മുനന്പം: മുനന്പം ജനതയുടെ ന്യായമായ ആവശ്യങ്ങൾ പരിഹരിക്കാൻ സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് കോട്ടയം ആർച്ച്ബിഷപ് മാർ മാത്യു മൂലക്കാട്ട്.
മുനന്പം സമരപ്പന്തലിലെത്തി സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അതിരൂപത പ്രൊക്യുറേറ്റർ ഫാ. ഏബ്രഹാം പറമ്പേട്ട്, ഫാ. മാത്യു മണക്കാട്ട് എന്നിവരും ഒപ്പമുണ്ടായിരുന്നു.
ഭൂമിയുടെ റവന്യു അവകാശങ്ങൾക്കായി മുനന്പം നിവാസികൾ നടത്തുന്ന അനിശ്ചിതകാല റിലേ നിരാഹാര സമരത്തിന് പിന്തുണയറിയിച്ചു കൂടുതൽ പേർ ഇന്നലെ മുനന്പത്തെത്തി.
എറണാകുളം മഹല്ല് കമ്മിറ്റിയിൽനിന്ന് ഇമാം ഫൈസൽ അസ് ഹരി, മുൻ എംഎൽഎ അഹമ്മദ് കബീർ, പാഷനിസ്റ്റ് സഭയുടെ ഇന്ത്യയിലെ വൈസ് പ്രൊവിൻഷ്യൽ ഫാ. പോൾ ചെറുകോടത്ത്, ഫാ. സി.പി. അജേഷ്, കത്തോലിക്ക കോൺഗ്രസ് എറണാകുളം-അങ്കമാലി അതിരൂപത ഡയറക്ടർ ഫാ. ആന്റണി പുതിയാപറന്പിൽ, ഫാ. ആന്റണി കുഴുവേലി, ചെട്ടികാട് തീർഥാടന കേന്ദ്രം റെക്ടർ റവ. ഡോ. ബെന്നി വാടക്കൂട്ടത്തിൽ, വൈസ് റെക്ടർ ഫാ. അജയ് പുത്തൻപറമ്പിൽ, ഡോ. കൊച്ചുറാണി ജോസഫ് തുടങ്ങിയവർ എത്തി. സമരത്തിന്റെ 28-ാം ദിനത്തിൽ ജോസഫ് ബെന്നി, ആന്റണി ലൂയിസ്, ആൻസി അനിൽ , മാനുവൽ ഔസേപ്പ് എന്നിവർ നിരാഹാരമനുഷ്ഠിച്ചു.