കൊടകര: മുനമ്പം പ്രദേശത്തെ ജനങ്ങളുടെ നീതിക്കുവേണ്ടിയുള്ള നിലവിളിക്കു ശാശ്വതപരിഹാരംകാണാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അടിയന്തര നടപടി സ്വീകരിക്കണമെന്ന് തൃശൂർ, ഇരിങ്ങാലക്കുട, പാലക്കാട്, രാമനാഥപുരം രൂപതകളുടെ സംയുക്ത കൂരിയ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
കൊടകര സഹൃദയ കോളജിൽ ചേർന്ന നാലു രൂപതകളുടെ മെത്രാന്മാരും കൂരിയാംഗങ്ങളുമടങ്ങുന്ന പ്രവിശ്യ സമ്മേളനത്തിലാണു മുനമ്പം തീരദേശവാസികൾ നടത്തിവരുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുള്ള പ്രമേയം പാസാക്കിയത്.
മുനമ്പത്തും മറ്റു പലസ്ഥലങ്ങളിലും നീതിരഹിതമായി സ്ഥലത്തിന്റെ അവകാശവാദം ഉന്നയിച്ചുകൊണ്ട് വഖഫ് ബോർഡ് തുടങ്ങിവച്ചിട്ടുള്ള നടപടികൾ നിർത്തിവയ്ക്കണമെന്നും, നീതിപൂർവകമായ പരിഹാരനടപടികൾ സർക്കാരുകളും ബന്ധപ്പെട്ടവരും സ്വീകരിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
ഭരണഘടനയ്ക്കും കോടതികൾക്കും അതീതമായ അധികാരം വഖഫ് ബോർഡിനു നല്കുന്ന വ്യവസ്ഥകൾ വഖഫ് നിയമത്തിലുണ്ടെങ്കിൽ അവ മുൻകാല പ്രാബല്യത്തോടെ നീതിപൂർവകമായി ഭേദഗതിചെയ്യണമെന്നും യോഗത്തിൽ ആവശ്യമുയർന്നു.
മുനമ്പം സമരത്തോടനുബന്ധിച്ചു മന്ത്രി വി. അബ്ദുറഹ് മാൻ കേരളത്തിലെ മെത്രാന്മാരെയും വൈദികരെയും വർഗീയപ്രചാരകരായി ചിത്രീകരിച്ചതിൽ യോഗം പ്രതിഷേധം രേഖപ്പെടുത്തി.
കേരളത്തിലെ ക്രൈസ്തവസഭയും സഭാനേതാക്കളും ഒരുകാലത്തും വർഗീയതയെ പ്രോൽസാഹിപ്പിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ മെത്രാന്മാരെയും വൈദികരെയും അവഹേളിച്ച മന്ത്രി അബ്ദുറഹ് മാൻ ക്രൈസ്തവസമൂഹത്തോടു നിരുപാധികം മാപ്പുപറയണമെന്നും പ്രമേയത്തിൽ ആവശ്യപ്പെട്ടു.
മണിപ്പുരിൽ മാസങ്ങളായി തുടരുന്ന അക്രമങ്ങളിലും ക്രൈസ്തവർക്കും ക്രൈസ്തവ ആരാധനാലയങ്ങൾക്കും നേരേ നടക്കുന്ന ആക്രമണങ്ങളിലും സമ്മേളനം ദുഃഖവും ആശങ്കയും പ്രകടിപ്പിച്ചു.
അവിടെ വിവിധ ജനവിഭാഗങ്ങൾ തമ്മിലുള്ള സൗഹൃദം വീണ്ടെടുക്കാനും സമാധാനന്തരീക്ഷം പുനഃസ്ഥാപിക്കാനും കേന്ദ്രസർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും പ്രമേയത്തിൽ ആവശ്യപ്പെട്ടു.