എം. ജയതിലകന്‍
കോഴിക്കോട്: മുനമ്പത്തെ ഭൂമി വഖഫ് ഭൂമിയല്ലെന്നും പൂര്‍ണ ക്രയവിക്രയ അധികാരത്തേടെയുള്ള ഭൂമിയാണെന്നും വഖഫ് ട്രൈബ്യൂണലിൽ വ്യക്തമാക്കി ഫറൂഖ് കോളജ്. ഫറൂഖ് കോളജിന്റെ രണ്ട് അപ്പീലുകളാണു ട്രൈബ്യൂണലിനു മുമ്പാകെയുള്ളത്.
മുനമ്പത്തെ ഭൂമി വഖഫ് സ്വത്താണെന്നും വഖഫില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും അന്യാധീനപ്പെട്ടിട്ടുണ്ടെങ്കില്‍ തിരിച്ചുപിടിക്കണമെന്നും കാണിച്ച് സംസ്ഥാന വഖഫ് ബോര്‍ഡ് 2019 മേയ് 19ന് പുറപ്പെടുവിച്ച ഉത്തരവിനെതിരേയുള്ളതാണ് ഒരു അപ്പീല്‍ (ഒഎ 7/2023).
ഈ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ മുനമ്പത്തെ ഭൂമി 2022-ല്‍ വഖഫ് രജിസ്റ്ററില്‍ പെടുത്തിയതിനെ ചോദ്യം ചെയ്തുള്ളതാണ് രണ്ടാമത്തെ അപ്പീല്‍ (ഒഎ 38/23). 2115/ 1950 നമ്പര്‍ ആധാരപ്രകാരമാണ് മുഹമ്മദ് സിദ്ദിഖ് സേട്ട് 1950ല്‍ ഫറൂഖ് കോളജിനു 404.76 ഭൂമി നല്‍കിയത്.
വഖഫ് ആധാരം എന്ന് തലക്കെട്ടില്‍ പറയുന്നുണ്ടെങ്കിലും പൂര്‍ണ ക്രയവിക്രയ അധികാരമുണ്ടെന്ന് ഇതില്‍ പിന്നീട് വ്യക്തമാക്കുന്നതായി ഫറൂഖ് കോളജ് ചൂണ്ടിക്കാട്ടുന്നു. ഏതെങ്കിലും കാരണവശാല്‍ ഫറൂഖ് കോളജ് ഇല്ലാതെ വരികയോ വസ്തുവില്‍ എന്തെങ്കിലും അവശേഷിക്കുകയോ ചെയ്താല്‍ തനിക്കോ സന്താനങ്ങള്‍ക്കോ തിരിച്ചുകിട്ടണമെന്ന് ആധാരത്തില്‍ മുഹമ്മദ് സിദ്ദിഖ് സേട്ട് പറഞ്ഞിട്ടുണ്ട്.
ഒരു വസ്തു വഖഫ് ചെയ്താല്‍ ദൈവത്തിനു സമര്‍പ്പിച്ചതാണെന്നും അതു തിരിച്ചുപിടിക്കാന്‍ പാടില്ലെന്നുമാണു വ്യവസ്ഥ. ക്രയവിക്രയ അധികാരം നല്‍കുകയും സ്വത്തു തിരിച്ചുകിട്ടണമെന്ന വ്യവസ്ഥ ഉള്‍പ്പെടുത്തുകയും ചെയ്തതിനാല്‍ മുനമ്പത്തെ ഭൂമി ദാനമായി മാത്രമേ കണക്കാക്കാന്‍ പറ്റുകയുള്ളൂ എന്ന നിലപാടാണ് ട്രൈബ്യൂണല്‍ മുമ്പാകെ ഫാറൂഖ് കോളജ് സ്വീകരിച്ചിട്ടുള്ളത്.
