കൊച്ചി: മുനമ്പം സമരത്തിന് ഐക്യദാർഢ്യവുമായി സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ. നിരാഹാര സമരപ്പന്തലിലെത്തിയ അദ്ദേഹം ഐക്യദാർഢ്യം പ്രഖ്യാപിച്ചു. സമരം ചെയ്യുന്നവർ ഒറ്റയ്ക്കല്ലെന്നും സമരത്തിൽ ഏതറ്റം വരെ പോകേണ്ടി വന്നാലും സിറോ മലബാർ സഭ ഒപ്പമുണ്ടാകുമെന്നും മേജർ ആർച്ച് ബിഷപ്പ് പറഞ്ഞു.
സത്യാഗ്രഹമെന്ന വലിയ സമരമുറ ഉപയോഗിച്ച് അവസാനത്തെയാളും മരിച്ചുവീഴും വരെ പോരാടും. ഇക്കാര്യത്തിൽ രാഷ്ട്രീയ കക്ഷികളെ വിശ്വസിക്കാനാകുമെന്ന് തോന്നുന്നില്ല. മുനമ്പത്തെ പ്രശ്നം രാഷ്ട്രീയപാർട്ടികൾക്ക് പ്രശ്നമായി തോന്നുന്നത് അടുത്ത തെരഞ്ഞെടുപ്പ് കാലത്താകും. ഓർക്കേണ്ട കാര്യങ്ങൾ ഓർത്ത് കണക്കു ചോദിക്കാൻ ജനങ്ങൾക്ക് വിവേകമുണ്ടാകണം.
ബാലറ്റ് പേപ്പർ കിട്ടുമ്പോൾ എല്ലാത്തവണയും വോട്ടു ചെയ്ത് പരിചയമുള്ളവർക്ക് വോട്ടുചെയ്യണമെന്ന് ഇത്തവണ നിർബന്ധം പിടിക്കരുത്. മറിച്ചു ചെയ്യാനും ഞങ്ങൾക്കറിയാമെന്ന് നിങ്ങൾ തെളിയിക്കണം. ആയിരം കേന്ദ്രങ്ങളിൽ ഞായറാഴ്ച കത്തോലിക്ക കോൺഗ്രസിന്റെ നേതൃത്വത്തിൽ മുനമ്പം സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുള്ള പ്രതിജ്ഞ ചൊല്ലൽ നടത്തും.
ക്രൈസ്തവ പുരോഹിതർ വർഗീയത പറയുന്നു എന്ന വഖഫ് മന്ത്രിയുടെ പരാമർശത്തിനും മേജർ ആർച്ച് ബിഷപ്പ് മറുപടി നൽകി. മന്ത്രി പറയുന്നത് കേട്ട് ഈ ളോഹ ഊരി മാറ്റാൻ കഴിയുമോയെന്നും ഞാൻ നിൽക്കുന്ന ആശയങ്ങൾ മാറ്റുമെന്ന് കരുതുന്നുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.
ഞങ്ങൾ സമരക്കാരുടെ ഇടയന്മാരാണ്. ജനങ്ങളുടെ കൂടെ നിൽക്കുന്നില്ലെങ്കിൽ ഒറ്റുകാരാകും. ളോഹ ഊരിമാറ്റി ഖദർ ഷർട്ട് ഇട്ട് സമര പന്തലിൽ വന്ന് നിൽക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.