻമാരും 4040 സ്ത്രീകളും 2262 കുട്ടികളുമാണ് ഉള്ളത്. മേപ്പാടി ഗവ ഹയർസെക്കൻഡറി സ്കൂൾ, കോട്ടനാട് ഗവ. സ്കൂൾ, മേപ്പാടി സെന്റ് ജോസഫ്സ് യുപി സ്കൂൾ, നെല്ലിമുണ്ട അന്പലം ഹാൾ, കാപ്പുംക്കൊല്ലി ആരോമ ഇൻ, മേപ്പാടി മൗണ്ട് ടാബോർ സ്കൂൾ, മേപ്പാടി സെന്റ് ജോസഫ്സ് ഗേൾസ് ഹൈസ്കൂൾ, തൃക്കൈപ്പറ്റ ഗവ ഹൈസ്കൂൾ, തൃക്കൈപ്പറ്റ സെന്റ് തോമസ് പള്ളി, മേപ്പാടി ജിഎൽപി സ്കൂൾ, റിപ്പണ്‍ ഹയർസെക്കൻഡറി സ്കൂൾ, റിപ്പണ്‍ ഹയർസെക്കൻഡറി സ്കൂൾ(പുതിയ കെട്ടിടം), അരപ്പറ്റ സിഎംഎസ് ഹൈസ്കൂൾ, ചുണ്ടേൽ ആർസിഎൽപി സ്കൂൾ, കൽപ്പറ്റ എസ്ഡിഎംഎൽപി സ്കൂൾ, കൽപ്പറ്റ ഡിപോൾ സ്കൂൾ, മുട്ടിൽ ഡബ്ല്യുഎംഒ കോളജ് എന്നിവടങ്ങളിലെ 17 ക്യാന്പുകളിലാണ് മേപ്പാടി പ്രകൃതി ദുരന്ത മേഖലയിൽ നിന്നും മാറ്റിയ ആളുകളെ താമസിപ്പിക്കുന്നത്.