ആധാരത്തില്‍ പറഞ്ഞ പ്രകാരം മുനമ്പത്തെ ഭൂമി വില്പന നടത്തിയിട്ടുണ്ട്. മറ്റാളുകള്‍ക്ക് ആധാരം രജിസ്റ്റര്‍ ചെയ്തു നല്‍കിയിട്ടുണ്ട്. പ്രതിഫലം വാങ്ങുകയും ചെയ്തിട്ടുണ്ട്. ഇക്കാര്യം വി.എസ്. അച്യുതാനന്ദന് മുഖ്യമന്ത്രിയായിരിക്കേ നിയോഗിച്ച എം.എ. നിസാര്‍ കമ്മീഷനുമുമ്പാകെയും ഫറൂഖ് കോളജ് പറഞ്ഞിരുന്നു. എന്നാല്‍, അതൊന്നും പരിഗണിക്കാതെ നിസാര്‍ കമ്മീഷന് മുനമ്പം ഭൂമി വഖഫില്‍ ഉള്‍പ്പെടുത്തി സര്‍ക്കാരിനു റിപ്പോര്‍ട്ട് സമര്‍പ്പിച്ചുവെന്നാണു ഫറൂഖ് കോളജ് പറയുന്നത്.
ഫറൂഖ് കോളജ് മുനമ്പത്തെ ഭൂമി അന്യാധീനപ്പെടുത്തിയതായി മുഹമ്മദ് സിദ്ദിഖ് സേട്ടിന്റെ മക്കള്‍ നിസാര്‍ കമ്മീഷന് മുമ്പാകെ ഹര്‍ജി നല്‍കിയിരുന്നു. 2008ല്‍ കമ്മീഷന് കോളജിനു നോട്ടീസ് അയയ്ക്കുകയും ചെയ്തു. വഖഫ് തീരുമാനിക്കാന്‍ നിസാര്‍ കമ്മീഷനു അധികാരമില്ലെന്നു കമ്മീഷന് മുമ്പാകെ ഹാജരായ ഫറൂഖ് കോളജ് വാദിച്ചിരുന്നു.
കമ്മീഷന്റെ അധികാരം ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ റിട്ട് സമര്‍പ്പിക്കുകയും ചെയ്തു. നിസാര്‍ കമ്മീഷനോട് വഖഫ് വിഷയത്തില്‍ തീരുമാനമെടുക്കുന്നതിനുമുമ്പ് അധികാരം ഉണ്ടോ ഇല്ലയോ എന്ന് പരിശോധിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.
എന്നാല്‍, ഇക്കാര്യം പരിശോധിക്കാതെ കമ്മീഷന് ഏകപക്ഷീയമായി മുനമ്പം ഭൂമി വഖഫ് സ്വത്താണെന്നു കാണിച്ച് റിപ്പോര്‍ട്ട് നല്‍കിയതായി ഫറൂഖ് കോളജ് ചൂണ്ടിക്കാട്ടുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വഖഫ് ബോര്‍ഡ് നടപടി ആരംഭിച്ചത്.
വഖഫ് ബോര്‍ഡ് ഈ വിഷയം പരിഗണിച്ചപ്പോള്‍ മുനമ്പം ഭൂമി വഖഫ് അല്ല എന്ന നിലപാടാണ് ഫറൂഖ് കോളജ് സ്വീകരിച്ചത്. പറവൂര്‍ കോടതിയിലെ കേസിന്റെ രേഖകള്‍ അടക്കം എല്ലാം ബോര്‍ഡ് മുമ്പാകെ ഹാരാക്കിയിരുന്നു.
അതിനുശേഷമാണ് മുനമ്പം ഭൂമി വഖഫാണെന്നു കാണിച്ച് ബോര്‍ഡ് ഉത്തരവിറക്കിയത്. ഈ ഉത്തരവാണ് ഫറൂഖ് കോളജ് ചോദ്യംചെയ്തിട്ടുള്ളത്. ക്രയവിക്രയ സ്വാതന്ത്ര്യം ആധാരത്തില്‍ നല്കിയ സാഹചര്യത്തില്‍ മുനമ്പത്തേത് വഖഫ് അല്ലെന്നും ദാനംതന്നെയാണെന്നുമുള്ള നിലപാടില്‍ ഫറൂഖ് കോളജ് ഉറച്ചുനില്‍ക്കുകയാണ്.