വത്തിക്കാൻ: ഗാസയിൽ ഇസ്രേലി സൈനികനടപടിയിലെ മരണങ്ങൾ വംശഹത്യയാണോയെന്നു രാജ്യാന്തരസമൂഹം പരിശോധിക്കണമെന്ന് ഫ്രാൻസിസ് മാർപാപ്പ നിർദേശിച്ചു.
2025 മഹാജൂബിലിയോടനുബന്ധിച്ച് പ്രസിദ്ധീകരിക്കുന്ന മാർപാപ്പയുടെ അഭിമുഖങ്ങളടങ്ങിയ പുസ്തകത്തിലാണ് ഈ ആവശ്യമുള്ളത്.
മനുഷ്യന്റെ അന്തസിനെ മാനിക്കേണ്ടതിന്റെ പ്രാധാന്യം പുസ്തകത്തിൽ മാർപാപ്പ അടിവരയിടുന്നു.
“ ചില വിദഗ്ധരുടെ അഭിപ്രായത്തിൽ ഗാസയിൽ നടക്കുന്ന സംഭവങ്ങൾക്ക് വംശഹത്യയുടെ ലക്ഷണങ്ങളുണ്ട്. നിയമജ്ഞരും അന്തർദേശീയ സ്ഥാപനങ്ങളും രൂപപ്പെടുത്തിയ സാങ്കേതിക നിർവചനവുമായി ഇതു യോജിക്കുന്നുണ്ടോയെന്ന് നിർണയിക്കാൻ ശ്രദ്ധാപൂർവം അന്വേഷിക്കണം ”-മാർപാപ്പ പറയുന്നു.
യുദ്ധ അഭയാർഥികളെ സ്വീകരിക്കുന്ന രാജ്യങ്ങളെക്കുറിച്ച് പരാമർശിക്കവേ ജോർദാൻ, ലബനൻ പോലുള്ള രാജ്യങ്ങളെ മാർപാപ്പ അഭിനന്ദിച്ചു. ഈ രാജ്യങ്ങളിലെ തുറന്ന വാതിലുകൾ സംഘർഷങ്ങളിൽനിന്നു പലായനം ചെയ്യുന്ന ദശലക്ഷക്കണക്കിന് ആളുകൾക്ക് രക്ഷയായി ഭവിക്കുന്നുവെന്ന് മാർപാപ്പ ചൂണ്ടിക്കാട്ടുന്നു.
പത്രപ്രവർത്തകനായ ഹെർനാൻ റെയെസ് ആൽകെയ്ഡിന്റെ സഹായത്തോടെ എഴുതിയ പുസ്തകം ഇന്ന് ഇറ്റലി, സ്പെയിൻ, ലാറ്റിനമേരിക്ക എന്നിവിടങ്ങളിൽ ലഭ്യമാകും. വരുംദിവസങ്ങളിൽ മറ്റു രാജ്യങ്ങളിലും ലഭ്യമാകും.