കയ്റോ: ഗാസയിൽ വിതരണം ചെയ്യാൻ കൊണ്ടുവന്ന 109 ലോറി ഭക്ഷണവസ്തുക്കൾ കൊള്ളയടിക്കപ്പെട്ടു. ശനിയാഴ്ചയായിരുന്നു സംഭവം. തെക്കൻ ഗാസയിൽ ഇസ്രേലി നിയന്ത്രണത്തിലുള്ള കെറം ഷാലോം അതിർത്തി വഴി വന്ന ലോറികളെ മുഖംമൂടി ധരിച്ചവരാണ് ആക്രമിച്ചത്.
ഗ്രനേഡ് എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷം തോക്കിൻമുനയിൽ കൊള്ളയടിക്കുകയായിരുന്നു. 97 ലോറികൾ നഷ്ടപ്പെട്ടതായി ഐക്യരാഷ്ട്രസഭയുടെ പലസ്തീൻ സഹായ ഏജൻസി അറിയിച്ചു.
സന്പൂർണ അരാജകത്വം വിളയാടുന്ന ഗാസയിൽ സഹായവിതരണം അസാധ്യമാണെന്ന് ഏജൻസി മേധാവി ഫിലിപ്പെ ലാസറീനി പറഞ്ഞു.
ഇതിനിടെ, ലോറി കൊള്ളയടിച്ച സംഘത്തിലെ ഇരുപതിലധികം പേരെ ഓപ്പറേഷനിൽ വധിച്ചതായി ഹമാസിന്റെ ആഭ്യന്തര മന്ത്രാലയം അവകാശപ്പെട്ടു.