വാഷിംഗ്ടൺ: ഇതുവരെ തങ്ങൾ അഭയം നൽകുകയും സംരക്ഷിക്കുകയും കൈയയച്ചു സഹായിക്കുകയും ചെയ്ത ഹമാസ് നേതാക്കളെ അവസാനം ഖത്തർ പുറത്താക്കുന്നു. ഹമാസ് നേതാക്കളോട് രാജ്യം വിടാൻ ഖത്തർ ആവശ്യപ്പെട്ടതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അമേരിക്കൻ സമ്മർദത്തിനു പിന്നാലെയാണു ഖത്തറിന്റെ നയം മാറ്റം.
ഗാസയിലെ യുദ്ധം അവസാനിപ്പിക്കാൻ ഇസ്രയേലുമായും ഹമാസുമായും ഇനി മധ്യസ്ഥ ചർച്ചയ്ക്കില്ലെന്നും ഖത്തർ വ്യക്തമാക്കി. സദുദ്ദേശത്തോടെയുള്ള ഒരു കരാർ ചർച്ച ചെയ്യാൻ വിസമ്മതിക്കുന്നിടത്തോളം തങ്ങൾക്ക് ഇനി മധ്യസ്ഥത വഹിക്കാൻ താത്പര്യമില്ലെന്നു ഖത്തർ സർക്കാർ ഇസ്രയേലിനെയും ഹമാസ് നേതാക്കളെയും അറിയിച്ചു.
അമേരിക്കൻ തെരഞ്ഞെടുപ്പിനുമുന്പ് ബന്ദി കൈമാറ്റവും അതുവഴി വെടിനിർത്തലും സാധ്യമാക്കി ഹമാസ്-ഇസ്രയേൽ യുദ്ധത്തിന് അറുതിവരുത്താൻ പ്രസിഡന്റ് ജോ ബൈഡൻ ആഗ്രഹിച്ചിരുന്നു. എന്നാൽ, ഏറ്റവുമൊടുവിൽ കഴിഞ്ഞമാസം രണ്ടാംവാരം നടന്ന ചർച്ചകളിലും ഹമാസ് ഹ്രസ്വകാല വെടിനിർത്തൽ പദ്ധതി തള്ളിയതോടെ കടുത്ത നടപടി സ്വീകരിക്കാൻ അമേരിക്ക തീരുമാനിക്കുകയായിരുന്നു.
ബന്ദിമോചന നിർദേശം തുടർച്ചയായി തള്ളുന്ന നിലപാടും അമേരിക്കൻ-ഇസ്രേലി പൗരൻ ഹെർഷ ഗൊൾഡ്ബെർഗ് പോളിനടക്കം അഞ്ചു ബന്ദികളെ കഴിഞ്ഞ ഓഗസ്റ്റ് അവസാനം കൊലപ്പെടുത്തിയ നടപടിയും കടുത്ത നടപടിക്ക് അമേരിക്കയെ പ്രേരിപ്പിച്ചു.
അതേസമയം, ഹമാസ് നേതാക്കളെ എപ്പോൾ പുറത്താക്കുമെന്നും എവിടേക്കാണു പോകാൻ നിർദേശിക്കുകയെന്നും സംബന്ധിച്ചുള്ള വിശദാംശങ്ങൾ തയാറായിക്കൊണ്ടിരിക്കുകയാണെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങൾ അറിയിച്ചു.
ഖത്തർ പുറത്താക്കുന്നപക്ഷം തുർക്കി, ഇറാൻ, ഒമാൻ, അൾജീരിയ തുടങ്ങിയ ഏതെങ്കിലുമൊരു രാജ്യത്തേക്കായിരിക്കും ഹമാസ് നേതാക്കൾ പോകുകയെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. സിറിയൻ ആഭ്യന്തരയുദ്ധത്തിനു പിന്നാലെ 2012 മുതൽ ഭീകരപ്രസ്ഥാനമായ ഹമാസിന്റെ രാഷ്ട്രീയകാര്യങ്ങൾ കൈകാര്യം ചെയ്യുന്ന ഓഫീസ് പ്രവർത്തിക്കുന്നത് ഖത്തർ തലസ്ഥാനമായ ദോഹയിലാണ്.
ദോഹയിൽ ഹമാസ് നേതാക്കൾ ആഡംബരജീവിതം നയിക്കുകയാണെന്നും ഓരോ മാസവും ഗാസയിലെ പാവപ്പെട്ട ജനങ്ങളുടെ ക്ഷേമത്തിനായി ഖത്തർ നൽകുന്ന വൻ തുക ജനങ്ങൾക്കായി ഉപയോഗിക്കാതെ ഹമാസ് നേതാക്കൾ ദുരുപയോഗിക്കുകയാണെന്നുമുള്ള റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു.
അതേസമയം, രാജ്യത്തുനിന്ന് പുറത്താക്കാൻ ഖത്തർ ഭരണകൂടം തീരുമാനിച്ചതായുള്ള വാർത്തകൾ അടിസ്ഥാനരഹിതവും സമ്മർദതന്ത്രവുമാണെന്ന് മുതിർന്ന ഹമാസ് നേതാവ് പറഞ്ഞു.
ഖത്തറിലെ ഹമാസ് സാന്നിധ്യം സ്വീകാര്യമല്ലെന്ന് അമേരിക്ക
അവശേഷിക്കുന്ന 101 ബന്ദികളെ മോചിപ്പിക്കാൻ ആവർത്തിച്ചുള്ള നിർദേശങ്ങൾ നിരസിച്ച ഹമാസ് നേതാക്കളെ ഒരു അമേരിക്കൻ പങ്കാളിയുടെയും തലസ്ഥാനങ്ങളിലേക്ക് ഇനി സ്വാഗതം ചെയ്യേണ്ടതില്ലെന്നാണ് നിലപാടെന്ന് മുതിർന്ന അമേരിക്കൻ ഉദ്യോഗസ്ഥൻ പ്രതികരിച്ചു. മറ്റൊരു ബന്ദിമോചന നിർദേശം ആഴ്ചകൾക്കുമുന്പ് ഹമാസ് നിരസിച്ചതിനെത്തുടർന്നാണു തങ്ങൾ ഖത്തറിനോട് നിലപാട് അറിയിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ഖത്തറിലുള്ള ഹമാസ് നേതാക്കളുടെ അക്കൗണ്ടും വസ്തുവകകളും മരവിപ്പിക്കണമെന്നും ഹമാസിനു നൽകുന്ന ആതിഥേയത്വം അവസാനിപ്പിക്കാൻ ഖത്തറിനോട് ആവശ്യപ്പെടണമെന്നും ചൂണ്ടിക്കാട്ടി 14 റിപ്പബ്ലിക്കൻ യുഎസ് സെനറ്റർമാർ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന് കത്തും നൽകിയിരുന്നു.
ഇതോടെ ഖത്തറിലെ ഹമാസിന്റെ സാന്നിധ്യം ഇനി സ്വീകാര്യമല്ലെന്നും ഹമാസ് നേതാക്കൾ അവിടെ തുടരുന്നത് ബന്ധം വഷളാക്കുമെന്നും അമേരിക്ക ഖത്തറിനെ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഖത്തർ നയം വ്യക്തമാക്കിയത്.